Hivision Channel

Local News

അജൈവ ഖരമാലിന്യ സംസ്‌കരണ രംഗത്ത് കണ്ണൂര്‍ മുന്നില്‍

സംസ്ഥാനത്ത് അജൈവ ഖരമാലിന്യ സംസ്‌കരണ രംഗത്ത് കണ്ണൂര്‍ ജില്ല മുന്നില്‍. 5454.84 ടണ്‍ മാലിന്യമാണ് ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത്. പുനരുപയോഗിക്കാവുന്ന അജൈവ മാലിന്യം, കുപ്പിച്ചില്ലുകള്‍, തുണിത്തരങ്ങള്‍ എന്നിവ കൂടുതല്‍ ശേഖരിച്ചതും കണ്ണൂരില്‍ നിന്നാണ്.
ജില്ലയിലെ 68 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വീടുകളിലെ മാലിന്യം ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ചാണ് ശേഖരിക്കുന്നത്. ഈ വര്‍ഷം പുനരുപയോഗ സാധ്യതയുള്ള തരം തിരിച്ച പ്ലാസ്റ്റിക്ക് 1917 ടണ്‍, ചെരുപ്പ്, ബാഗ് തുടങ്ങിയവ ഉള്‍പ്പെടുന്ന റിജക്റ്റ്ഡ് മാലിന്യം 2796 ടണ്‍, കുപ്പിച്ചില്ലുകള്‍ 594.41 ടണ്‍, തുണിത്തരങ്ങള്‍ 121.62, ഇലക്ട്രോണിക് മാലിന്യം 25.81 ടണ്‍ എന്നിങ്ങനെയാണ് ശേഖരിച്ചത്. സംസ്ഥാനത്ത് ഖരമാലിന്യ ശേഖരണത്തിന് ഏറ്റവും കൂടുതല്‍ തുക ക്ലീന്‍ കേരള നല്‍കിയത് കണ്ണൂര്‍ ജില്ലയിലെ ഹരിത കര്‍മ്മ സേനക്കാണെന്ന് കമ്പനി ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ് പറഞ്ഞു.
പുനരുപയോഗിക്കാനാകുന്നവ തമിഴ്‌നാട് ഈറോഡിലുള്ള റീസൈക്ലിംഗ് കമ്പനിയിലേക്ക് കയറ്റി അയക്കും.
പുനരുപയോഗിക്കാന്‍ സാധിക്കാത്തത് സിമന്റ് കമ്പനികള്‍ക്കാണ് കൈമാറുക. ഇവ സിമന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുവായി ഉപയോഗിക്കും. കുപ്പിച്ചില്ലുകള്‍ തമിഴ്നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സ്ഥലങ്ങളിലെ ഗ്ലാസ് കമ്പനികള്‍ക്കും തുണിത്തരങ്ങള്‍ ചവിട്ടി പോലുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഗുജറാത്തിലേക്കുമാണ് കയറ്റി അയക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങളില്‍ വീണ്ടും ഉപയോഗിക്കാവുന്ന ഭാഗങ്ങള്‍ ഉപയോഗിച്ച് രണ്ടാം തരം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കും. ബാക്കിയുള്ളവ തിരുവനന്തപുരത്ത് നിന്നും തരം തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും.

കൈത്തറിക്ക് കരുത്തേകാന്‍ വനിതകളും

കണ്ണൂര്‍:വനിതകളിലൂടെ കൈത്തറി വ്യവസായത്തിന് പുത്തന്‍ ഉണര്‍വേകാനൊരുങ്ങി കൈത്തറി വ്യവസായ ബോര്‍ഡ്. തെരഞ്ഞെടുത്ത വനിതകള്‍ക്ക് സൗജന്യ പരിശീലനവും തറിയും നല്‍കി കൈത്തറി മേഖലയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്.
നേരത്തെ വേങ്ങാട്, ചെറുപുഴ, പായം, കോളയാട്, മാങ്ങാട്ടിടം പഞ്ചായത്തുകളില്‍ 750 വനിതകള്‍ക്ക് പരിശീലനം നല്‍കി സൗജന്യമായി തറികള്‍ വിതരണം ചെയ്തിരുന്നു. ഇത് വിജയകരമായതോടെയാണ് രണ്ടാംഘട്ടത്തില്‍ മലപ്പട്ടം, കുറ്റിയാട്ടൂര്‍ ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലെ 600 വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍വീവിന്റെ നേതൃത്വത്തില്‍ 4000 രൂപ സ്റ്റൈപ്പെന്റോടെ മൂന്നുമാസത്തെ പരിശീലനം നല്‍കും. അതാത് പഞ്ചായത്തുകളിലായിരിക്കും പരിശീലന കേന്ദ്രങ്ങള്‍. പരിശീലനത്തിന് ശേഷം സ്റ്റൈപ്പെന്റോടെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഇതിന് പുറമെ തറിയും അസംസ്‌കൃത വസ്തുക്കളും നൂലും ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ സൗജന്യമായി നല്‍കും. ഇവരെ ഹാന്‍വീവിന്റെ സ്ഥിരം അംഗമാക്കി തൊഴിലും കൂലിയും ഉറപ്പുവരുത്തുകയും ചെയ്യും. വനിതകള്‍ ഉല്‍പ്പാദിപ്പിക്കുന്ന തുണിത്തരങ്ങള്‍ കൈത്തറി വ്യവസായ ബോര്‍ഡിന്റെ സഹായത്തോടെയാണ് വില്‍പ്പന നടത്തുക.

ബി.ജെ.പി തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു

തില്ലങ്കേരി: ബി.ജെ.പി തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി എം.വി ശ്രീധരനെയും,ജനറല്‍ സെക്രട്ടറിയായി മനോജ് പടിക്കച്ചാലിനെയും,വൈസ് പ്രസിഡണ്ടായി ഗിരീഷ് കുണ്ടേരിഞ്ഞാലിനെയും,രാജന്‍ പടിക്കച്ചാലിനെ സെക്രട്ടറിയായും ,സജിത്ത് മണലാടി (യുവമോര്‍ച്ച ),സനില ദേവദാസ്.(മഹിളാ മോര്‍ച്ച) അശോകന്‍ തില്ലങ്കേരി (മീഡിയ )എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.

എന്‍ ആര്‍ ഇ ജി എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു പേരാവൂര്‍ ബ്ലോക്ക് സമ്മേളനം

കേരള സംസ്ഥാന എന്‍ ആര്‍ ഇ ജി എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു പേരാവൂര്‍ ബ്ലോക്ക് സമ്മേളനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മിനി ഹാളില്‍ നടന്നു.സി ഐ ടി യു പേരാവര്‍ ഏരിയ സെക്രട്ടറി പി വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.കെ ജെ ഷാജി അധ്യക്ഷത വഹിച്ചു.

എന്‍ ആര്‍ ഇ ജി ഇ യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ രജീഷ് ,ഷിനോജ് പായം,ഷിജോയി,എ ഷിബു, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവ നയം തിരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മാങ്ങാട്ടിടത്തെ കുട്ടികള്‍ക്ക് ഇനി കൃഷിയാണ് ലഹരി

കുട്ടികളെ ലഹരി മരുന്നിന്റെ കെണിയില്‍ നിന്നും അകറ്റി നിര്‍ത്തി കൃഷിയുടെ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ അമൃതം പദ്ധതിയുമായി മാങ്ങാട്ടിടം. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് ‘വിഷരഹിത പച്ചക്കറി ജീവന്റെ അമൃതം’ എന്ന സന്ദേശവുമായി പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂളുകളില്‍ കുട്ടികള്‍ പച്ചക്കറി കൃഷി നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 17 സ്‌കൂളുകളിലാണ് ഇത് നടപ്പാക്കുന്നത്. കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചുള്ള അറിവ് വളര്‍ത്തുക, കാര്‍ഷിക വിളകള്‍, അധ്വാനശീലം, സഹകരണ മനോഭാവം എന്നിവയെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സ്‌കൂളുകള്‍ തമ്മിലുള്ള മത്സരമായാണ് പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക. ഓരോ സ്‌കൂളിലെയും മികച്ച മൂന്ന് കുട്ടികര്‍ഷകരെ തെരെഞ്ഞെടുത്ത് കൃഷി വകുപ്പ് സമ്മാനം നല്‍കും.
ആവശ്യമായ പച്ചക്കറി വിത്തുകള്‍ കൃഷിഭവനില്‍ നിന്നാണ് നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഇവ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് വീടുകളിലും പച്ചക്കറിത്തോട്ടം ഒരുക്കാം. രക്ഷിതാക്കള്‍ക്കും പങ്കാളികളാകാം. ഇത്തരത്തില്‍ മികച്ച രീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും സമ്മാനം നല്‍കും. സ്‌കൂളുകള്‍ക്ക് പുറമെ നിര്‍മ്മലഗിരി കോളേജിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രക്ഷകരാകാന്‍ ഇരിക്കൂറില്‍ ദുരന്തനിവാരണ സേന

