Hivision Channel

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനാണ് കണ്ടെത്തിയത്. അതിന് ചുറ്റമുള്ള വളയവും കിട്ടി. സൈന്യം മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍ നടത്തിയ പരിശോധനയിലാണ് ഫാന്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേത് ആണോ എന്ന് ഉറപ്പിക്കാന്‍ ഇപ്പോള്‍ കഴിയില്ല.

നാവികസേന പുഴയില്‍ മാര്‍ക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയന്റിലാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. കൂളിംഗ് ഫാന്‍ കണ്ടെത്തിയതിന്റെ അടുത്ത് തന്നെയാണ് ലോറിയുടെ ജാക്കി കിട്ടിയത്. പുഴക്കടിയില്‍ സ്‌കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. വീണ്ടും ഡ്രഡ്ജിങ് കമ്പനിയുടെ ഡൈവര്‍ പുഴയിലേക്ക് ഇറങ്ങി പരിശോധന തുടരുകയാണ്. റേഡിയേറ്റര്‍ കൂളിംഗ് ഫാന്‍ കിട്ടിയ സ്ഥലത്താണ് ഡൈവര്‍ ഇറങ്ങിയത്.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്‌നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്റില്‍ തന്നെ തെരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വര്‍ മാല്‍പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ക്യാബിനും മുന്‍വശത്തെ ടയറുമാണ് കിട്ടിയത്.

Leave a Comment

Your email address will not be published. Required fields are marked *