വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് എണ്ണ കമ്പനികള്‍. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വര്‍ദ്ധിക്കുന്നത്. ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതായി കമ്പനികള്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
എല്‍പിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നതാണ് പുതിയ തീരുമാനം. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകള്‍ക്ക് പുറമെ അഞ്ച് കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഇത്തരം സിലിണ്ടറുകളുടെ വിലയില്‍ ഇന്ന് മുതല്‍ 12 രൂപയുടെ വര്‍ദ്ധനവുണ്ടാവും. കഴിഞ്ഞ മാസം ആദ്യത്തിലും വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് 19 കിലോഗ്രാം സിലിണ്ടറിന് 39 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വില വര്‍ദ്ധനവ് ഗാര്‍ഹിക ഉപഭോക്താക്കളെ ബാധിക്കില്ല.