Hivision Channel

കോവിഡ് സിഎഫ്എല്‍ടിസികളിലെ സാമഗ്രികള്‍ ഗവ. ആശുപത്രികള്‍ക്ക് കൈമാറും

കോവിഡ് കാലത്തെ സിഎഫ്എല്‍ടിസികളിലെ സാമഗ്രികള്‍ ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ അവ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ആവശ്യമുള്ള ഗവ. ആശുപത്രികള്‍ക്ക് കൈമാറാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കെ പി മോഹനന്‍ എംഎല്‍എയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വെച്ചത്. ഉപയോഗിക്കാതെ കിടക്കുന്ന ബെഡുകള്‍, ഫര്‍ണിച്ചര്‍, ഫ്രിഡ്ജുകള്‍ തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന പിഎച്ച്സി/സിഎച്ച്സികള്‍ക്കോ താലൂക്ക് ആശുപത്രികള്‍ക്കോ കൈമാറണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും തോട് നികത്തല്‍, കൈയേറ്റം എന്നിവ ഒഴിപ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രീമണ്‍സൂണ്‍ റോഡ് പ്രവൃത്തികള്‍ വരുന്നയാഴ്ച നടത്തുമെന്ന് പൊതുമരാമത്ത് (റോഡുകള്‍) വിഭാഗം അറിയിച്ചു. പഞ്ചായത്ത് റോഡുകളിലും പ്രവൃത്തി നടത്തും. തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഒഴിവുകള്‍ നികത്താന്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മറ്റ് നടപടികള്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ ആരംഭിക്കാന്‍ റെയില്‍വേ അനുമതി ലഭിച്ചു. ധാരണാപത്രം റെയില്‍വേ അംഗീകരിക്കുന്ന മുറയ്ക്ക് തുറന്നുപ്രവര്‍ത്തിക്കും.
എടക്കാട് പിഎച്ച്സി ഡയാലിസിസ് യൂനിറ്റിലേക്ക് ഒരു ഡയാലിസിസ് ടെക്നീഷ്യന്‍, ഒരു സ്റ്റാഫ് നഴ്സ് എന്നിവരുടെ നിയമന ഉത്തരവ് നല്‍കി. മരുന്നും മറ്റും വാങ്ങാന്‍ നടപടി സ്വീകരിക്കും. കെട്ടിടത്തിലെ അറ്റകുറ്റ പ്രവൃത്തി പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ യൂനിറ്റ് തുറക്കും.
നബാര്‍ഡ് സ്‌കീമില്‍ നടപ്പിലാക്കുന്ന വളയഞ്ചാല്‍ പാലം, ആറളം ഫാം പാലം, ഓടന്തോട് പാലം എന്നിവ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും. പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
ചപ്പാരപ്പടവ് കൂവേരി വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി ലൈന്‍ മാറ്റാനാവശ്യമായ ഫണ്ട് ജില്ലാ കലക്ടര്‍ മുഖേന അനുവദിച്ചു. ലൈന്‍ മാറ്റി കെട്ടിടം ഉടന്‍ തുറന്നുകൊടുക്കും.
ജില്ലയില്‍ ഐടിഡിപി മുഖേന പട്ടികവര്‍ഗ മേഖലയിലെ പ്രവൃത്തികള്‍ ബ്ലോക്ക് തലത്തില്‍ ജില്ലാ കലക്ടര്‍ വിലയിരുത്തും. കോളനികളുടെ ആവശ്യങ്ങള്‍ അസി. കലക്ടര്‍ ക്രോഡീകരിച്ചിട്ടുണ്ട്.
മാഹി പാലത്തിന്റെ അറ്റകുറ്റപണികള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി മെയ് 15ന് സ്ഥലം പൊതുമാരമത്ത് ദേശീയപാത വിഭാഗം സന്ദര്‍ശിച്ചിട്ടുണ്ട്. പാലത്തിന്റെ സ്ട്രക്ചറിന് കാര്യമായ കേടുപാടില്ലെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പാലത്തിന്റെ അടിഭാഗം കൂടി പരിശോധിച്ച് എസ്റ്റിമേറ്റ് സമര്‍പ്പിക്കും. മാഹി പാലം ഉള്‍പ്പെടുന്ന കി.മീ 170/600 മുതല്‍ 184/600 വരെയുള്ള തലശ്ശേരി-മാഹി ദേശീയപാത 66ന്റെ അറ്റകുറ്റപണിക്കായി 14.26 കോടിയുടെ എസ്റ്റിമേറ്റ് ഈ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. എംഎല്‍എമാരായ കെ പി മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ്, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എയുടെ പ്രതിനിധി, ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു. മെയ് 31ന് വിരമിക്കുന്ന സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ സതീശന് യോഗം യാത്രയയപ്പ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *