Hivision Channel

നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന്

നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന്. ചെന്നൈയില്‍ ഉള്ള ഭാര്യയും മകളും എത്തിയ ശേഷം വൈകിട്ടോടെയാകും സംസ്‌കാരം. മോഹന്‍ രാജിന്റെ സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ഉച്ചയ്ക്ക് 12.30ക്ക് കഞ്ഞിരംകുളത്ത് പൊതുദര്‍ശനം. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മലയാളം, തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായി 300 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

യഥാര്‍ത്ഥ പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെട്ട അഭിനേതാവായിരുന്നു മോഹന്‍ രാജ്. സിബി മലയിലിന്റെ ‘കിരീട’ത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രമായി വേഷമിട്ട മോഹന്‍രാജ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. മുപ്പതു വര്‍ഷത്തിലേറെയായി , മൂന്നൂറിലേറെ സിനിമകളില്‍ വേഷമിട്ടെങ്കിലും മലയാളികള്‍ എന്നും ഓര്‍മിക്കുന്നത് കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തെ ആണ്.

കിരീടത്തില്‍ വേഷമിടുന്നതിനു മുമ്പായി ആണ്‍കളെ നമ്പാതെ, കഴുഗുമലൈ കള്ളന്‍ എന്നിങ്ങനെ രണ്ട് തമിഴ് സിനിമകളില്‍ വില്ലന്‍ വേഷത്തില്‍ വേഷമിട്ടിരുന്നു. മലയാളത്തില്‍ കെ മധുവിന്റെ മൂന്നാംമുറയില്‍ കൊള്ളക്കാരിലൊരാളായും പ്രത്യക്ഷപ്പെട്ടിരുന്നു മോഹന്‍രാജ്. ബല്‍റാം വേഴ്സസ് താരാദാസിലെ അണലി ഭാസ്‌കരന്‍, ഏയ് ഓട്ടോയിലെ പൊലീസ് ഇന്‍പെക്ടര്‍, പുറപ്പാടിലെ സാമുവേല്‍, കാസര്‍കോഡ് കാദര്‍ഭായില്‍ കാദര്‍ഭായിയുടെ വലംകൈ, ഹിറ്റ്ലറിലെ ദേവരാജന്‍, വാഴുന്നോരിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നരനിലെ കുട്ടിച്ചിറ പാപ്പന്‍, ഹൈവേ പൊലീസിലെ ഖാന്‍ ഭായ് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ മോഹന്‍രാജിന്റേതായുണ്ട്.

2022-ല്‍ റിലീസ് ചെയ്ത റോഷാക്കായിരുന്നു അവസാനചിത്രം. വിശ്വനാഥന്‍ എന്ന കഥാപാത്രമായിരുന്നു അതില്‍. തിരുവനന്തപുരം ഗവ. ആര്‍ട്ട് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയശേഷം സൈന്യത്തിലും കസ്റ്റംസിലും എന്‍ഫോഴ്സ്മെന്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹന്‍രാജ്. ഉഷയാണ് ഭാര്യ. ജയ്ഷമ, കാവ്യ എന്നിവരാണ് മക്കള്‍.

Leave a Comment

Your email address will not be published. Required fields are marked *