Hivision Channel

hivision

ഇസ്ലാമത വിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ നാളുകള്‍

മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം.ഇസ്ലാമത വിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ നാളുകള്‍. രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകളാണ് ഇനി.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും.

ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

ഇരിട്ടി: റംസാന്‍ മാസ വ്രതാരംഭത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ചെടിക്കുളം യൂണിറ്റ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ചെടിക്കുളം മഹല്ല് ഖത്തീബ് ശാമില്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികളായ കാദര്‍ ഹാജി, എന്‍ കാദര്‍കുട്ടി, മൂസ സഅദി, സാജര്‍ സഖാഫി, യഹൂബ് കാപ്പാടന്‍, പി.യഹ്യ, പി. ശിഹാബ്, പി.റഷീദ് എന്നിവര്‍ സംസാരിച്ചു.110 വീടുകളിലാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.

തണ്ണീര്‍പ്പന്തല്‍ ഒരുക്കി

ഇരിട്ടി: പുന്നാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഇരിട്ടി പഴയ ബസ്റ്റാന്‍ഡ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി. വേനല്‍ കടുത്തതോടെ ടൗണില്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുന്നാട് സര്‍വീസ് സഹകരണ ബാങ്ക് ഇത്തരത്തില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കിയിട്ടുള്ളത്.

വിവാഹ രജിസ്ട്രേഷന് വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ശുപാര്‍ശ നല്‍കിയതായി വനിത കമ്മീഷന്‍

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കണമെന്ന് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയതായി വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പുതുതായി വിവാഹം കഴിക്കുന്ന ചിലര്‍ക്കിടയില്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഇത്തരം നിരവധി പരാതികളാണ് കമ്മീഷന്റെ മുന്നിലെത്തുന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് സമ്മാനമായി നല്‍കുന്ന സ്വര്‍ണത്തിന് രേഖകള്‍ ഉണ്ടായിരിക്കുന്നത് പിന്നീട് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സഹായകമാകും. തെളിവ് ഹാജരാക്കാന്‍ കഴിയാത്തതുമൂലം പല കേസുകളും നീണ്ടു പോകുന്നു. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകണം. സതീദേവി പറഞ്ഞു.
അദാലത്തിലെത്തിയ 59 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. ഏഴ് കേസുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. 40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്റെ പരിധിയില്‍ വരാത്ത പരാതികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനും തീരുമാനിച്ചു. വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷക പാനലിലെ അഡ്വ. ഷിമി, അഡ്വ. പത്മജ, കൗണ്‍സലര്‍ മാനസ ബാബു എന്നിവര്‍ പങ്കെടുത്തു.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം; പരിശീലനം നല്‍കി

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനവുമായി ബന്ധപെട്ട് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങള്‍ക്കും കില പരിശീലനം നല്‍കി. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കില ഫാക്കല്‍ട്ടി ശിവ പ്രസാദ്, ജനകീയസൂത്രണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി വി രത്നാകരന്‍, ആര്‍ ജി എസ് എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ശ്രുതി എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 30 ന് ജില്ലയില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിക്കാനും ജൂണ്‍ അഞ്ചിനകം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. പരിശീലന പരിപാടിക്ക് കണ്ണൂര്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഇ രാഘവന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.

കൊവിഡ് കേസുകളില്‍ വര്‍ധന; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നേരിയ വര്‍ദ്ധന. കൊവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം. ആശുപത്രികളിലെത്തുന്നവരും പ്രായമായവരും രോഗികളും ഗര്‍ഭിണികളും അടക്കം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ആശുപത്രി സജ്ജീകരണങ്ങള്‍ അടക്കം ശക്തിപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ചൊവ്വാഴ്ച 172 കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം ഏഴാം തീയതി 79 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലകളില്‍ നിരീക്ഷണം ശക്തിപ്പെടുത്താന്‍ ആരോഗ്യ മന്ത്രി വിളിച്ച അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം.

ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണം. പുതിയ വകഭേദമുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 1026. ഇതില്‍ 111 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

തൃശൂര്‍ ജില്ലയുടെ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു

തൃശൂര്‍ ജില്ലയുടെ 46-ാമത്തെ കളക്ടറായി വി ആര്‍ കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു. രാവിലെ 9.30ന് കളക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്.

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 2016-17ല്‍ തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായിരുന്ന കൃഷ്ണ തേജ, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജില്ലയിലെ ജനങ്ങള്‍ക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ചാര്‍ജെടുത്ത ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. നേരത്തേ തൃശൂരില്‍ അസിസ്റ്റന്റ് കളക്ടറായുള്ള പരിചയം ജില്ലാ കളക്ടറെന്ന നിലയില്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജഡ്ജി റാങ്കിലുളള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചു

ജില്ലാ ജഡ്ജി റാങ്കിലുളള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചു. ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് റജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വിന്‍സെന്റ, കൊല്ലം ജില്ലാ ജഡ്ജി എം.ബി സ്‌നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസര്‍ഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡിഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്. മൂന്ന് അഭിഭാഷകരുടെ പേരുകളും കൊളീജിയത്തിന്റെ പരിഗണനയിലുണ്ട്.

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോന്‍ എന്നിവരെ നിയമിച്ചു.

ഖരമാലിന്യ സംസ്‌കരണത്തിനായി തങ്ങളുടെ ജില്ലകളിലെ സൗകര്യങ്ങള്‍, അവയുടെ പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ചട്ടം നടപ്പാക്കി കളക്ടര്‍മാര്‍ നല്‍കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി വഴി ഹൈക്കോടതി പരിശോധിക്കും.

പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്ന സ്ഥലങ്ങളിലെ ജലസാംപിള്‍ എടുത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡും, കളക്ടറും പരിശോധിക്കണംമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഏപ്രില്‍ മൂന്നിന് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

പേരാവൂര്‍ -അമ്പായത്തോട് റോഡ് നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ പേരാവൂര്‍ -അമ്പായത്തോട് പൊതുമരാമത്ത് റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഓവര്‍ലെ ചെയ്തു നവീകരിക്കുന്നതിനു 5 േകാടി രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. എയര്‍പോര്‍ട്ട് റോഡ് പണി കാലതാമസം വരുന്നതിനാല്‍ താത്കാലികമായി റോഡ് നവികരിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ അമ്പായത്തോട് – പാല്‍ചുരം റോഡ് ഗതാഗത യോഗ്യമാകാന്‍ ഇന്റര്‍ലോക്ക് ഉള്‍പ്പടെ ചെയ്തു താത്കാലികമായി നവീകരിക്കുന്നതിനു 85ലക്ഷം രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എം എല്‍ എ അറിയിച്ചു. പ്രസ്തുത റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 35 കോടി രൂപ അനുവദിച്ചിരുന്ന പ്രവര്‍ത്തിക്ക് കാലതാമസം വരുന്നതിനാല്‍ താത്കാലികമായി റോഡ് നവികരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.