Hivision Channel

latest news

ഖാദിയിൽ ഇനി കാക്കിയും; ഒപ്പം ചേർന്ന് ഓട്ടോ തൊഴിലാളികൾ

കണ്ണൂർ: ‘പഴയ ഖാദി അല്ല പുതിയ ഖാദി’ എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്‌തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും.

കാക്കി ഖാദിയാവും ഇനി പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂനിഫോം. മുന്നൂറോളം ഡ്രൈവർമാരാണ് ഖാദിക്കായി കൈകോർക്കുന്നത്. ഇതു സംബന്ധിച്ച് തൊഴിലാളി നേതാക്കൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനുമായി ആശയ വിനിമയം നടത്തി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാരുടെ നീക്കം ശ്ലാഘനീയമാണെന്ന് പി ജയരാജൻ പറഞ്ഞു. ഖാദി ധരിക്കുന്നതോടെ യൂനിഫോം ഖാദിയാക്കിയ കേരളത്തിലെ ആദ്യ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ മാറും.

പുസ്തകോത്സവം; സംഘാടക സമിതി രൂപീകരണ യോഗം

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 16-ാമത് പുസ്തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. എം കെ രമേശ് കുമാര്‍, എം കെ മനോഹരന്‍, ഇ പി ആര്‍ വേശാല, ടി പി വേണുഗോപാലന്‍, പി വി രത്നാകരന്‍, പി പി സുകുമാരന്‍, പി പി ബാബു, ജില്ലാ സെക്രട്ടറി പി കെ വിജയന്‍, ജോയിന്റ് സെക്രട്ടറി വി കെ പ്രകാശിനി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. വി ശിവദാസന്‍ എം പി (ചെയര്‍മാന്‍), മുകുന്ദന്‍ മഠത്തില്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), പി കെ വിജയന്‍ (ജനറല്‍ കണ്‍വീനര്‍), കെ ശിവകുമാര്‍, വി സി അരവിന്ദാക്ഷന്‍, എം ബാലന്‍, പവിത്രന്‍ മൊകേരി രഞ്ജിത്ത് കമല്‍ (കണ്‍വീനര്‍മാര്‍) തിരഞ്ഞെടുത്തു.

ചികിത്സ ധനസഹായം കൈമാറി

പേരാവൂര്‍ ശാന്തി നികേതന്‍ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച നിധിന്‍ രാജ് ചികിത്സ ധനസഹായം ചികിത്സ കമ്മറ്റി ട്രഷറര്‍ എസ്.ടി രാജേന്ദ്രന്‍ മാസ്റ്റര്‍ക്ക് കൈമാറി. പ്രിന്‍സിപ്പാള്‍ റിജി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ മേരി ജോണി, നല്ലപാഠം ക്ലബ് കണ്‍വീനര്‍ കവിജ എം വി, വിദ്യാര്‍ത്ഥികളായ അനിറ്റ് മരിയ, അഭിമന്യു മനോജ് എന്നിവര്‍ സംസാരിച്ചു.

ഡ്രൈഡേ ആചരണവും പൊതു ശുചീകരണവും

അടയ്ക്കാത്തോട് ഗവ. യുപി സ്‌കൂളില്‍ എസ് എം സി യുടെ നേതൃത്വത്തില്‍ ഡ്രൈഡേ ആചരണവും പൊതു ശുചീകരണവും നടത്തി. കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കൂറ്റ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ സിബിച്ചന്‍ അടുക്കോലില്‍, ഷിബു, സാദിയ എന്നിവര്‍ നേതൃത്വം നല്‍കി.

വീടിന് മുകളില്‍ മരം പൊട്ടി വീണ് വീട് തകര്‍ന്നു

മാലൂര്‍ : വ്യാഴാഴ്ച ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ തോലമ്പ്ര ശാസ്ത്രി നഗര്‍ ഇന്ദിരാ നഗറിലെ കടത്തനാടന്‍ മാധവിയുടെ വീടിന് മുകളില്‍ മരം പൊട്ടി വീണ് വീട് തകര്‍ന്നു. മാലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.ഹൈമാവതിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി.

