Hivision Channel

latest news

ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട യുവാവ് മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായറാണ് മരിച്ചത്. ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. കാക്കനാട്ടെ ഹോട്ടലില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറോട് യുവാവ് നല്‍കിയ മൊഴി പ്രകാരം ഷവര്‍മ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞു.

യുവാവിന്റെ പരാതിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവര്‍മയോടൊപ്പം വിതരണം ചെയ്തോ എന്നടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു വരുന്നത്.

എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാന്‍ തീരുമാനം

എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാന്‍ തീരുമാനം. നിര്‍ദേശം എന്‍സിആര്‍ടി പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചു. പുരാതന ചരിതമെന്നത് ക്ലാസിക്കല്‍ ചരിത്രമാകും. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാന്‍ എന്‍ സി ഇ ആര്‍ ടി സമിതി ശുപാര്‍ശ നല്‍കി.

സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിആര്‍ടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്. സമിതി ഐകകണ്‌ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം.

പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളില്‍ ഇന്ത്യന്‍ രാജാക്കന്മാരുടെ ചരിത്രം കൂടൂതല്‍ ഉള്‍പ്പെടുത്തും.

മാര്‍ത്താണ്ഡ വര്‍മ്മയുടെ ചരിത്രവും പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തതെന്നും സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു.

ബസ് വാങ്ങാന്‍ 19.50 ലക്ഷം രൂപ അനുവദിച്ചു

തില്ലങ്കേരി:തില്ലങ്കേരി ഗവ. യു പി സ്‌കൂളിന് ബസ് വാങ്ങാന്‍ പിടി ഉഷ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 19.50 ലക്ഷം രൂപ അനുവദിച്ചു.വത്സന്‍ തില്ലങ്കേരി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.

സംസ്ഥാന ജൂനിയര്‍,സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ചാമ്പ്യന്‍മാര്‍

കോതമംഗലം എംഎ കോളേജില്‍ വെച്ച് നടന്ന സംസ്ഥാന ജൂനിയര്‍,സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട ഓവറോള്‍ കിരീട നേട്ടം സ്വന്തമാക്കി കണ്ണൂര്‍.ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റികര്‍വ്വ് റൗണ്ട് ഗേള്‍സ് വിഭാഗത്തില്‍ ശ്രീരുദ്ര വിനോദ് ,ഇന്ത്യന്‍ റൗണ്ട് ഗേള്‍സ് വിഭാഗത്തില്‍ റിയ മാത്യു , ഇന്ത്യന്‍ റൗണ്ട് ബോയ്‌സ് വിഭാഗത്തില്‍ ഇ വി നന്ദു എന്നിവര്‍ സ്വര്‍ണ്ണവും, അഭിമന്യു രാജഗോപാല്‍ വെങ്കലം, റികര്‍വ്വ് റൗണ്ട് ബോയ്‌സ് വിഭാഗത്തില്‍ വി സോനു വെള്ളി മെഡല്‍ ഉള്‍പ്പെടെ 19 പോയന്റ് നേടി.തുടര്‍ച്ചയായ 7 ാം വര്‍ഷമാണ് കണ്ണൂര്‍ ജൂനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്. സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ 17 പോയന്റ് നേടിയാണ് കണ്ണൂര്‍ സീനിയര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്.സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റൗണ്ട് പുരുഷ വിഭാഗത്തില്‍ ദശരഥ് രാജഗോപാല്‍ സ്വര്‍ണ്ണവും,ഇന്ത്യന്‍ റൗണ്ട് വനിത വിഭാഗത്തില്‍ റിയ മാത്യു വെള്ളിയും,റികര്‍വ്വ് റൗണ്ട് വനിത വിഭാഗത്തില്‍ അനാമിക സുരേഷ് സ്വര്‍ണ്ണവും,ശ്രീരുദ്ര വിനോദ് വെള്ളിയും,യു അളകനന്ദ വെങ്കല മെഡലും നേടിയാണ് കണ്ണൂര്‍ കിരീടം ഉറപ്പിച്ചത്. നാലാം സ്ഥാനം നേടിയ എസ് ശ്രീലക്ഷ്മി, അളകനന്ദ ഉള്‍പ്പെടെ 12 പേര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കോച്ച് സി ആര്‍ ബാലകൃഷ്ണനാണ് കോച്ച്, ജോസബിന്‍, ബീന രാജേഷ് എന്നിവര്‍ ടീം മാനേജര്‍മാരും

വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാലാം പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി ബിനാനി സിങ് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അടച്ചുപൂട്ടിയ ഫാക്ടറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസിലെ നാലാം പ്രതിയായിരുന്നു മധു. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേരാണു കേസിലെ പ്രതികള്‍. ഇതില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ പ്രദീപ് വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വയനാട്ടില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആര്‍ അറിയിച്ചത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയില്‍ ഊന്നിയാണ് പ്രവര്‍ത്തനം. രോഗ ലക്ഷണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.

കോഴിക്കോട് നിപ നിയന്ത്രിക്കാന്‍ കഴിഞ്ഞു. 42 ദിവസം ഇന്‍ക്യുബേഷന്‍ പിരീഡ് നാളെയവസാനിക്കും. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതും കൃത്യമായ ഇടപെടല്‍ നടത്തിയതും സഹായകരമായി. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നിപ നിയന്ത്രണത്തിലേക്ക് എത്താന്‍ സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

ലഗേജ് പരിശോധനയ്ക്കിടെ ബോംബ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍. ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന്‍ ആണ് പിടിയിലായത്.

ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി.

ഒമ്പത് വയസുകാരന്‍ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍

തൃശൂരില്‍ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് കളിക്കാനായി സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയില്‍ മൃതദേഹം കണ്ടത്. തുറസായ മാലിന്യക്കുഴിയിലേക്ക് സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

പ്രദേശത്ത് വാടകയക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പറമ്പില്‍ സൈക്കിളോടിച്ചു കളിക്കുകയായിരുന്നു കുട്ടി. തൊട്ടടുത്ത പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴി പറമ്പിലുണ്ടായിരുന്നു. കുഴി മൂടിയിരുന്നില്ല അതിലാണ് കുട്ടി വീണു കിടന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കണ്ണവം: 20 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷാണ് പോലീസിന്റെ പിടിയിലായത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരിയില്‍ വച്ച് ഗണേശന്‍ ഓടിച്ചിരുന്ന ലോറി ഇടിച്ച് 3 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കണ്ണവം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 20 വര്‍ഷത്തിനുശേഷം ഗണേഷ് അറസ്റ്റിലായത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരും

സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും.അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മലയോര മേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.