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എമര്‍ജന്‍സി റസ്പോണ്‍സ് സംഘം. 125 പേരെയാണ് പരിശീനം നല്‍കി സേനയുടെ ഭാഗമാക്കുക. അടിയന്തരഘട്ടങ്ങളില്‍ ഇവര്‍ സഹായത്തിനായി എത്തും.
പ്രകൃതി ദുരന്തങ്ങളാല്‍ പ്രയാസപ്പെടുന്ന മലയോര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഇരിക്കൂര്‍ ബ്ലോക്ക്. കഴിഞ്ഞ പ്രളയകാലത്ത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മഴ കനത്താന്‍ ഉളിക്കല്‍, പയ്യാവൂര്‍, എരുവേശ്ശി പഞ്ചായത്തുകളില്‍ മണ്ണിടിച്ചലും പതിവാണ്. ഈ സാഹചര്യത്തിലാണ് എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന് രൂപം നല്‍കുന്നത്.
ഇതിനായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്തുകളിലെ ഓരോ വാര്‍ഡില്‍ നിന്നും 20നും 40നും ഇടയില്‍ പ്രായമുള്ള ഒരാളെ വീതം തെരഞ്ഞെടുത്താണ് സേന രൂപീകരിക്കുക. കായികശേഷി, യൂണിഫോം സേനയില്‍ ചേരാന്‍ പരിശീലിക്കുന്നവര്‍, ദുരന്ത നിവാരണ പ്രവര്‍ത്തനം നടത്തി പരിചയമുള്ളവര്‍, നീന്തല്‍ അറിയുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഇവര്‍ക്ക് ദുരന്തനിവാരണം, നീന്തല്‍, അഗ്നിശമന സേന, പൊലീസ്, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം ഒരുക്കും. സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്വയം സുരക്ഷാ ഉപാധികള്‍, കട്ടിംഗ് യന്ത്രം, ഫൈബര്‍ ബോട്ട്, കയര്‍ തുടങ്ങിയവയും തിരിച്ചറിയല്‍ രേഖയും ബ്ലോക്ക് പഞ്ചായത്ത് നല്‍കും. എല്ലാ പഞ്ചായത്തുകളിലും അതത് വി ഇ ഒ മാര്‍ക്കാണ് സേനയുടെ ചുമതല. അടിയന്തരഘട്ടങ്ങളില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടാല്‍ ഇവരുടെ സേവനം ലഭ്യമാക്കും.

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

ഇരിട്ടി:കീഴ്പ്പള്ളി സി എച്ച് സി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആറളം പഞ്ചായത്തിലെ എടൂര്‍, ആറളം, കാരാപറമ്പ് ,ചെടിക്കുളം ടൗണുകളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ പ്രവര്‍ത്തിച്ച ഹോട്ടല്‍ എടൂരില്‍ അടച്ച് പൂട്ടി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, ലൈസന്‍സില്ലാതെയും, കോട്പ സൈന്‍ ബോര്‍ഡ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന 6 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ് ഫിലിപ്പ്, ബിനോജ് സി.കെ, വിനോഭന്‍ കെ.ടി, ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.

സൂര്യഗ്രഹണത്തെ വരവേറ്റ് വിളക്കോട് സ്‌കൂളിലെ അധ്യാപകരും കുട്ടികളും

ഇരിട്ടി:സൂര്യഗ്രഹണത്തെ വരവേറ്റ് വിളക്കോട് സ്‌കൂളിലെ അധ്യാപകരും കുട്ടികളും.തിടങ്ങയില്‍ മൈദാനത്ത് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒത്തുചേര്‍ന്നു.സി.മുരളീധരന്‍ മാസ്റ്റര്‍ ക്ലാസ് എടുത്തു. പിടിഎ പ്രസിഡണ്ട് ബിനു പി അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബിന്ദു.കെ.വി, അധ്യാപകരായ സുദിഷ , സൂരജ് , ഷംസുദ്ധീന്‍ , അബ്ദുള്‍ മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

കെ.പി.എസ്.ടി.എ യാത്രയയപ്പ് നല്‍കി

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം ലഭിച്ച ഇരിട്ടി എ.ഇ.ഒ. ജി.ശ്രീകുമാറിന് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.കെ.ഹസന്‍ ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡണ്ട് സി.വി.കുര്യന്‍ അധ്യക്ഷത വഹിച്ചു.ജി.ശ്രീകുമാര്‍ ,മാത്യു ജോസഫ്, സോളി ഫ്രാന്‍സിസ്, എന്‍.ശ്രീനിവാസന്‍ ,ബിന്ദു, ശ്രീകാന്ത്, ബിജു ഓണാട്ടുപുറം, വിന്‍സി വര്‍ഗീസ്, സുമേഷ്, എന്നിവര്‍ സംസാരിച്ചു.

ജേതാക്കള്‍ക്ക് സ്വീകരണം

ഇരിട്ടി:ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഹൈകിക്ക് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനാമിക സുധാകരന്‍, സംസ്ഥാന ഖോ ഖോ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ വൈഗ പി എച്ച്, അഖില്‍ എസ്, ഏഴാം സ്ഥാനം നേടിയ അലന്‍ പോള്‍ എന്നീ ജേതാക്കള്‍ക്ക് വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ സ്വീകരണം നല്‍കി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ജയ മാത്യു, സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്ജ് കളപ്പുര, പി ടി എ പ്രസിഡന്റ് ജില്‍സ് മുള്ളന്‍കുഴി, സ്റ്റാഫ് സെക്രട്ടറി സാബു ജോസഫ് എ ന്നി വ ര്‍ സംസാരിച്ചു.