ദേശീയ പതാക കൈമാറി

പേരാവൂര്‍ : രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂളുകളിലേക്ക് ദേശീയ പതാക കൈമാറുന്നതിന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളര്‍വള്ളി എല്‍ പി സ്‌കൂളില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനശേന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്‍, പ്രീതി ലത, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷാനി എന്നിവര്‍ സംബന്ധിച്ചു.

ക്വിറ്റ് ഡ്രഗ്‌സ് സന്ദേശവുമായി ആന്റി നാര്‍ക്കോട്ടിക് യൂത്ത് ടാസ്‌ക് ഫോഴ്‌സ്

കണ്ണൂര്‍ : ക്വിറ്റ് ഡ്രഗ്‌സ് എന്ന സന്ദേശവുമായി ആന്റി നര്‍കോട്ടിക് യൂത്ത് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തകര്‍ രംഗത്ത്. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളേജുകളിലും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ സെമിനാറുകളും സിനിമാപ്രദര്‍ശനവും കൗണ്‍സിലിംഗും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്വിറ്റ് ഡ്രഗ്‌സ്
പരിപാടിക്ക് തുടക്കം കുറിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ വെടിയേറ്റ ധീര സൈനികന്‍ ശൗര്യചക്ര മേജര്‍ മനേഷിന് ലോഗോ കൈമാറി ഉദ്ഘാടനം ചെയ്തു. ആന്റി നര്‍ക്കോട്ടിക് യൂത്ത് ടാസ്‌ക് ഫോഴ്‌സ് കേരളം ചെയര്‍മാന്‍ റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപന്‍ തൈക്കണ്ടി, സനോജ് നെല്ല്യാടന്‍, ബാദുഷ മഞ്ചപ്പാലം, സിതിന്‍ വേണുഗോപാല്‍, സഞ്ജയ് പി പാലായി തുടങ്ങിയവര്‍ സംസാരിച്ചു.

ഇമ്പ്‌ലിമെന്റ് ഏജന്‍സി പരിശോധന നടത്തി

ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് പ്രതിരോധ മാര്‍ഗം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി, ടി.ആര്‍.ഡി.എം വനം വകുപ്പ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഇമ്പ്‌ലിമെന്റ് ഏജന്‍സിയാണ് സ്ഥലപരിശോധന നടത്തിയത്. സ്ഥലപരിശോധന നടത്തി വര്‍ക്കിംഗ് എസ്റ്റിമേറ്റ് തയ്യാറാക്കുക എന്നതാണ് ഏജന്‍സിയുടെ ലക്ഷ്യം. നിലവിലുള്ള ആനമതില്‍ ശക്തിപ്പെടുത്തുക, നികന്നു പോയ ട്രഞ്ചുകള്‍ പുനസ്ഥാപിക്കുക, പത്തര കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഏജന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ പി.പ്രസാദ്, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നാരോത്ത്, പിഡബ്ല്യുഡി
ഇരിട്ടി സെക്ഷന്‍ അസി. ഇലട്രിക്കല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിഷ്ണു, ബില്‍ഡിംഗ് ഒവര്‍സിയര്‍ വിപിന്‍, പ്രസാദ്, രഘു, ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍, അനൂപ്, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ്, വാര്‍ഡ് മെമ്പര്‍ മിനി ദിനേശന്‍, കീഴ്പ്പള്ളി സെക്ഷന്‍ ഫോറസ്റ്റര്‍ പി.പ്രകാശന്‍, മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ മഹേഷ്, ആറളം ഫോറസ്റ്റര്‍ കെ.രാജു മറ്റ് ജനപ്രതിനിധികള്‍, ബീറ്റ് ഫോറസ്റ്റര്‍മാര്‍, വാച്ചര്‍മാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

നിറപുത്തരി ചടങ്ങുകള്‍ നടന്നു

മണത്തണ ശ്രീ കുണ്ടേന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി, സേതുനാഥ് വാര്യര്‍, ബാലകൃഷ്ണമാരാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കൊട്ടിയൂര്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ആക്കല്‍ ദാമോദരന്‍ നായര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സദസ്സ്

പേരാവൂര്‍ : കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം തടയുക, നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സദസ്സ് നടത്തി. പേരാവൂര്‍ റീജിയണല്‍ ബാങ്കിന് മുന്നില്‍ നടന്ന പരിപാടി സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.വി രാജേഷ്, പി.വി പ്രകാശന്‍, എ.ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.