Hivision Channel

ജലാഞ്ജലി നീരുറവ് നീര്‍ത്തടാഥിഷ്ടിത വികസന മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജലാഞ്ജലി നീരുറവ് നീര്‍ത്തടാഥിഷ്ടിത വികസന മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട യോഗം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പേരാവൂര്‍ പഞ്ചായത്തിലെ 3,10,11,14 വാര്‍ഡുകളിലെ യോഗം ബി ഡി ഒ സജീവന്‍ ഉദ്ഘാടനം ചെയ്തു. എം ഷൈലജ അധ്യക്ഷത വഹിച്ചു.

കാവുമ്പടി സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം

കാക്കയങ്ങാട്: കാവുമ്പടി സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.പി എറമു, പ്രധാനാധ്യാപിക മിനി ജോസഫ്, കെ.എ ഷാജി, നിസാര്‍ കെ.പി, അനില്‍ കുമാര്‍ പി.കെ, സന്തോഷ്.കെ എന്നിവര്‍ സംസാരിച്ചു.

പപ്പായ തൈകള്‍ വിതരണം ചെയ്തു

ഇരിട്ടി: പോഷണ്‍ അഭിയാന്റെ ഭാഗമായി പടിക്കച്ചാല്‍ ജി.എല്‍.പി.സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും റെഡ് ലേഡി ഇനത്തില്‍പ്പെട്ട പപ്പായ തൈകള്‍ വിതരണം ചെയ്തു. തില്ലങ്കേരി കൃഷി ഓഫീസര്‍ അഞ്ജന സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.മനോജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആഷ, മഹേഷ്, സജിന, അമീന്‍ എന്നിവര്‍ സംസാരിച്ചു

പോഷണ്‍ അഭിയാന്‍ മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊട്ടിയൂര്‍: എന്‍.എസ്.എസ്.കെ.യു.പി സ്‌കൂളില്‍ പോഷണ്‍ അഭിയാന്‍ മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പി.ടി.എയുടെ നേതൃത്വത്തില്‍ നടന്ന സ്‌കൂള്‍ പച്ചക്കറിത്തോട്ട നിര്‍മ്മാണം ഗ്രാമപഞ്ചായത്ത് അംഗം ജോണി ആമക്കാട് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം ഇലകള്‍ കൊണ്ടുള്ള ഇലത്തോരന്‍ ഒരു പുതിയ അനുഭവമായിരുന്നു. പി.ടി.എ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പോഷണ്‍ അഭിയാന്‍ പ്രതിജ്ഞ എടുത്തു. പ്രധാനാധ്യാപിക സുമിത എസ്, ജിഷാ റാണി വി.എസ്, രജി ടി.ഡി, ശ്രീജ കെ.എസ്, പ്രീതി പി മാണി, ഷാജി കെ എന്നിവര്‍ പങ്കെടുത്തു.

സഞ്ചാരികളെ കാത്ത് മുനമ്പുകടവ്

മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഞ്ചാരികളുടെ മനം കവരാന്‍ ഒരുങ്ങി മലപ്പട്ടം പഞ്ചായത്തിലെ മുനമ്പുകടവ്. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 2.75 കോടി രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്.
കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായി കാണുന്ന മലപ്പട്ടം മുനമ്പുകടവിനെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. രണ്ട് ബോട്ട് ജെട്ടികള്‍, നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ്കോര്‍ട്ട്, കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം തത്സമയം കാണാനും ഇവ വാങ്ങാനുമായി അഞ്ച് ആര്‍ട്ടിഫിഷ്യല്‍ ആലകള്‍, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാര്‍ഡുകള്‍, മുനമ്പ് കടവ് മുതല്‍ കൊവുന്തല വരെ നടപ്പാത, ഇരിപ്പിടങ്ങള്‍, വിശ്രമ കേന്ദ്രം, സൗരോര്‍ജവിളക്കുകള്‍, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കിയോസ്‌ക്, രണ്ട് ശുചിമുറികള്‍ എന്നിവയാണ് ഇവിടെയുണ്ടാവുക. നടപ്പാത നിര്‍മാണവും സൗന്ദര്യവത്ക്കരണ പ്രവൃത്തിയുമാണ് ബാക്കിയുള്ളത്. ഇവ ഉടന്‍ പൂര്‍ത്തിയാകും.
ബോട്ട് ജെട്ടി നിര്‍മാണം ഉള്‍നാടന്‍ ജലഗതാഗതവകുപ്പും അനുബന്ധ നിര്‍മാണങ്ങള്‍ കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എഞ്ചിനിയറിംഗ് ലിമിറ്റഡുമാണ് ഏറ്റെടുത്ത് നടത്തിയത്. റിവര്‍ ക്രൂയിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവില്‍ നിന്ന് ആരംഭിക്കാനിരിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിലാണ് അവസാനിക്കുക. ബോട്ട് യാത്ര ചെയ്ത് മലപ്പട്ടത്ത് എത്തുന്ന വിനോദ സഞ്ചാരികളെ പാലക്കയംതട്ട്, പൈതല്‍മല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാര്‍ പള്ളി ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും വൈകീട്ട് ബോട്ട് ജെട്ടിയില്‍ തിരിച്ചെത്തിക്കുന്നതിന്നുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. മലബാറിന്റെ മുഖമുദ്രയായ തെയ്യം ഉള്‍പ്പെടെയുള്ള നാടന്‍ കലകള്‍ ആസ്വദിക്കാനുള്ള സൗകര്യം സജ്ജമാക്കും. റിവര്‍ ക്രൂയിസിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന മറ്റ് പദ്ധതികള്‍ക്കൊപ്പമാണ് മുനമ്പ് കടവിലും ഉദ്ഘാടനം നടക്കുക.

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഇനി ഡിജിറ്റല്‍ വെയര്‍ ഹൗസ്

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഡിജിറ്റല്‍ വെയര്‍ ഹൗസാക്കുന്നു. വളപട്ടണത്തിന്റെ വൈവിധ്യവും ചരിത്രവും ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കാനാണ് ഡിജിറ്റല്‍ വെയര്‍ ഹൗസാക്കുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണെങ്കിലും 10 നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുണ്ട് വളപട്ടണത്തിന്. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് കപ്പല്‍ നിര്‍മ്മാണ ജോലികള്‍ ചെയ്തിരുന്ന ഖലാസികളുടെ ആദ്യകാല പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇവരുടെ ചരിത്രം, സാങ്കേതികവിദ്യയുടെ വികാസം, പ്രദേശത്തിന്റെ ജൈവ വൈവിധ്യം, സാഹിത്യം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ശേഖരിക്കുക. ലൈബ്രറി അംഗങ്ങളെയും ചരിത്ര വിദ്യാര്‍ഥികളെയും ഇതിനായി ഉപയോഗിക്കും. പഞ്ചായത്ത് പരിധിയിലെ വിദ്യാലയ ലൈബ്രറികളിലുള്ള പുസ്തകങ്ങളുടെ വിവരങ്ങളും ശേഖരിക്കും. ഇതിലൂടെ ഏതെല്ലാം പുസ്തകങ്ങള്‍ എവിടെയെല്ലാം ലഭ്യമാണെന്ന് പഞ്ചായത്ത് ലൈബ്രറിയില്‍ എത്തിയാല്‍ വായനക്കാര്‍ക്ക് എളുപ്പത്തില്‍ അറിയാനാകും. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ പറഞ്ഞു.
കേരളത്തിലെ കമ്പ്യൂട്ടര്‍വത്കരിച്ച ആദ്യ പഞ്ചായത്ത് ലൈബ്രറിയാണ് വളപട്ടണത്തേത്. നാല് കമ്പ്യൂട്ടറുകള്‍, പ്രിന്റര്‍, സ്‌കാനര്‍, പ്രൊജക്ടര്‍, ടി വി എന്നീ സൗകര്യങ്ങലുള്ള ഈ സ്മാര്‍ട്ട് ലൈബ്രറി പൂര്‍ണ്ണമായും സോളാറിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ലൈബ്രറി ആരംഭിച്ചതിനും ഒരു ചരിത്രമുണ്ട്. 1950ല്‍ കോയത്തൂരില്‍ നിന്ന് വളപട്ടണത്തേക്ക് ഒരു കത്ത് വന്നു. അന്നത്തെ മുന്‍സിപ്പല്‍ കൗണ്‍സിലുകളുടേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ടി എം രാമസ്വാമിയുടെതായിരുന്നു ആ കത്ത്. വളപട്ടണത്ത് ലൈബറി തുടങ്ങാന്‍ 200 രൂപ കെട്ടിടത്തിനും 200 രൂപ പുസതകങ്ങള്‍ വാങ്ങാനും അനുവദിക്കുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ഇന്ന് 12400 പുസ്തകങ്ങളും 500 സിഡികളും 36 ആനുകാലിക മാസികകളും ഇവിടെയുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റീവ് ചെയ്ത ഈ എ ഗ്രേഡ് ലൈബ്രറിക്ക് ഗ്രീന്‍ ലൈബ്രറി പദവിയും ലഭിച്ചിരുന്നു. .കെ എം ഷാജി എം എല്‍ എ ആയിരിക്കെ അനുവദിച്ച 33.76 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചിരുന്നു. ലൈബ്രറിയുടെ നേതൃത്വത്തില്‍ ബാലവേദി, യുവസമിതി, വനിതാവേദി, മുതിര്‍ന്ന പൗരന്മാരുടെ വേദി, സാഹിത്യ തീരം പ്രതിമാസ സംഗമം, മത്സര പരീക്ഷാ പരിശീലന കേന്ദ്രം, കൊമേഴ്‌സ് ക്ലബ് എന്നിവയും പ്രവര്‍ത്തിക്കുന്നു

നാളെ വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊരമ്പക്കല്ല്, പോത്താംകണ്ടം, നീലിരിങ്ങ, കൊട്രാടി, വള്ളിപ്പിലാവ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ സെപ്റ്റംബര്‍ 30ന് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാച്ചേരി സ്‌കൂള്‍, നമ്പ്യാര്‍ പീടിക, ഏച്ചൂര്‍ ബസാര്‍, നുച്ചിലോട്ട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ സെപ്റ്റംബര്‍ 30ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുലക്കറവയലില്‍ സെപ്റ്റംബര്‍ 30ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും കാട്ട്യം, കാട്ട്യം ചാലില്‍, ചിറ്റോത്തിടം, വടേശ്വരം എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും

പിഎഫ്‌ഐ നിരോധനം;തുടര്‍ നടപടികള്‍ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി

പിഎഫ്‌ഐ നിരോധനത്തില്‍ തുടര്‍ നടപടികള്‍ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വേട്ടയാടുകയാണെന്ന തോന്നല്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ടിപിഎസ് ആക്ട് പ്രകാരം കരുതല്‍ തടങ്കല്‍ എടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനായി പരമാവധി ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഫീല്‍ഡ് പരിശോധന നടത്തുന്നതുമാണ് വിദഗ്ധ സമിതിയുടെ ചുമതല. സമിതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.

സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ്

ആറളം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആറളം ഗ്രാമ പഞ്ചായത്ത് സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. പി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് അന്ത്യാംകുളം, ഇ.സി രാജു, ജോര്‍ജ് ആലാംപിള്ളി, ഷൈന്‍ ബാബു, ഇ.പി മേരിക്കുട്ടി, അബ്ദുള്‍ നാസര്‍, സുമ ദിനേശന്‍, പഞ്ചായത്ത് അസിസ്റ്റ്ന്റ് സെക്രട്ടറി പി.വി സോമന്‍, സാറാമ്മ സരേഷ്മ എന്നിവര്‍ സംസാരിച്ചു.