Hivision Channel

latest news

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പ്രശ്‌നങ്ങള്‍ ബാക്കിനില്‍ക്കുന്നത് വൈദ്യുതി വകുപ്പില്‍ മാത്രം. ബാക്കി വകുപ്പുകള്‍ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ല. പരിഹരിച്ചു മുന്നോട്ടു പോവുകയാണ്. മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമര്‍ശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമര്‍ശനം തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടേയും. സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: ഒഴിവുകള്‍ നികത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി, ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദ്ദേശം

കേരളത്തിലെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. പുതിയതായി വരുന്ന ഒഴിവുകള്‍ നേരത്തെ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള ഡോക്ടര്‍മാര്‍ക്ക് ഉടന്‍ സ്ഥാനക്കയറ്റം നല്‍കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി.

യോഗ്യതയും നിശ്ചിത സര്‍വീസ് വ്യവസ്ഥകളും പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് എത്രയും വേഗം പ്രൊമോഷന്‍ നല്‍കാനാണ് തീരുമാനം. ഇതിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഉപദേശവും ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റിയുടെ അംഗീകാരവും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി നടപടികളുമായി മുന്നോട്ട് പോകാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

സ്ഥാനക്കയറ്റം നല്‍കുന്നതോടെ നിലവില്‍ ഒഴിവു വരുന്ന തസ്തികകളില്‍ പുതിയ നിയമനങ്ങള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ആവശ്യത്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ 24 മണിക്കൂര്‍ സേവനങ്ങള്‍ താറുമാറാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍പ് സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ക്ക് പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്തു.

സംസ്ഥാനത്ത് താപനില ഉയര്‍ന്നു

മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നു. ഇന്നലെ കൊല്ലം പുനലൂരില്‍ സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന് 36.2 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതല്‍ 4.7 ഡിഗ്രി വരെ താപനില ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങള്‍ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടില്‍ ജനം വലയുമ്പോള്‍ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. നിയന്ത്രണ മുന്നറിപ്പായാണ് കെഎസ്ഇബി നല്‍കുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടില്‍ ജനം വലയുമ്പോള്‍ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. നിയന്ത്രണ മുന്നറിപ്പായാണ് ഈ കണക്ക് കെഎസ്ഇബി പറയുന്നത്. കഴിഞ്ഞ വര്‍ഷം 80 ശതമാനായിരുന്നെുവെങ്കില്‍ അണക്കെട്ടുകളില്‍ഇപ്പോള്‍ 64 ശതമാനം വെള്ളം മാത്രമാമുള്ളത്. പ്രതീക്ഷിച്ച നീരൊഴുക്കുമില്ല. എന്നാല്‍ വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയര്‍ന്ന നിലയിലുമാണ്

തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. അമിതവേഗത്തില്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിക്കുകയായിരുന്നു. തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, മൂന്നു വയസ്സുള്ള എമില്‍ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് യാത്രികരെ പിടിച്ചു തെറിപ്പിക്കുകയും തുടര്‍ന്ന് കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുനീറും ഷിഫ്നെയും മരിച്ചിരുന്നു. ചികിത്സയിരിക്കെയാണ് എമില്‍ മരിച്ചത്. അപകടത്തില്‍ കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു.

ഒരു വിവാഹ സത്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുനീറും കുടുംബവും. കുട്ടിയ്ക്ക് മൂത്രശങ്ക തോന്നിയതിനെ തുടര്‍ന്നാണ് മുനീര്‍ റോഡരികില്‍ വണ്ടി നിര്‍ത്തിയത്. ഈ സമയത്താണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. ബൈക്കോടിച്ചിരുന്ന മുനീര്‍ 50 മീറ്റര്‍ ദൂരേക്ക് തെറിച്ചു പോയി. തൊട്ടടുത്തുണ്ടായിരുന്ന മതിലിന്റെ ഭാഗം തകര്‍ത്ത് അപ്പുറത്തെ പറമ്പിലേക്കാണ് മുനീര്‍ ചെന്ന് വീണത്. ഭാര്യയും കുഞ്ഞിനെയും ആശുപത്രിയിലെക്ക് കൊണ്ടുപോയിട്ടും മുനീറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത പറമ്പില്‍ മുനീറിനെ കണ്ടെത്തിയത്.

ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍ (പതിനേഴാം വാര്‍ഡ്), പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാര്‍ഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന് നടക്കും. സെപ്റ്റംബര്‍ 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 11 നാണ് സൂക്ഷ്മപരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.

പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡ് 17 ഉരുവച്ചാലിലും പെരുമാറ്റച്ചട്ടം ഇതിനകം നിലവില്‍വന്നു. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഉദ്യോസ്ഥര്‍ക്കുള്ള പരിശീലനം 23ന് രാവിലെ 10 മണിക്കും ഇ.വി.എം കമ്മീഷനിംഗ് പരിശീലനം ഉച്ചയ്ക്ക് 2 മണിക്കും കണ്ണൂര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം;വൈകിട്ട് 6 മണിക്കും രാത്രി 12നും ഇടയില്‍ പവര്‍ക്കട്ടിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് കെ എസ് ഇ ബി. അന്തരീക്ഷ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.

