കണ്ണൂര്‍:കൈത്തറിയില്‍ പരമ്പരാഗത ഉത്പന്നങ്ങള്‍ക്ക് പുറമെ പുതിയ ഡിസൈനുകള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂരില്‍ കേരള കൈത്തറി മുദ്രയ്ക്കുള്ള രജിസ്ട്രേഷന്റെയും സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ യൂനിഫോം പദ്ധതിയെ മാത്രം ആശ്രയിച്ചാല്‍ മതിയെന്ന ധാരണ വൈവിധ്യവത്കരണത്തിനുള്ള ഊര്‍ജം നഷ്ടപ്പെടുത്തും. സര്‍ക്കാര്‍ എല്ലാം തരട്ടെ എന്ന ചിന്തയില്‍ മാറ്റം വരണം. കൈത്തറി മുദ്ര മൂല്യവര്‍ധനവിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
കൈത്തറി രജിസ്ട്രേഷന്‍ ആദ്യമായി പൂര്‍ത്തീകരിച്ച കാഞ്ഞിരോട് വീവേഴ്സ് സഹകരണ സൊസൈറ്റി, കളമച്ചാല്‍ ഹാന്‍ഡ്ലൂം വീവേഴ്സ് സഹകരണ സൊസൈറ്റി, പറവൂര്‍ വീവേഴ്സ് സഹകരണ സൊസൈറ്റി എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. കൈത്തറി മുദ്രയുള്ള വസ്ത്രങ്ങളിലെ ക്യുആര്‍ കോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ കൈത്തറി വസ്ത്രത്തിന്റെ നിര്‍മ്മാതാക്കളുടെ വിവരം, നിര്‍മ്മാണ വീഡിയോ എന്നിവ ലഭിക്കുന്നു.
ഈ പദ്ധതി കേരളത്തിലെ കൈത്തറി ഉത്പന്നങ്ങളെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ബ്രാന്‍ഡ് ചെയ്യുക, കൂടുതല്‍ മെച്ചപ്പെട്ട വിപണി സാധ്യതകള്‍ കണ്ടെത്തുക, നൂതന ഡിസൈന്‍ ആശയങ്ങള്‍ കൈത്തറിയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ കേരള കൈത്തറി മേഖലയെ സമഗ്രമായി പുനരുജ്ജീവിപ്പിക്കാനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി, കേരള കൈത്തറി ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. കൈത്തറി ഉത്പന്നങ്ങള്‍ക്ക് കേരള കൈത്തറി മുദ്ര ഉപയോഗിക്കുന്നതിന് പ്രസ്തുത വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, കണ്ണൂര്‍ ആണ് നിര്‍വഹിച്ചുവരുന്നത്.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. കൈത്തറി ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍, ഹാന്‍വീവ് ഡയറക്ടര്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, വീവേഴ്സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്ടി സുബ്രഹ്മണ്യന്‍, കണ്ണൂര്‍ ഹാന്‍വീവ് എംഡി അരുണാചലം സുകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് അജിമോന്‍, ഹാന്റ്ലൂം എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സോമശേഖരന്‍, കൈത്തറി സൊസൈറ്റി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എ വി ബാബു, ഐഐടി എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ ശ്രീധന്യന്‍ എന്നിവര്‍ സംസാരിച്ചു.