Hivision Channel

കയറ്റുമതിക്ക് മുമ്പ് മൂല്യവര്‍ധനവ് സുപ്രധാനം

വിദേശ രാജ്യങ്ങളിലേക്കുള്‍പ്പെടെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് മുമ്പായി സംരംഭകര്‍ അവരവരുടെ ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവ് നടത്തേണ്ടത് സുപ്രധാനമാണെന്ന് കാര്‍ഷിക, വ്യവസായ, ഭക്ഷ്യമേഖലകളിലെ ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യതകളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് ഇന്‍വെസ്റ്റേഴ്സ് ഹെല്‍പ് ഡെസ്‌ക് നടത്തിയ ശില്‍പശാല വ്യക്തമാക്കി. വിദേശ വിപണിയിലേക്ക് അയക്കുന്ന ഉത്പന്നങ്ങള്‍ അവരുടെ അഭിരുചിക്കനുസരിച്ച് വേണം മൂല്യവര്‍ധനവ് നടത്താനെന്ന് വിഷയം അവതരിപ്പിച്ച ജില്ലാ വ്യവസായ കേന്ദ്രം റിട്ട. ജനറല്‍ മാനേജര്‍ സി. രാജന്‍ പറഞ്ഞു. കേരളത്തിലെ കാപ്പി കുടകിലെ കയറ്റുമതിക്കാര്‍ വാങ്ങി മൂല്യവര്‍ധനവ് നടത്തി വില്‍ക്കുകയാണ്. അത് നമുക്കും ചെയ്യാവുന്നതാണ്. തുടക്കക്കാര്‍ക്ക് സ്വന്തമായി ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ ലാഭകരവും സുരക്ഷിതവും ഉത്പന്നങ്ങള്‍ സംഭരിച്ച് മൂല്യവര്‍ധനവ് നടത്തി കയറ്റുമതി ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സംരംഭകര്‍ക്ക് കയറ്റുമതി നടത്താനാവശ്യമായ പരമാവധി സഹായം ജില്ലാ പഞ്ചായത്ത് ചെയ്യുമെന്നും അതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ യു പി ശോഭ അധ്യക്ഷയായി. കയറ്റുമതി, ഇറക്കുമതി: നിയമങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയം ഫോറിന്‍ ട്രേഡ് കണ്‍സള്‍ട്ടന്റ് മുഹമ്മദ് സിദ്ദീഖ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സെക്രട്ടറി എ വി അബ്ദുല്ലത്തീഫ് , ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ (ഡി പി) പി വി രവീന്ദ്രകുമാര്‍, കണ്ണൂര്‍ എല്‍ഡിഎം ടി എം രാജ് കുമാര്‍ , എഡിഐഒ (ഡിപി) കെ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *