Hivision Channel

Local News

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കേളകത്ത് സർവ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി

കേളകം:സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കേളകത്ത് സർവ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി.കേളകം ബസ്റ്റാന്റിൽ നിന്നാരംഭിച്ച മൗന ജാഥ ടൗൺ ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.വി.പി ബിജു,വർഗീസ് ജോസഫ്,പൈലി വാത്യാട്ട്,ബാബു മുണ്ടൂർ,വർഗീസ് കാടായം,പി.സി നേഹി,മൈഥലി രമണൻ,കെ.പി ഷാജി തുടങ്ങിയവർ സംസാരിച്ചു.

വിശുദ്ധ ഖുർആൻ പൂർണമായും മന:പാഠമാക്കി പതിനാലുകാരൻ

പേരാവൂർ: വിശുദ്ധ ഖുർആൻ പൂർണമായും മന:പാഠമാക്കി പതിനാലുകാരൻ മിസ്ബാഹുൽ ഹഖ്. പേരാവൂർ പുതുശ്ശേരി റോഡിലെ വാണിയക്കണ്ടി ഹൗസിൽ വി.കെ.മുനീറിന്റെയും കണിയാട്ടയിൽ സൈനബയുടെയും മകനാണ് മിസ്ബാഹുൽ.പേരാവൂർ ബംഗളക്കുന്നിലുള്ള അലിഫ് ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നാണ് ഖുർആൻ മുഴുവനായും മന:പാഠമാക്കിയത്.പേരാവൂർ ശാന്തി നികേതൻഇംഗ്ളീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു മരണം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്.

പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.

പതിനാറാംവയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. സിപിഐഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടി.ഗോവിന്ദനായിരുന്നു ആ സ്ഥാനത്തെത്തിയത്. അധികംവൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയെ തേടിയെത്തി.

1982, 1987, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ തലശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 2001ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006ല്‍ വി.എസ്. മന്ത്രിസഭയില്‍ ആഭ്യന്തരടൂറിസം വകുപ്പ് മന്ത്രി. 2008ല്‍ 54ാം വയസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും 2015ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികള്‍ക്കുപോലും സ്വീകാര്യമായ നയതന്ത്രം തന്നെയായിരുന്നു പാര്‍ട്ടിയിലും കേരള രാഷ്ട്രീയത്തിലും കോടിയേരിക്ക് വലിയ സ്വീകാര്യത നല്‍കിയത്.

വിഭാഗീയതയുടെ കനലുകള്‍ അപ്പോഴേക്കും അണഞ്ഞുതുടങ്ങിയിരുന്നു. പിണറായി പ്രവര്‍ത്തനം പാര്‍ലമെന്ററി രംഗത്തേക്കു മാറ്റിയപ്പോള്‍ പാര്‍ട്ടിയെ കോടിയേരി നയിച്ചു. 2018ല്‍ വീണ്ടും സെക്രട്ടറി പദത്തില്‍. 2019ല്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ കോടിയേരിയെ അലട്ടിത്തുടങ്ങി. ഇതിനിടയില്‍ത്തന്നെയായിരുന്നു മക്കളുടെ പേരിലുള്ള വിവാദങ്ങളും. മകന്റെ അറസ്റ്റിലേക്കുവരെ വിവാദം വളര്‍ന്നു.

ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. സിപിഐഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി.രാജഗോപാലിന്റെ മകള്‍ എസ്.ആര്‍.വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്. മരുമക്കള്‍: ഡോ.അഖില, റിനീറ്റ. പേരക്കുട്ടികള്‍ ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടാച്ചിറ ശ്മശാനം ഭാഗം, ആശാരിക്കുന്ന് ട്രാന്‍സ്‌ഫോര്‍മറിന്റെ കാടാച്ചിറ ഭാഗം, കരിപ്പച്ചാല്‍ ക്ഷേത്രപരിസരം എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ രണ്ട് ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുലം, പെരിങ്ങളായി, മുണ്ടേരിപീടിക, പുതിയറോഡ്, ശരവണമില്ല്, സി പി സ്റ്റോര്‍ എന്നീ ഭാഗങ്ങളില്‍ ഒക്ടോബര്‍ രണ്ട് ഞായര്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്‍ സി ചര്‍ച്ച്, യാസീന്‍ പള്ളി, സി എസ് ഐ ചര്‍ച്ച്, വാടിക്കല്‍, മാട്ടൂല്‍ അതിര്‍ത്തി എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 2ന് രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഔഷധസസ്യങ്ങളെ അടുത്തറിയാന്‍ എരമം കുറ്റൂരില്‍ പുനര്‍നവ പാര്‍ക്ക്

