Hivision Channel

Local News

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

ഇരിട്ടി:കീഴ്പ്പള്ളി സി എച്ച് സി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആറളം പഞ്ചായത്തിലെ എടൂര്‍, ആറളം, കാരാപറമ്പ് ,ചെടിക്കുളം ടൗണുകളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ പ്രവര്‍ത്തിച്ച ഹോട്ടല്‍ എടൂരില്‍ അടച്ച് പൂട്ടി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, ലൈസന്‍സില്ലാതെയും, കോട്പ സൈന്‍ ബോര്‍ഡ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന 6 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ് ഫിലിപ്പ്, ബിനോജ് സി.കെ, വിനോഭന്‍ കെ.ടി, ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.

സൂര്യഗ്രഹണത്തെ വരവേറ്റ് വിളക്കോട് സ്‌കൂളിലെ അധ്യാപകരും കുട്ടികളും

ഇരിട്ടി:സൂര്യഗ്രഹണത്തെ വരവേറ്റ് വിളക്കോട് സ്‌കൂളിലെ അധ്യാപകരും കുട്ടികളും.തിടങ്ങയില്‍ മൈദാനത്ത് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒത്തുചേര്‍ന്നു.സി.മുരളീധരന്‍ മാസ്റ്റര്‍ ക്ലാസ് എടുത്തു. പിടിഎ പ്രസിഡണ്ട് ബിനു പി അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബിന്ദു.കെ.വി, അധ്യാപകരായ സുദിഷ , സൂരജ് , ഷംസുദ്ധീന്‍ , അബ്ദുള്‍ മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

കെ.പി.എസ്.ടി.എ യാത്രയയപ്പ് നല്‍കി

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം ലഭിച്ച ഇരിട്ടി എ.ഇ.ഒ. ജി.ശ്രീകുമാറിന് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.കെ.ഹസന്‍ ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡണ്ട് സി.വി.കുര്യന്‍ അധ്യക്ഷത വഹിച്ചു.ജി.ശ്രീകുമാര്‍ ,മാത്യു ജോസഫ്, സോളി ഫ്രാന്‍സിസ്, എന്‍.ശ്രീനിവാസന്‍ ,ബിന്ദു, ശ്രീകാന്ത്, ബിജു ഓണാട്ടുപുറം, വിന്‍സി വര്‍ഗീസ്, സുമേഷ്, എന്നിവര്‍ സംസാരിച്ചു.

ജേതാക്കള്‍ക്ക് സ്വീകരണം

ഇരിട്ടി:ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഹൈകിക്ക് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനാമിക സുധാകരന്‍, സംസ്ഥാന ഖോ ഖോ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ വൈഗ പി എച്ച്, അഖില്‍ എസ്, ഏഴാം സ്ഥാനം നേടിയ അലന്‍ പോള്‍ എന്നീ ജേതാക്കള്‍ക്ക് വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളില്‍ സ്വീകരണം നല്‍കി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ജയ മാത്യു, സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്ജ് കളപ്പുര, പി ടി എ പ്രസിഡന്റ് ജില്‍സ് മുള്ളന്‍കുഴി, സ്റ്റാഫ് സെക്രട്ടറി സാബു ജോസഫ് എ ന്നി വ ര്‍ സംസാരിച്ചു.

സര്‍ഗോത്സവം 2022

കോളയാട്:ലൈബ്രറി കൗണ്‍സില്‍ കോളയാട് നേതൃതല സമിതിയുടെ സര്‍ഗോത്സവം 2022 ആര്യപ്പറമ്പ് എകെജി വായനശാലയില്‍ വച്ച് നടന്നു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ജയരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു.രമേശ് ആലച്ചേരി .കെ രാമകൃഷ്ണന്‍. കെ സതീശന്‍, കെ.ഷിജു, ജോസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിട്ടി താലൂക്ക് തല ശില്‍പശാല

ഇരിട്ടി:പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി ഇരിട്ടി താലൂക്ക് തല ശില്‍പശാല ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസിഡന്റ് നജീദ സാദിഖ് അധ്യക്ഷത വഹിച്ചു.എസ് കെ ഷമ്മി , അനൂജ് സോനല്‍, ഡോ. ഒ വി ശ്രീനിവാസന്‍, കെ കെ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

ഏലപ്പിടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാറും

ഏലപ്പിടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാറും, പ്രതിജ്ഞയും നടന്നു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ .ജിമ്മി അബ്രാഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം .കെ.എ. ബഷീർ ലഹരി വിരുദ്ധ സന്ദേശം നൽകി. ഇരിട്ടി എൽ.എ.തഹസിൽദാർ ലക്ഷമണൻ സെമിനാറിൽ മുഖ്യാതിഥിയായിരുന്നു. ജോൺസൺ,ജിബിൻ വർഗ്ഗീസ് എന്നിവർ

ഗ്രാന്റ് ഉപയോഗിച്ച് ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്തും; ജില്ലാ ആസൂത്രണ സമിതി

കണ്ണൂര്‍:ആരോഗ്യ ഗ്രാന്റായ 2.79 കോടി രൂപ ഉപയോഗിച്ച് ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനം. 2022-23 വര്‍ഷത്തെ ആരോഗ്യ ഗ്രാന്റിന്റെ ജില്ലാതല ആക്ഷന്‍ പ്ലാന്‍ യോഗം അംഗീകരിച്ചു.
ഈ തുക ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്തിലെ പൊതുജന ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കും. ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ രോഗ നിര്‍ണയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സജ്ജമാക്കും. ഇതിന് പുറമെ ആരോഗ്യ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഡി പി സി അധ്യക്ഷ പി പി ദിവ്യ പറഞ്ഞു.
ഒക്ടോബര്‍ 27, 31 നവംബര്‍ ഒന്ന് തീയ്യതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും ചേരാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ആസൂത്രണ സമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സമിതി അംഗങ്ങളായ മേയര്‍ അഡ്വ.ടി ഒ മോഹനന്‍, അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. കെ കെ രത്നകുമാരി, വി ഗീത, കെ താഹിറ, ഇ വിജയന്‍, കെ വി ഗോവിന്ദന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കിത്തുടങ്ങി

കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹന്‍ ഉദ്ഘാടനം ചെയ്തു.
60 വര്‍ഷത്തിലധികമായി നിക്ഷേപിക്കപ്പെട്ട മാലിന്യ കൂമ്പാരമാണ് ബയോ മൈനിംങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. ഇതിലൂടെ സ്ഥലം വീണ്ടെടുക്കുകയാണ് ലക്ഷ്യം. 10 കോടി രൂപ ചെലവില്‍ 1.5 ക്യുബിക് മീറ്റര്‍ മാലിന്യമാണ് നീക്കം ചെയ്യുക. ആറുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് പി രാഗേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം പി രാജേഷ്, ഷമീമ ടീച്ചര്‍ ,അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ വി കെ ശ്രീലത, മുസ്‌ളിഹ് മഠത്തില്‍, കെ പ്രദീപന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കച്ചവടം പൊടിപൊടിക്കാന്‍ കുടുംബശ്രീ ബസാര്‍

കണ്ണൂര്‍:ഉപ്പും മുളകും മാത്രമല്ല വീട്ടാവശ്യത്തിനുള്ള സകല സാധനങ്ങളും ഒരു കുടക്കീഴിലാക്കി കുടുംബശ്രീ ബസാര്‍. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ കല്യാശേരി ഇരിണാവ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി.
പലചരക്കും പച്ചക്കറികളും മാത്രമല്ല, വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കാര വസ്തുക്കളുമെല്ലാം ഇവിടെ ലഭിക്കും. തേന്‍, സ്‌ക്വാഷ്, പലഹാരങ്ങള്‍, കറിപ്പൊടികള്‍, നാടന്‍ പച്ചക്കറികള്‍, ചവിട്ടികള്‍, ബാഗുകള്‍, തുടങ്ങി മുന്നൂറിലധികം വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഇവിടെയുണ്ട്. ഇതില്‍ എണ്‍പത് ശതമാനവും കുടുംബശ്രീയുടെ തനത് ഉല്‍പ്പന്നങ്ങളാണ്. കുടുംബശ്രീ മിഷന്റെ 20 ലക്ഷം രൂപ ചെലവിലാണ് ബസാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. 200 ഓളം കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് ബസാര്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ജില്ലയിലെ മറ്റ് കുടുംബശ്രീകളുടെയും, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങളും ബസാറില്‍ കിട്ടും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വനിത സംരംഭകത്വ കേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് ബസാര്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അമ്പത് ശതമാനം വാടകക്കിഴിവും നല്‍കി.
കുടുംബശ്രീ ജില്ലാ മിഷന്‍ നിയോഗിക്കുന്ന മൂന്നംഗ സമിതിയാണ് ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കും. ഹോം ഡെലിവറിയും ഒരുക്കും. ആദ്യഘട്ടത്തില്‍ പ്രതിമാസം പത്ത് ലക്ഷം രൂപയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് പറഞ്ഞു. മൂന്ന് സെയില്‍സ് ഔട്ട്ലെറ്റുകള്‍ തുടങ്ങാനും ആലോചനയുണ്ട്. വിപണി വിലയിലും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ബസാറില്‍ ലഭിക്കും.
എം വിജിന്‍ എം എല്‍ എ ബസാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ.എം സുര്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, കല്യാശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് സി നിഷ, ബ്ലോക്ക് പഞ്ചായത്തംഗം കെ പ്രീത, വാര്‍ഡ് മെമ്പര്‍ സി പി പ്രകാശന്‍ മാസ്റ്റര്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ സി രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.