Hivision Channel

Local News

മദ്യപിക്കാൻ പണം നൽകിയില്ല; കൊല്ലത്ത് മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു

മദ്യപിക്കാൻ പണം നൽകാത്ത വിരോധത്തിൽ അച്ഛനെ മർദിച്ചുകൊലപ്പെടുത്തിയ മകൻ പിടിയിൽ. ചവറ തേവലക്കര കോയിവിള പാവുമ്പ അജയഭവനത്തിൽ (കുറവരുതെക്കതിൽ) അച്യുതൻ പിള്ള(75)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം.

അച്യുതൻ പിള്ളയുടെ മകൻ മനോജ്കുമാറി(37)നെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മണിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സലീം, രാജേഷ്, സി.പി.ഒ. രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അച്യുതൻ പിള്ളയെ മനോജ്കുമാർ പലപ്പോഴും ഉപദ്രവിക്കുമായിരുന്നു. വസ്തു വിറ്റതുമായി ബന്ധപ്പെട്ട പണം മനോജ് ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് അച്യുതൻ പിള്ളയെ മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ ഉടൻ ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ വിവമറിയിച്ചു. പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ അച്യുതൻ പിള്ളയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ചന്ദ്രികാമ്മ. അജയകുമാറാണ് അച്യുതൻ പിള്ളയുടെ മറ്റൊരു മകൻ.

കാപ്പാടും പൊന്നാനിയിലും ഇന്ന് മാസപ്പിറവി ദർശിച്ചതോടെ വിശുദ്ധ റംസാൻ മാസത്തിന് തുടക്കമായി.

റംസാൻ വ്രതാനുഷ്ഠാനം നാളെ ആരംഭിക്കുമെന്ന് ഖാസിമാരും മുസ്ലീം സമുദായ നേതാക്കളും അറിയിച്ചു.പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം വി.പി സുഹൈബ് മൗലവി എന്നിവർ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.

അതേസമയം ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റംസാൻ വ്രതം ആരംഭിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളില്‍ ഞായറാഴ്ച മാസപ്പിറവി ദർശിച്ചു. ചന്ദ്രനെ കണ്ടതായി ആദ്യം സ്ഥിരീകരിച്ചത് സൗദി അറേബ്യയിലാണ്

കൊയിലാണ്ടിയിൽ സി.പി.എം. ലോക്കൽ സെക്രട്ടറി വെട്ടേറ്റുമരിച്ചു; പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.കൊയിലാണ്ടിയിൽ ഹർത്താൽ

കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി. സത്യനാഥൻ (62) വെട്ടേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിൽ കീഴടങ്ങിയതായി പോലീസ് അറിയിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേൾക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറകിലൂടെ വന്നാണ് അക്രമി വെട്ടിയതെന്നാണ് സൂചന. ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും കാട്ടുന്നതായി പോലീസ് അറിയിച്ചു.സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ്‌ കോംപ്ലക്സ് മാനേജരാണ്‌. അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ് (ആക്സിസ് ബാങ്ക്), സലീന. മരുമക്കൾ: അമ്പിളി, സുനു.കൊയിലാണ്ടിയിൽ ഹർത്താൽസി.പി.എം. ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ട് കാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലാണ് ഹർത്താൽ.

പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം.

കേളകം:ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത് അപകടത്തിൽ കേളകം അടക്കാത്തോട് റോഡിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനവും പച്ചക്കറി കടയും തകർന്നു. വാട്ടർ അതോറിറ്റിക്ക് വേണ്ടി ഓടുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വ്യാപാര സ്ഥാപനത്തിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല

റിസ ഫാത്തിമയെ അനുമോദിച്ചു

പേരാവൂര്‍:സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ റിസ ഫാത്തിമയെ ഡിവൈഎഫ്‌ഐ ബംഗ്ലക്കുന്ന് യൂണിറ്റ് അനുമോദിച്ചു.പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍ ഉപഹാരം നല്‍കി.യൂണിറ്റ് പ്രസിഡണ്ട് അശ്വതി കെ.ടി അധ്യക്ഷയായി.എം വത്സന്‍,ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി കെ എ രജീഷ്,മേഖല സെക്രട്ടറി യൂനുസ്, യൂണിറ്റ് സെക്രട്ടറി ആശ്രിത്, മേഖല കമ്മിറ്റി അംഗം അഖില്‍, എം സജീവന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്സ് പരീക്ഷയിലും മാറ്റം വരും. പരിഷ്‌ക്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു.സീനിയര്‍ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണറാണ് സമിതിയുടെ അധ്യക്ഷന്‍.ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവില്‍ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം ഡ്രൈവിങ്ങില്‍ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

പേരാവൂർ കുറൂഞ്ഞിയിൽ 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ.

