ഭാവഗായകന്‍ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേര്‍ത്ത് നിര്‍ത്തിയ പ്രിയ ഗായകനാണ് വിട വാങ്ങിയത്. അര്‍ബുദബാധയെ തുടര്‍ന്ന് എണ്‍പതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂര്‍ ചേന്ദമംഗലത്താണ് സംസ്‌കാരം.
ഇന്നലെ രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പി ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകള്‍ ലക്ഷ്മി. മകന്‍ ഗായകന്‍ കൂടിയായ ദിനനാഥന്‍.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പി ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു.