Hivision Channel

Kerala news

ഇരിട്ടി എം ജി കോളേജില്‍ നാലാം വര്‍ഷ ബിരുദ പാഠ്യ പദ്ധതി ചട്ടക്കൂട് മാറുന്ന പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഇന്‍ന്റേര്‍ണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി നാലാം വര്‍ഷ ബിരുദ പാഠ്യ പദ്ധതി ചട്ടക്കൂട് മാറുന്ന പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ കോളേജുകളിലും സര്‍വ്വകലാശാലകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ കരട് പാഠ്യ പദ്ധതി രേഖ പരിചയപ്പെടുത്താന്‍ വേണ്ടിയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.സെമിനാര്‍ കണ്ണൂര്‍ സര്‍വ്വകാലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.സാബു അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ഡോ. സ്വരൂപ ആര്‍ അധ്യക്ഷയായി. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും ഇന്‍ന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കണ്‍വീനറുമായ പ്രമോദ് വെള്ളച്ചാല്‍, ഡോ. റജി പായിക്കാട്ട്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം എന്‍. സത്യാനന്ദന്‍ , അസോ. പ്രൊഫസര്‍ സന്ധ്യ. സി.വി എന്നിവര്‍ സംസാരിച്ചു.പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തുന്നതിനായി രൂപീകരിച്ച ഇംപ്ലിമെന്റേഷന്‍ സെല്ലിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ഷഫീക്ക് വി പാഠ്യ പദ്ധതി സമീപനത്തെ കുറിച്ച് ക്ലാസെടുത്തു.സമീപ കോളേജുകളില്‍ നിന്നുള്ള അധ്യാപകരടക്കം സെമിനാറില്‍ പങ്കെടുത്തു.

നാളെ ലോക ഒ.ആര്‍.എസ് ദിനം

നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ് അഥവാ ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളില്‍ തടയാന്‍ ഒ.ആര്‍.എസ്. തക്കസമയം നല്‍കിയാല്‍ കഴിയുന്നതാണ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്. സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഒ.ആര്‍.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂലൈ 29 ന് ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്. ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍.എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ.ആര്‍.എസ്. ലായനി നല്‍കണം. ചര്‍ദ്ദിലോ വയറിളക്കമോ തുടരുന്നെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്.

4 ജില്ലകളില്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറില്‍ 4 ജില്ലകളില്‍ മഴക്ക് സാധ്യത. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയായ ശേഷം വെളിപ്പെടുത്തിയാലും അന്വേഷിക്കണമെന്ന് ഹൈക്കോടതി

കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയായ ശേഷം വെളിപ്പെടുത്തിയാലും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇക്കാരണത്താല്‍ കേസില്‍ അലംഭാവം കാണിക്കരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പിതാവിനെ കീഴ്‌കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് നിരീക്ഷണം. ഇത്തരം കേസുകളില്‍ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങള്‍ പല സാഹചര്യങ്ങള്‍കൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂര്‍ത്തിയായ ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് തെറ്റാണെന്ന് കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓരോ കേസും വസ്തുതയും സാഹചര്യവും അനുസരിച്ച് വേണം പരിഗണിക്കാനെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പിതാവിനെ കീഴ്‌കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

മദ്യവര്‍ജനമാണ് ഇടതുസര്‍ക്കാരിന്റെ നയമെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്

മദ്യവര്‍ജനമാണ് ഇടതുസര്‍ക്കാരിന്റെ നയമെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. യാഥാര്‍ത്ഥ്യബോധത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. കള്ളുചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനാണ് പുതിയ നയം ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ണാടകയില്‍ 3980ഉം തമിഴ്നാട്ടില്‍ 6380ഉം ഔട്ട്ലെറ്റുകളുള്ളപ്പോള്‍ കേരത്തില്‍ 309 ഔട്ട്ലെറ്റുകള്‍ മാത്രമാണുള്ളത്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് പറഞ്ഞ മന്ത്രി മദ്യവര്‍ജനമാണ് ഇടതുപക്ഷ നയമെന്ന് ആവര്‍ത്തിച്ചു.

പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ വന്‍ വഴിത്തിരിവ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ വന്‍ വഴിത്തിരിവ്. നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മന്‍കുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത് എന്നാണ് സൂചന. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുന്‍പ് ഭാര്യ അഫ്‌സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്‌സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്‌സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കല്‍, പൊലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പരിശോധനയും നടത്തിയിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് പിടികൂടിയത്. 221 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീറാണ് അറസ്റ്റിലായത്.

കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസ്;അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി.

കോഴിക്കോട് കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്‌ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ് നേരിട്ടത്. റാഗിങ്ങില്‍ ഉള്‍പ്പെട്ട ഏഴ് വിദ്യാര്‍ത്ഥികളാണ് കേസില്‍ നടപടി നേരിടുന്നത്. അഞ്ച് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കും. രണ്ട് പേരെ അഞ്ചാം സെമസ്റ്ററില്‍ പുറത്താക്കുകയും ആറാം സെമസ്റ്ററില്‍ തിരിച്ചെടുക്കുകയും ചെയ്യും.

മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മിഥിലാജിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. കോളജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു സംഭവം. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദനം. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേത്താണ് കേസ്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടകരമായ അവസ്ഥയിലുള്ള കുഴികള്‍ കോണ്‍ഗ്രീറ്റ് ചെയ്ത് നികത്തി

പേരാവൂര്‍: കളത്തില്‍ ജ്വല്ലറിയുടെ മുന്നിലെ അപകടകരമായ അവസ്ഥയിലുള്ള കുഴികള്‍ ഡിവൈഎഫ്ഐ പേരാവൂര്‍ നോര്‍ത്ത് മേഖല യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ കോണ്‍ഗ്രീറ്റ് ചെയ്ത് നികത്തി. മേഖല സെക്രട്ടറി യൂനുസ് മുരിങ്ങോടി, പ്രസിഡന്റ് വൈഷ്ണവ്, കമ്മിറ്റി അംഗങ്ങളായ നിഖിലേഷ്, സജീര്‍, വിഷ്ണു, സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.കുഴികള്‍ അപകടക്കെണിയൊരുക്കുന്നതിനെ കുറിച്ച് കഴിഞ്ഞദിവസം ഹൈവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിയൂര്‍ ജയിലിലെ തടവുകാര്‍ക്ക് ബീഡി വിറ്റ സംഭവത്തില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ ഒളിവില്‍

വിയൂര്‍ ജയിലിലെ തടവുകാര്‍ക്ക് ബീഡി വിറ്റ സംഭവത്തില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ ഒളിവില്‍. അസി പ്രിസണ്‍ ഓഫീസര്‍ എറണാകുളം കാലടി എച്ച് അജുമോനാണ് ഒളിവിലായത്. കേസിലെ അഞ്ചാം പ്രതിയായ അജുമോനെ ഇതുവരെയും പിടികൂടാനായില്ല.

ഗൂഗിള്‍ പേ വഴി പണം വാങ്ങിയായിരുന്നു ഉദ്യോഗസ്ഥന്‍ വില്‍പന നടത്തിയിരുന്നത്. തടവുകാരുടെ ബന്ധുക്കളില്‍ നിന്നുള്‍പ്പെടെ പണം വാങ്ങിയതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ജയിലിലെ അടുക്കളയുടെ ഭാഗത്ത് ജോലിക്കായി നിയോഗിക്കപ്പെട്ട തടവുകാരന്റെ കൈയില്‍ നിന്നാണ് ബീഡി പിടികൂടിയത്. ഓരോ കെട്ടിനും 2,500 രൂപ വീതമാണ് ഈടാക്കിയിരുന്നെന്നാണ് പരാതി.

തടവുകാരന്റെ ഭാര്യയുടെ ഫോണില്‍നിന്ന് ജയില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിലേക്ക് ഗൂഗിള്‍ പേ വഴി പണം കൈമാറുകയായിരുന്നു പതിവെന്ന് പറയുന്നു. പണം കൈമാറിയ ഫോണ്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ എന്നിവയും തടവുകാരന്‍ മൊഴിയില്‍ വെളിപ്പെടുത്തി. ഇവ ജയില്‍ സൂപ്രണ്ട് പൊലീസിന് കൈമാറി.