ഔഷധസസ്യ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിച്ച് എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്. അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളുടെ പുനരുജ്ജീവനത്തിന് ‘പുനര്‍നവ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.
പരമ്പരാഗത ചികിത്സക്ക് ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ ഗുണത്തെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പഞ്ചായത്തിന്റെ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡ് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. മാതമംഗലത്തിന് സമീപം ചേനോത്ത് വയലില്‍ പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്താണ് പാര്‍ക്ക് ഒരുക്കിയത്. ആദ്യഘട്ടത്തില്‍ 101 ഇനങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിലവില്‍ മുന്നൂറിലധികം വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെ 500 ചെടികളാണ് ഇവിടെ നട്ടു പിടിപ്പിച്ചു. . മുക്കുറ്റി, തഴുതാമ, തിരുതാളി, നിലപ്പന, ഉഴിഞ്ഞ, കറുക, പൂവാങ്കുരുന്ന്, കയ്യൂന്നി തുടങ്ങിയ ഇതില്‍ ചിലത് മാത്രമാണ്. ഔഷധിയില്‍ നിന്നും പ്രദേശവാസികളില്‍ നിന്നുമാണ് ആവശ്യമായ തൈകള്‍ ശേഖരിച്ചത്. സന്ദര്‍ശകരുടെ സംശയനിവാരണത്തിനായി ചെടികള്‍ക്ക് സമീപം ആവയുടെ ശാസ്ത്രീയ നാമം, കുടുംബം, ഗുണഫലങ്ങള്‍ എന്നിവ എഴുതിയ ബോര്‍ഡ് ഉടന്‍ സ്ഥാപിക്കും. വിശ്രമിക്കാന്‍ മുളയില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍ എന്നിവയും ഒരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ബയോ ഡൈവേഴ്‌സിറ്റി കമ്മറ്റിക്കാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ മേല്‍നോട്ട ചുമതല. പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ജനബോധന്‍ യാത്രക്ക് കൊട്ടിയൂരില്‍ സ്വീകരണം നല്‍കി

കൊട്ടിയൂര്‍:കൊട്ടാരക്കര ആശ്രയാ അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ലഹരി വിപത്തിനെതിരെ
ജനബോധന്‍ യാത്രക്ക് കൊട്ടിയൂരില്‍ സ്വീകരണം നല്‍കി.കൊട്ടിയൂര്‍ ഐ ജെഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വീകരണത്തിന്
കണ്ണൂര്‍ ജില്ല ഭാരവാഹികളായ ദാമോദരന്‍ പയ്യന്നൂര്‍, സജീവന്‍, ഉണ്ണി കൃഷ്ണന്‍, സതി, സത്യന്‍, ലക്ഷ്മി, നാരായണ്‍ കുമാര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

നഷ്ടപരിഹാരം കല്ലെറിഞ്ഞവരില്‍ നിന്ന് തന്നെ ഈടാക്കും; ഗതാഗത മന്ത്രി

പോപുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.പൊലീസ് സംരക്ഷണം നല്‍കിയാല്‍ പരമാവധി സര്‍വീസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രാ സൗകര്യം കെ.എസ്.ആര്‍.ടി.സി ഉറപ്പാക്കും.

അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. രണ്ടു ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു. ഡ്രൈവര്‍ സുനില്‍ കുമാറിന് കണ്ണിനാണ് പരിക്കേറ്റത്.

കരേറ്റ ശ്രീസ്വയംവര പാര്‍വ്വതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 25 മുതല്‍

മട്ടന്നൂര്‍: കരേറ്റ ശ്രീസ്വയംവര പാര്‍വ്വതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 25 ന് ആരംഭിക്കും.
ആഘോഷത്തിന്റെ ഭാഗമായി എല്ലാദിവസവും ശ്രീമദ് ദേവീഭാഗവത പാരായണം ഉണ്ടായിരിക്കും. ആചാര്യ മട്ടന്നൂര്‍ ശ്രീദേവി അമ്മ നേതൃത്വം നല്‍കും. വിശേഷാല്‍പൂജകള്‍, അന്നദാനം എന്നിവയും ഉണ്ടായിരിക്കും.
ഒക്ടോബര്‍ 3 ന് ദുര്‍ഗ്ഗാഷ്മി- പൂജവെയ്പ്പ്, 4 ന് മഹാനവമി- ഗ്രന്ഥപൂജ, വാഹന പൂജ, 5 ന് വിജയദശമി- വിദ്യാരംഭം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

സ്‌കൂള്‍ പഠന സമയക്രമത്തില്‍ മാറ്റത്തിന് ശുപാര്‍ശ

സ്‌കൂള്‍ പഠന സമയക്രമത്തില്‍ മാറ്റത്തിന് ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സ്‌കൂള്‍ പഠന സമയം രാവിലെ 8 മുതല്‍ 1 മണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങള്‍ക്ക് മാറ്റിവെക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മറ്റൊരു പ്രധാന ശുപാര്‍ശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വര്‍ഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വര്‍ഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

അടക്കാത്തോട്ടിലും നായയുടെ അക്രമം

അന്യസംസ്ഥാന തൊഴിലാളിയെ വളര്‍ത്ത് നായ ആക്രമിച്ചു. കരിങ്കാപ്പ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് സമീപവാസിയുടെ വീട്ടില്‍ നിന്ന് അഴിച്ച് വിടാറുള്ള കറുത്തനിറമുള്ള വളര്‍ത്തുനായ ആക്രമിച്ചത്.

അക്രമത്തില്‍ തൊഴിലാളിയുടെ വസ്ത്രങ്ങള്‍ കീറിയെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നായകളെ അഴിച്ച് വിടുന്നതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.