Hivision Channel

വിവാഹ രജിസ്ട്രേഷന് വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ശുപാര്‍ശ നല്‍കിയതായി വനിത കമ്മീഷന്‍

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കണമെന്ന് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയതായി വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പുതുതായി വിവാഹം കഴിക്കുന്ന ചിലര്‍ക്കിടയില്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഇത്തരം നിരവധി പരാതികളാണ് കമ്മീഷന്റെ മുന്നിലെത്തുന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് സമ്മാനമായി നല്‍കുന്ന സ്വര്‍ണത്തിന് രേഖകള്‍ ഉണ്ടായിരിക്കുന്നത് പിന്നീട് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സഹായകമാകും. തെളിവ് ഹാജരാക്കാന്‍ കഴിയാത്തതുമൂലം പല കേസുകളും നീണ്ടു പോകുന്നു. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകണം. സതീദേവി പറഞ്ഞു.
അദാലത്തിലെത്തിയ 59 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. ഏഴ് കേസുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. 40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്റെ പരിധിയില്‍ വരാത്ത പരാതികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനും തീരുമാനിച്ചു. വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷക പാനലിലെ അഡ്വ. ഷിമി, അഡ്വ. പത്മജ, കൗണ്‍സലര്‍ മാനസ ബാബു എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *