Hivision Channel

കണ്ണൂരില്‍ ആംബുലന്‍സിന് വഴിമുടക്കിയത് ഡോക്ടര്‍; ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കേസ്, പിഴ

കണ്ണൂര്‍ എരഞ്ഞോളിയില്‍ അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കിയത് ഡോക്ടറുടെ കാര്‍. ഹൃദയാഘാതം നേരിട്ട രോഗി തക്കസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ പിണറായി സ്വദേശിയായ ഡോക്ടര്‍ക്ക് പിഴ ശിക്ഷ. മട്ടന്നൂര്‍ തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ എത്തിയപ്പോഴാണ് രാഹുല്‍ രാജെന്ന ഡോക്ടര്‍ ആംബുലന്‍സിന് വഴിമുടക്കിയത്. സംഭവത്തില്‍ കതിരൂര്‍ പൊലീസാണ് കേസ് എടുത്തത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ വ്യക്തമായിരുന്നതിനാല്‍ പ്രതിയെ പരാതി കിട്ടിയതോടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയ മരിച്ചിരുന്നു. ആംബുലന്‍സ് സൈറണ്‍ കേട്ടിട്ടും വഴിമുടക്കുന്നതില്‍ നിന്ന് രാഹുല്‍ രാജ് പിന്തിരിഞ്ഞിരുന്നില്ല. അരമണിക്കൂറോളം നേരമാണ് ഡോക്ടറുടെ കാര്‍ ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ചത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് റുഖിയ മരിച്ചത്.

വഴിയിലുണ്ടായ സമയ നഷ്ടമാണ് രോഗിയുടെ മരണത്തിന് കാരണമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ആംബുലന്‍സ് ഡ്രൈവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മട്ടന്നൂര്‍ സ്വജേശിയായ 61കാരി ഹൃദയാഘാതം നേരിട്ടതിന് പിന്നാലെയാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ രാജില്‍ നിന്ന് 5000 രൂപയാണ് പിഴയീടാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *