Hivision Channel

latest news

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഏഴ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്,തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 38 ശതമാനം കുറവ് വേനല്‍ മഴയാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രദേശിക ഭാഷകളിലും നടത്തും. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്. അടുത്തവര്‍ഷം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ട്രെയിന്‍ തീവെപ്പ്; അന്വേഷണം കൂടൂതൽ പേരിലേക്ക്, ചോദ്യം ചെയ്യൽ ദില്ലിയിലേക്കും

കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം കൂടൂതല്‍ പേരിലേക്ക്. ദില്ലിയില്‍ ചോദ്യം ചെയ്യല്‍ നീളുകളാണ്. ഇന്നലെ അഞ്ച് പേരെ ചോദ്യം ചെയ്തു. മൂന്ന് പേര്‍ക്കു കൂടി ചോദ്യം ചെയ്യലിന് നോട്ടീസില്‍ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം. അതേസമയം അന്വേഷണസംഘം പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കേസില്‍ സാക്ഷികളില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാള്‍ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

അതിനിടെ, ഷാറൂഖ് സെയ്ഫിന്റെ വേരുകള്‍ തേടി ദില്ലിക്ക് പുറത്തും കേരളാ പൊലീസ് പരിശോധന നടത്തുകയാണ്. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്റെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും നിഗമനം. തിരികെ ദില്ലിക്ക് എത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും കണ്ടെത്തല്‍.

ഇടുക്കിയില്‍ അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു.തിരുവണ്ണാമലയില്‍ നിന്നും ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി.ആരുടെയും നില ഗുരുതരമല്ല. വാഹനം റോഡരുകില്‍ തന്നെ മറിയുകയായിരുന്നു. വളഞ്ഞങ്ങാനം വളവില്‍ ആണ് അപകടം നടന്നത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പേര്‍ക്ക് രോഗം

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 10753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 53720 ആയി.കഴിഞ്ഞദിവസം രാജ്യത്ത് 11,000ത്തിനു മുകളില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകള്‍ ഉയരുമെങ്കിലും ഒരു പുതിയ തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകള്‍ കുറയുമെന്നും വിലയിരുത്തലുണ്ട്. രാജ്യത്തെ ആശുപത്രികളില്‍ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രാലയം തയാറാക്കിയ കണക്കാണിത്. അതേസമയം ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 5595 ലേക്ക് താഴ്ന്നു. പവന് 560 രൂപ കുറഞ്ഞ് വില 44760 രൂപയിലുമെത്തി.ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു ഇന്നലെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.

വിഷുവിനെ വരവേറ്റ് മലയാളി; കണിയും കൈനീട്ടവുമായി ആഘോഷം

ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മ്മകള്‍ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷത്തിലാണ് മലയാളി. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നില്‍ സ്വര്‍ണ്ണനിറമുള്ള കൊന്നപ്പൂക്കള്‍. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. കണി കണ്ട് കഴിഞ്ഞാല്‍ കൈനീട്ടമാണ്. കുടുബത്തിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങള്‍ വേറെയും. സൂര്യന്‍ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു.

കൊളക്കാട് സെന്റ് തോമസ് ദേവാലയത്തില്‍ പുതുഞായര്‍ ആചരണവും കുരിശുമല തീര്‍ത്ഥാടനത്തിനും തുടക്കമായി

കൊളക്കാട്: സെന്റ് തോമസ് ദേവാലയത്തില്‍ പുതുഞായര്‍ ആചരണവും കുരിശുമല തീര്‍ത്ഥാടനത്തിനും തുടക്കമായി. ഫാ.പോള്‍ വള്ളോപ്പിള്ളി കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു .ഫാ.ജേക്കബ് വെണ്ണായിപ്പളളി,ഫാ.തോമസ് പാണാക്കുഴി എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. 16 ന് ഞായറാഴ്ച രാവിലെ 7 മണിക്ക് വി. കുര്‍ബാനയ്ക്ക് ശേഷം ക്രൂശിതനോടൊപ്പം കുരിശുമല കയറ്റവും കുരിശുമലയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടക്കും.

വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം.ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് വിഷു.

ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളയെ വരവേല്‍ക്കുന്നതിനുള്ള വിഷു ആഘോഷങ്ങളില്‍ മലയാളികള്‍ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വര്‍ഗ്ഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. ഉന്നതമായ മനുഷ്യസ്‌നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികള്‍ക്ക് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ വിഷു ആശംസകളെന്ന് മുഖ്യമന്ത്രി കുറിച്ചു.

കടുത്ത ചൂട്; അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

ആറ് ജില്ലകളിലായി താപനില മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കി. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരാം. ഈ ജില്ലകളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളില്‍ കേരളത്തിലും ചൂട് കൂടാന്‍ കാരണം. കടുത്ത ചൂടില്‍, അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

പൊതുജനങ്ങള്‍ പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

  • ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
    നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
  • വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
  • വേനല്‍ക്കാലത്ത് മാര്‍ക്കെറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
  • ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്‌കാര്‍ക്ക് സുമനസ്‌കര്‍ കുടിവെള്ളം നല്‍കി നിര്‍ജ്ജലീകരണം തടയുവാന്‍ സഹായിക്കുക.

  • യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

*നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍,വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
  • അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.