Hivision Channel

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ 16 കേസുകള്‍ പരിഗണിച്ചു

കണ്ണൂര്‍:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി. റോസ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്തിയ സിറ്റിംഗില്‍ 16 കേസുകള്‍ പരിഗണിച്ചു. കണ്ണൂര്‍ ജില്ലയിലെ 13, കാസര്‍കോട് ജില്ലയിലെ മൂന്ന് കേസുകളാണ് പരിഗണിച്ചത്. കാസര്‍കോട് ജില്ലയിലെ ഒന്ന് ഉള്‍പ്പെടെ ആറ് കേസുകള്‍ തീര്‍പ്പാക്കി.
സ്ഥലവും വീടും അനുവദിക്കണമെന്ന കാസര്‍കോട് പെര്‍ഡാല ചെടേക്കാല്‍ ഹൗസിലെ കെ എം ഫാത്തിമത്ത് ശംസീനയുടെ പരാതി പരിഗണിച്ച്, കമ്മീഷന്റെ നിര്‍ദേശ പ്രകാരം സ്ഥലവും വീടും ആറ് മാസത്തിനകം അനുവദിക്കാമെന്ന് കാസര്‍കോട് തഹസില്‍ദാര്‍ അറിയിച്ചു.
കാറ്റഗറി നമ്പര്‍ 199/2016 എച്ച്എസ്എ അറബിക് റാങ്ക് ലിസ്റ്റിന്റെ കാലാവധി കോവിഡ് കാലത്ത് 2021 നവംബര്‍ മൂന്നിന് അവസാനിച്ചതിനാല്‍ നിയമനം ലഭിച്ചില്ലെന്നും നിലവിലെ ഒഴിവുകളിലേക്ക് പ്രസ്തുത ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നുമുള്ള ഏച്ചൂരിലെ ടിഎം ജാസ്മിന്റെ പരാതി കമ്മീഷന്‍ കേരള പിഎസ്സിക്ക് കൈമാറി.
ചട്ടുകപ്പാറ ജിഎച്ച്എസ്എസില്‍ ഫുള്‍ടൈം ജൂനിയര്‍ അറബിക് തസ്തിക അനുവദിക്കണമെന്ന പരാതിയില്‍, അധിക തസ്തിക അനുവദിക്കണമെന്ന സ്‌കൂളിന്റെ ആവശ്യം പരിഹരിക്കപ്പെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡിഡിഇ കമ്മീഷനെ അറിയിച്ചു. 2023-24 വര്‍ഷം നാല് അധിക തസ്തിക അനുവദിച്ചതില്‍ എല്‍ജി അറബിക് തസ്തിക കൂടി ഉള്‍പ്പെട്ടതായി ഡിഡിഇ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *