ജീവിതത്തിന്റെ സായംകാലത്ത് പരസ്പരം തുണയാകുന്നവര്‍ തീര്‍ത്ത സൗഹൃദത്തിന്റെ പൂക്കളം വിടര്‍ന്നു. ഓര്‍മ്മകള്‍ ഊഞ്ഞാലാടുമ്പോഴും കണ്ണുകള്‍ നനയാതെ അവര്‍ പാട്ടും കളികളുമായി ചുവടുവെച്ചു. ‘കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ, കുയിലാളേ, കൊട്ടുവേണം കുഴല്‍ വേണം’എന്ന വഞ്ചിപ്പാട്ട് മധുവേട്ടന്‍ പാടിയപ്പോള്‍ അവരെല്ലാം കൈയടിച്ച് കൂടെപ്പാടി. ഓണത്തിന്റെ ഓര്‍മ്മകളെല്ലാം അവരുടെ മനസ്സില്‍ ആര്‍പ്പോ വിളിച്ചെത്തിയെന്ന് ആ മുഖങ്ങളില്‍നിന്ന് വായിച്ചെടുക്കാം. ജില്ലാ സാമൂഹ്യ നീതി വകുപ്പ് കണ്ണൂര്‍ ചാല്‍ ഗവ. വൃദ്ധസദനത്തില്‍ നടത്തിയ ഓണാഘോഷം അന്തേവാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് മനംനിറക്കുന്നതും മനോഹരവുമായി തീര്‍ന്നു. വൃദ്ധമന്ദിരത്തില്‍ രാവിലെ മുതല്‍ ഓണപൂക്കളം ഒരുക്കിയും ഓണപാട്ടുകളിലും ഓണക്കളികളിലും പങ്കെടുത്തും സ്വാദിഷ്ടമായ ഓണസദ്യ കഴിച്ചും വൃദ്ധ സദനത്തിലെ അന്തേവാസികളും ജീവനക്കാരും സജീവമായിരുന്നു. 34 സ്ത്രീകളും 23 പുരുഷന്‍മാരും ഉള്‍പ്പെടെ ആകെ 57 അന്തേവാസികളാണ് വൃദ്ധമന്ദിരത്തില്‍ താമസിക്കുന്നത്.
ഓണാഘോഷം കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ നിസാര്‍ വായിപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി ബിജു വിശിഷ്ടാതിഥിയായി. വൃദ്ധ മന്ദിരം സൂപ്രണ്ട് പികെ നാസര്‍, മുതിര്‍ന്ന അന്തേവാസികളായ മൈക്കിള്‍, ഗീത എന്നിവര്‍ സംസാരിച്ചു.