ഈ സാഹചര്യത്തില്‍ വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയില്‍ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയരുകയും 12,000 മെഗാവാട്ടിന്റെ കുറവ് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വന്‍സി കുറയുകയോ ചെയ്താല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും വിശദീകരിച്ചിട്ടുണ്ട്.

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കി.

കായിക മേള നടത്തിപ്പിനായി കണ്ണൂര്‍ ഒരുങ്ങുന്നതിനിടെയാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന കായിക മേളയിലാണ് കണ്ണൂരിനെ അടുത്ത വേദിയായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. പതാകയും കൈമാറി. എന്നാല്‍,
സര്‍ക്കാര്‍ മാറിയതോടെയാണ് എന്‍ഐടി പ്രധാന വേദിയായി കോഴിക്കോട് കായിക മേള നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഒരു അറിയിപ്പും വേദി മാറ്റുന്ന കാര്യത്തില്‍ കിട്ടിയില്ലെന്നും, കാരണം വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ കായികമേള കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ച കാര്യം അറിയില്ലെന്നും കണ്ണൂരിന് താല്‍പര്യമുണ്ടെങ്കില്‍ അടുത്ത തവണ നടത്താമെന്നും വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും പ്രതികരിച്ചു. ഒക്ടോബര്‍ 24 മുതല്‍ 29 വരെയാണ് കോഴിക്കോട് കായിക മേള നടക്കുക.

കാക്കയങ്ങാട് പിഞ്ഞാണപാറയില്‍ സ്വകാര്യ വ്യക്തിയുടെ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടി

കാക്കയങ്ങാട്: പിഞ്ഞാണപാറയില്‍ സ്വകാര്യ വ്യക്തിയുടെ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടി.രഹസ്യവിവരത്തെ തുടര്‍ന്ന് മുഴക്കുന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 197 ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍ വീടിന്റെ ബാത്‌റൂമില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ദേവദാസ്, ജോസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് അധ്യാപകദിനം

ഇന്ന് അധ്യാപകദിനം. വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകരുടെ പങ്ക് നിസ്തുലമാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്.

1962-ല്‍ ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയായി ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ നിയമിതനായപ്പോള്‍ ശിഷ്യഗണത്തില്‍പ്പെട്ട ചിലര്‍ അദ്ദേഹത്തെ കാണാനെത്തി. ഡോക്ടര്‍ രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അധ്യാപകനായ തന്റെ ജന്മദിനം തന്റെ പേരില്‍ ആഘോഷിക്കരുതെന്നും അധ്യാപകദിനമായി ആഘോഷിക്കാനുമായിരുന്നു ഡോക്ടര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം.

നിര്‍മിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകള്‍ വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ ഉപാധികളായി മാറുമ്പോള്‍ വഴികാട്ടികളാവുകയെന്ന കര്‍ത്തവ്യമാണ് പ്രധാനമായും അധ്യാപകര്‍ക്കുള്ളത്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിക്കുന്നതിനു പുറമേ, മൂല്യബോധവുള്ളവരും സാമൂഹികബോധവുമുള്ളവരായി അവരെ വാര്‍ത്തെടുക്കേണ്ട ചുമതലയും അധ്യാപകര്‍ക്കാണ്. അറിവ് ലഭിക്കാന്‍ ഇന്ന് നമുക്ക് ഒരായിരം മാര്‍ഗങ്ങളുണ്ട്. പക്ഷേ ആത്മവിശ്വാസമുള്ള ഒരു പൗരനെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരില്ലാതെ നമുക്കാവില്ല.

ജാതിമതചിന്തകളാല്‍ ബന്ധിതമായ ഒരു സമൂഹമല്ല മറിച്ച് എല്ലാ മനുഷ്യരേയും സമന്മാരായി കാണുന്ന ലോകം സൃഷ്ടിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും ധാര്‍മ്മികതയും വളര്‍ത്തുന്നതിനൊപ്പം അവരിലെ വിമര്‍ശനാത്മകചിന്തയെ ഉത്തേജിപ്പിക്കുകയെന്ന ഉത്തരവാദിത്തവും അധ്യാപകര്‍ക്കുണ്ട്.

അനുഭവവും അറിവും ചേരുമ്പോഴാണ് ഒരു അധ്യാപകനുണ്ടാകുന്നത്. ആ അറിവിന്റെ പകര്‍ന്നാട്ടമാകണം അധ്യാപനം. ജ്ഞാനോദയത്തില്‍ കുഞ്ഞുമിഴികളില്‍ തെളിയുന്ന വിസ്മയഭാവം കണ്ട് ഹൃദയം നിറയുമ്പോഴാണ് അധ്യാപനം ഒരു തൊഴിലിനപ്പുറം ഒരു തപസ്യയായി മാറുന്നത്.