പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉരുള്‍പൊട്ടലുണ്ടായ വയനാട് സന്ദര്‍ശിക്കും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തും. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരില്‍ കാണും.
വൈകീട് 3.30ഓടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്ന് കണ്ണൂരേക്ക് എത്തും എന്നാണ് വിവരം. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. 2000 കോടി രൂപയുടെ അടിയന്തര സഹായമാണ് ഇന്നലെ എത്തിയ കേന്ദ്ര സംഘത്തിന് മുന്നില്‍ സംസ്ഥാനം ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ.
ടാക്‌സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്.