Hivision Channel

70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി കേന്ദ്രം

ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി 70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകും. പദ്ധതിയുടെ ഗുണം ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. നാലര കോടിയിലേറെ കുടുംബങ്ങള്‍ പദ്ധതിയുടെ കീഴില്‍ വരുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാരെയും അവരുടെ സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയിലേക്ക് പരിഗണിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്), എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ നിലവിലുള്ള പദ്ധതി തുടരുകയോ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്ക് ചേരുകയോ ചെയ്യാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി, ??എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവയുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്.

ഓരോ ഇന്ത്യക്കാരനും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *