
എല്ലാ കോടതികളിലും പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതികള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ശൗചാലയങ്ങള്‍, വിശ്രമമുറികള്‍ എന്നിവ കേവലം സൗകര്യങ്ങള്‍ക്കായി മാത്രമല്ലെന്നും, മനുഷ്യവകാശത്തിന്റെ ഭാഗമാണെന്നും പറഞ്ഞ കോടതി, ഇവയുടെ അപര്യാപ്തത നീതിന്യായ വ്യവസ്ഥയുടെ പിഴവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
അസമില്‍ നിന്നുള്ള അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്. പൊതുജനാരോഗ്യം പ്രധാനമാണെന്നും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയും , സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എതിരെയുള്ള ഭീഷണി ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ശൗചാലയ നിര്‍മ്മാണത്തിനും പരിപാലനത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കണം. പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനും അത് നടപ്പിലാക്കി എന്ന് ഉറപ്പുവരുത്താനായി കമ്മിറ്റി രൂപീകരിക്കുന്നതിന് ഓരോ ഹൈകോടതികള്‍ക്കും സുപ്രീം കോടതി ആറാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു ജഡ്ജിയായിരിക്കും പാനലിന്റെ അധ്യക്ഷന്‍.നാല് മാസത്തിനകം ഹൈക്കോടതികളില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.