
സെന്‍സസ് നടത്തുന്നതിനുള്ള ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ജാതി സെന്‍സസ് കൂടി ഉള്‍പ്പെടുത്തിയാകും സെന്‍സസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെന്‍സസ് ആണ് നടക്കുക.
ലഡാക്കിലും ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളില്‍ 2026 ഒക്ടോബര്‍ 1 ന് സെന്‍സസ് നടപടികള്‍ ആരംഭിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 2027 മാര്‍ച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ സെന്‍സസ് നടക്കുന്നത്. അവസാന സെന്‍സസ് നടത്തിയത് 2011 ലാണ്.
ആദ്യ ഘട്ടത്തില്‍ (ഹൗസ്ലിസ്റ്റിങ് ഓപ്പറേഷന്‍-എച്ച്എല്‍ഒ) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കും. രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക, മറ്റ് വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും നിയോഗിക്കും. കോവിഡ് കാരണമാണ് 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മാറ്റിവയ്‌ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്. 93 വര്‍ഷത്തിനുശേഷമാണു ജാതി സെന്‍സസ് രാജ്യത്തു നടത്തുന്നത്.