പേരാവൂര്‍:വെള്ളിയാഴ്ച വൈകുന്നേരം കുനിത്തല കുറൂഞ്ഞി ഭാഗത്ത് ആള്‍ത്താമസമില്ലാത്ത പുരയിടത്തില്‍ വന്‍തോതില്‍ ചാരായ നിര്‍മ്മാണം നടത്തിയ കുറൂഞ്ഞി സ്വദേശി സുമേഷ് നാല്‍പ്പാടി സ്വദേശി അജേഷ് എന്നിവരാണ് അറസ്റ്റിലായത്.എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എം പി. സജീവന് ലഭിച്ചരഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ചാരായ നിര്‍മ്മാണത്തിനിടെ ഇവര്‍ പിടിയിലായത്.


സംഭവ സ്ഥലത്ത് നിന്നും 75 ലിറ്റര്‍ വാഷും 28 ലിറ്റര്‍ ചാരായവും ഗ്യാസ് സിലിണ്ടറും, സ്റ്റൗവും അടക്കം വാറ്റുപകരണങ്ങളും കണ്ടെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ എം പി. സജീവന്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍.പത്മരാജന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ബാബുമോന്‍ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷ്. സി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീജ കാവളാന്‍ എക്‌സൈസ് ഡ്രൈവര്‍ ധനീഷ്.സി എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു

ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്

മാലൂര്‍: സേവാഭാരതി മാലൂര്‍ യൂണിറ്റിന്റെയും മലബാര്‍ കാന്‍സര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും സ്വയം സ്തനാര്‍ബുദ നിര്‍ണയ പരിശീലന ക്ലാസും നടത്തി.മാലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ആനി ജെ ബെന്‍സണ്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി
മാലൂര്‍ യൂണിറ്റ് പ്രസിഡന്റ് എം രമേശ് ബാബു അധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി പി രാജീവ് ,കമ്യൂണിറ്റി ഓണ്‍കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ:ഫിന്‍സ് എം ഫിലിപ്, ബീന മനു, കെ പി രാജേഷ്, സുബിന രാജീവന്‍, എം ലിലാമണി,പി വി രവീന്ദ്രന്‍ ,പുതുക്കുടി പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തെറ്റുവഴിയിൽ ബൈക്ക് അപകടം രണ്ട് പേർക്ക് പരിക്ക്‌

പേരാവൂർ: തെറ്റുവഴി പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക്‌ പരിക്ക് കുനിത്തല ചൗള നഗർ സ്വദേശികളായ സുധീഷ് , വിവേക് എന്നിവർക്കാണ് പരിക്ക് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.30ഓടെ ആയിരുന്നു അപകടം

കൊട്ടിയൂരിൽ ഭാരത പ്രകൃതി കൃഷി പദ്ധതി പ്രകാരം പരിശീലന പരിപാടി നടത്തി

കൊട്ടിയൂർ:കേരള കാർഷിക വികസന കാർഷക ക്ഷേമ വകുപ്പ് കൃഷിഭവൻ കൊട്ടിയൂരിൻ്റെ ആഭിമുഖ്യത്തിൽ നവകേരള സദസിൻ്റെ ഭാഗമായി ഭാരത പ്രകൃതി കൃഷി പദ്ധതി പ്രകാരം പരിശീലന പരിപാടി നടത്തി.ഔഷധ സസ്യങ്ങളും മാർക്കറ്റിംഗും എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ പരിശിലനപരിപാടിയിൽ പ്രശസ്ത പ്രകൃതി ചികിൽസകൻ എൻ.ഇ.പവിത്രൻ ഗുരുക്കൾ ക്ലാസെടുത്തു. കൃഷി ഓഫീസർ എ.അപർണ പരിപാടി ഉൽഘാടനം നടത്തി. കൃഷി അസിസ്റ്റൻറ് റെജി, ഡോ. ചാർളി എന്നിവർ സംസാരിച്ചു