Hivision Channel

latest news

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധശിക്ഷ

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറ് വയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ. . ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

നാലു കേസുകളില്‍ മരണം വരെ തടവും കോടതി വിധിച്ചു. നാലു ലക്ഷത്തില്‍ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകെ 92 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2021 ഒക്ടോബര്‍ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.

വള്ളിത്തോട് വൈസ് മെന്‍ ക്ലബ്ബ് 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം

ഇരിട്ടി:വള്ളിത്തോട് വൈസ് മെന്‍ ക്ലബ്ബ് 2023-24 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വള്ളിത്തോട് സ്‌കൈ പാരഡൈസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് വൈസ് മെന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ. ജോസ് ആന്റണി ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് സെക്രട്ടറി ഷാജി അലക്‌സ്, ഡിസ്ട്രിക്ട് ട്രഷറര്‍ ബാബു ജോസഫ്, ഡിസ്ട്രിക്ട് ബുള്ളറ്റിന്‍ എഡിറ്റര്‍ ജോഷി ജോണ്‍, തോമസ് സി ജെ, റ്റിസി എം തോമസ്, സണ്ണി എന്‍ ഡി എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി രഞ്ജു ജോസഫ് (പ്രസിഡണ്ട്), ജയ്‌സണ്‍ തോമസ് (സെക്രട്ടറി), ജോസഫ് ടി എം
(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

വിദ്യാഭ്യാസ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജോലി സമയത്ത് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസില്‍ ഹാജരാകാതിരുന്നത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് അഞ്ചു ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഓഫീസില്‍ ഹാജരില്ല എന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിക്കുകയും നിധുന്‍, സുജികുമാര്‍, അനില്‍കുമാര്‍, പ്രദീപ്, ജയകൃഷ്ണന്‍ എന്നിവരാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ല എന്ന് കണ്ടെത്തുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്.

ചെങ്ങന്നൂര്‍ ആര്‍ഡിഡി ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവിലും മന്ത്രി വി.ശിവന്‍കുട്ടി ഒപ്പുവച്ചു.

അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. ചിറ്റൂര്‍ സബ് കോടതിയിലാണ് മീനാക്ഷിപുരം പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. കവര്‍ച്ചയ്ക്ക് സഹായം നല്‍കിയ കൂടുതല്‍ പേരെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് 26നാണ് തൃശൂരില്‍ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടു പോയ വ്യാപാരിയെ അക്രമിച്ച് സ്വര്‍ണം തട്ടിയത്.

കേരളത്തില്‍ 5 ദിവസം വ്യാപക മഴക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ഒഡിഷക്കും – വടക്കന്‍ ആന്ധ്രാ പ്രാദേശിനും മുകളിലായി ന്യൂന മര്‍ദ്ദം നിലനില്‍ക്കുന്നു. ജൂലൈ 24 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ക്യൂ ആര്‍ കോഡ് വിതരണോദ്ഘാടനം

കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മുഖാന്തരമുളള ക്യൂ ആര്‍ കോഡിന്റെ വിതരണോദ്ഘാടനം സംഘടിപ്പിച്ചു.ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് വൈസ് പ്രസിഡന്റ് സുരേഷ് ബാബുവിന് ക്യൂ ആര്‍ കോഡ് നല്‍കി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍,ജനറല്‍ സെക്രട്ടറി എം.സി സിബിച്ചന്‍, വൈസ് പ്രസിഡന്റ് ഷാജി പാമ്പാടിയില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതിഷേധ പ്രകടനം

കേളകം: മണിപ്പൂര്‍ കലാപം അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തതിലും കലാപത്തിന്റെ മറവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍ കേളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.തങ്കമ്മ സ്‌കറിയ, മൈഥിലി രമണന്‍, ബീന ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ മികച്ച നേട്ടവുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ്

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ് മികച്ച വിജയം നേടി. തില്ലങ്കേരി ഡിവിഷനില്‍ നിന്നും വിജയിച്ച് ഭരണ സമിതിയിലെത്തിയ നജീദ ചുമതല ഏറ്റെടുക്കുമ്പോള്‍ തന്നെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിനും രജിസ്റ്റര്‍ ചെയ്തു. ചാല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പത്താംതരം വിജയിച്ചതിന് ശേഷം ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് പഠിച്ചു. തുടര്‍ പഠനം നടന്നില്ല.

നോഡല്‍ പ്രേരക് എ ജിജിന ആണ് ഹയര്‍ സെക്കന്ററി പഠനത്തിന് വഴി കാട്ടിയായതെന്ന് നജീദ പറഞ്ഞു. മട്ടന്നൂരിലെ ചുമട്ട് തൊഴിലാളിയായ ഭര്‍ത്താവ് സാദിഖിന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. മലയാളം സാഹിത്യത്തില്‍ ബിരുദപഠനത്തിനുള്ള തയ്യാറെടുപ്പിലാണ് നജീദ.

കണ്ണൂര്‍ കെ എസ് ആര്‍ ടി സി കൊറിയര്‍ സര്‍വ്വീസ് തുടങ്ങി

കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊറിയര്‍ സര്‍വ്വീസ് ആരംഭിച്ചു. ജില്ലയില്‍ കണ്ണൂര്‍ ഡിപ്പോയിലും പയ്യന്നൂര്‍ ഡിപ്പോയിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ കൊറിയര്‍ എത്തും. പാഴ്‌സലുകള്‍ കൃത്യമായി കവര്‍ ചെയ്ത് തിരിച്ചറിയല്‍ രേഖ സഹിതം എത്തി കൊറിയര്‍ അയക്കാം. കേരളത്തിലെ പ്രധാന ഡിപ്പോകളില്‍ 24 മണിക്കൂറും കൊറിയര്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ഏഴ് ദിവസവും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി. കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗത്തില്‍ കൊറിയറും പാഴ്‌സലും അയക്കാം. ഫോണ്‍: 0497 2707777.

കെ എസ് ഇ ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് അംഗീകാരം

വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള കെ എസ് ഇ ബിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി. പദ്ധതിയുടെ കാലാവധി ജൂലൈ 20 മുതല്‍ ഡിസംബര്‍ 30 വരെയായിരിക്കും. നിലവില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ക്കാണ് പദ്ധതി വഴി കുറഞ്ഞ പലിശ നിരക്കില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ കഴിയുക.
2023 മാര്‍ച്ച് 31ലെ കണക്കുകളനുസരിച്ച് കെ എസ് ഇ ബിക്ക് ഉപഭോക്താക്കളില്‍നിന്ന് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക 3260 കോടി രൂപയോളമാണ്. നിലവില്‍, വൈദ്യുതി കുടിശ്ശികയ്ക്ക് കെ എസ് ഇ ബി 18 ശതമാനം പിഴപ്പലിശയാണ് ഈടാക്കുന്നത്. എന്നാല്‍ ഒറ്റത്ത വണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് ആറ് ശതമാനം പലിശയും, അഞ്ച് വര്‍ഷം മുതല്‍ 15 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് അഞ്ച് ശതമാനം പലിശയും 15 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശ്ശികയ്ക്ക് നാല് ശതമാനം പലിശയും നല്‍കിയാല്‍ മതി.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് മുതലും പലിശയും തിരിച്ചടക്കാന്‍ 12 തവണകള്‍ വരെ അനുവദിക്കും. കോടതി നടപടികളില്‍ കുടുങ്ങി തടസ്സപ്പെട്ടുകിടക്കുന്ന കുടിശ്ശികകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടച്ചു തീര്‍ക്കാം.
വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ക്ക് കാലയളവില്‍ അടക്കേണ്ട മിനിമം ഡിമാന്റ് ചാര്‍ജ് പുനര്‍നിര്‍ണ്ണയം ചെയ്ത്, മിനിമം ഡിമാന്റ് ചാര്‍ജില്‍ കുറവു വരുത്തി പിരിച്ചെടുക്കുന്നതിന് കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം തേടിയ ഉപഭോക്താക്കളില്‍, പല കാരണങ്ങളാല്‍ ഈ പദ്ധതി വഴി കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.