കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പിലാവുമെന്ന് ആര്‍എംഒ ഡോ. സുവിന്‍ മോഹന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ-ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ മുഖേനയാണ് അപ്പോയിന്റ്മെന്റ് എടുക്കാന്‍ സാധിക്കുക. ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് നിശ്ചിത തീയതിയില്‍ ആശുപതികളിലേക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കാന്‍ സാധിക്കും. ഇ ഹെല്‍ത്ത് ഉള്ള എല്ലാ ആശുപത്രികളിലും ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കാം. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഇ-ഹെല്‍ത്ത് പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നതോടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും ഒറ്റ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയും. ഇതോടെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പോകുമ്പോള്‍, രോഗികള്‍ക്കു തങ്ങളുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകള്‍ കൊണ്ടു നടക്കേണ്ടിവരില്ല. ടെസ്റ്റുകള്‍ ആവര്‍ത്തിച്ചു ചെയ്യേണ്ടിയും വരില്ല. രോഗനിര്‍ണയം മുതല്‍ ചികിത്സ നല്‍കല്‍ വരെ ഇതു വേഗത്തിലാക്കും. ഇതോടെ ഒപി ടിക്കറ്റിനായി ജില്ലാ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നത് നേട്ടമാണ്. തിരക്ക് കുറഞ്ഞ സമയമായതിനാലാണ് ഇപ്പോള്‍ ഇ ഹെല്‍ത്തിന്റെ ട്രയല്‍ ഇപ്പോള്‍ നടത്തുന്നത്. തിരക്ക് കുറക്കാനായി നാല് കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും അധികം രോഗികള്‍ വരുന്ന ആശുപത്രിയായി ജില്ലാ ആശുപത്രി മാറിയിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ഒരു ദിവസം മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് എത്തുന്നത്. ജില്ലാ ആശുപത്രിയില്‍ നിശ്ചയിക്കുന്ന വളണ്ടിയര്‍മാര്‍ അല്ലാതെ പുറത്തുനിന്നുള്ള വളണ്ടിയര്‍മാരെ ഒഴിവാക്കണം. അത് ആശുപത്രിയുടെ സേവനങ്ങളെ ബാധിക്കുന്നു. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം നടക്കുന്നത് മൂലമാണ് ഇപ്പോള്‍ സമയം എടുക്കുന്നത്. പുതിയ ബ്ലോക്ക് പദ്ധതി ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. അതില്‍ ബാക്കിയുള്ള 15 കോടി ഉപയോഗിച്ച് പഴയ കെട്ടിടം പൊളിച്ച് പുതിയ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായും പ്രസിഡന്റ് അറിയിച്ചു.
മറ്റ് യോഗ തീരുമാനങ്ങള്‍: കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ ശ്മശാനത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വിഹിതമായി ഒരു ലക്ഷം രൂപ അനുവദിക്കും. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിക്കും.
ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് തനതുഫണ്ടില്‍നിന്ന് ശമ്പളം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ വനിതാ ശിശുവികസന ഓഫീസര്‍ക്ക് പ്രസിഡന്റ് നിര്‍ദേശം നല്‍കി.
ജില്ലാ ആശുപത്രി ഹെല്‍പ്ഡെസ്‌ക് ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു. മാടായി, പാപ്പിനിശ്ശേരി സ്‌കൂളുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ കരാറുകാരുടെ കാലാവധി നീട്ടി നല്‍കും. പാച്ചേനി, ചെറുപുഴ സ്‌കൂളുകളിലെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാകാത്തതിനാല്‍ കരാര്‍ പുതുക്കി നല്‍കും. വേങ്ങാട് സ്‌കൂളിലെ ചുറ്റുമതിലും പാചകപ്പുരയും അപകടാവസ്ഥയിലാണെന്ന സ്‌കൂള്‍ അധികൃതരുടെ പരാതി പരിശോധിക്കാന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ ആയുഷ് വകുപ്പിന്റെ കീഴിലെ ഹോമിയോ വകുപ്പിന് അനുമതി നല്‍കി.
മുന്‍ രാജ്യസഭാംഗവും സിപിഐ(എം) ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. കെ കെ രത്നകുമാരി, വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള, അംഗങ്ങളായ എന്‍ പി ശ്രീധരന്‍, തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ വി മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.