കണ്ണൂരില്‍ റെയില്‍വെ ട്രാക്കിനരികില്‍ തളര്‍ന്നുവീണയാള്‍ സഹായം കിട്ടാതെ പൊരിവെയിലില്‍ കിടന്നത് നാല് മണിക്കൂറോളം. ബോധമില്ലാതെ കിടന്ന മുണ്ടല്ലൂര്‍ സ്വദേശി ബാബുവിനെ റെയില്‍വെ പൊലീസാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. മദ്യപിച്ച് കിടക്കുന്നതെന്ന് കരുതി, സഹായിക്കാന്‍ തുനിയാതെ നൂറുകണക്കിന് പേരാണ് ബാബുവിനെ കടന്നുപോയത്.
കഴിഞ്ഞദിവസം എറണാകുളത്ത് ഹോട്ടല്‍ പണി കഴിഞ്ഞ് വരുന്നതിനിടെയാണ് ബാബു ട്രാക്കിനരികില്‍ തളര്‍ന്ന് വീണത്. റെയില്‍വെ എഎസ്‌ഐ മനോജ് കുമാറും കോണ്‍സ്റ്റബില്‍ റിബേഷും പതിവ് പരിശോധനയ്ക്ക് ആ വഴി വന്നപ്പോഴാണ് നിര്‍ജലീകരണം വന്ന് അവശനായ ബാബുവിനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലാക്കിയത്. തുടര്‍ന്ന് ബാബുവന്റെ സഹോദരിയെ വിളിച്ചറിയിച്ചു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ബാബു ഇപ്പോള്‍.