വീട്ടില്‍ പ്രസവിച്ച പൂളക്കുറ്റി അരുവിക്കര കോളനിയിലെ അമ്മയെയും നവജാത ശിശുവിനെയും അര്‍ദ്ധരാത്രിയില്‍ ജീവന്‍ പണയം വച്ച് കാട്ടിലൂടെ അതിസാഹസികമായി എത്തി രക്ഷിച്ച പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചു.
ഈ മാസം 12 നാണ് സംഭവം. പൂളക്കുറ്റി അരുവിക്കര കോളനിയിലെ അനൂപിന്റെ ഭാര്യ നിമ്മിയാണ് അര്‍ദ്ധരാത്രി വീട്ടില്‍ പ്രസവിച്ചത്.വാഹന സൗകര്യം പോലും ഇല്ലാത്ത പ്രദേശത്ത് നടന്നെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി യുവതിയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ ചികിത്സ നല്‍കുകയായിരുന്നു.
യുവതിയെയും കുഞ്ഞിനെയും അര്‍ദ്ധരാത്രി വീട്ടിലെത്തി രക്ഷിച്ച് മാതൃകയായ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഷംന അസീസ് ,നഴ്‌സിംഗ് അസിസ്റ്റന്റ് ശ്രീജ കെ ആര്‍,ഡ്രൈവര്‍ മനേജ് എന്നിവരെയാണ് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്.നവജാത ശിശുവിനെയും അമ്മയെയും ചികിത്സിച്ച ഡോ വിനോദ് എം എസ്,ഡോ.രേഷ്മ എന്നിവരെയും ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ അനുമോദിച്ചു.