
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി.
അഞ്ചില്‍ നാല് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ നാല് ജഡ്ജിമാരാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാല്‍ ചിലരെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിന്റെ വിധിയില്‍ പറഞ്ഞു. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേര്‍ത്തു.














