Hivision Channel

latest news

പിഎഫ്‌ഐ ഹര്‍ത്താല്‍; കടുത്ത നടപടിയുമായി ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിടാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ എന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ എല്ലാ മജിസ്‌ട്രേട്ട് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂര്‍ത്തിയായി

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂര്‍ത്തിയായി.19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 തിന് നിലമ്പൂര്‍ ചുങ്കത്തറയില്‍ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്. പാര്‍ട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്‌നാട്ടില്‍ നിന്ന് എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കിയത്. യാത്രയിലെ വന്‍ ജനപങ്കാളിത്തം പാര്‍ട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്.കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പാര്‍ട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോള്‍ രാജ്യമാകെ അതിന്റെ അലയൊലി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി.

അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

24 ആഴ്ചയ്ക്ക് താഴെ പ്രായമുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന് വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിത സ്ത്രീകള്‍ക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഗര്‍ഭം ധരിക്കണോ വേണ്ടെയോ എന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് തന്നെ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും സുപ്രീംകോടതി വിധിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനം;തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ നടപടികള്‍ തുടങ്ങി. പി.എഫ്.ഐയുടെ 17 ഓഫിസുകള്‍ ആദ്യം പൂട്ടും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എന്‍.ഐ.എ കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുമാവാം.കോഴിക്കോട് സംസ്ഥാന സമിതി ഓഫിസിനെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി ഓഫീസുകളാണ് ആദ്യം പൂട്ടുന്നത്. നിരോധനവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കുള്ള അധികാരം കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറങ്ങിയിരുന്നു. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കും.

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു.ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപ ഉയര്‍ന്നു. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 60 രൂപ ഉയര്‍ന്നു. വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3835 രൂപയാണ്.

സമഗ്ര ശിക്ഷാ കേരളയില്‍ അപേക്ഷ ക്ഷണിക്കുന്നു

സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു .
1- സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍
2- ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍
3 – ജില്ലാ പ്രോഗ്രാം ഓഫീസര്‍
4- ബ്ലോക്ക് പ്രോജക്ട് കോ-കോര്‍ഡിനേറ്റര്‍
5- ബി ആര്‍ സി ട്രെയിനര്‍ (ബ്ലോക്ക് തലം)
ഓരോ തസ്തികയിലേക്കും അപേക്ഷ അയക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ് . (www. ssakerala.in , samagrashikshakeralanews.in )

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം

കാസര്‍ഗോഡ് കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന പരാതിയില്‍ അന്വേഷണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. കണ്ണൂര്‍ ആര്‍ഡിഡിക്കാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്.അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് ഇരയാക്കിയത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടത്തിനിടയില്‍ തടഞ്ഞുവച്ച് റാഗ് ചെയ്തത്.

യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

ആലച്ചേരി: യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ടയിലെ സിബിന്‍(20)ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.ഇന്ന് രാവിലെ ആയിരുന്നു സംഭവം. ആലച്ചേരി എടക്കോട്ടയിലെ സദാനന്ദന്‍-ബിന്ദു ദമ്പതികളുടെ മകനാണ് സിബിന്‍. മാളവിക ഏക സഹോദരിയാണ്. കൂട്ടകാരന്റെ കൂടെ പുത്തലത്ത് നീന്തൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ഒപ്പ് ശേഖരണവും

തൊണ്ടിയില്‍: കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ഒപ്പ് ശേഖരണവും നടത്തി. തൊണ്ടിയില്‍ സീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ രാജു ജോസഫ്, കെ.വി ബാബു, യു.വി അനില്‍കുമാര്‍, നൂറുദ്ദീന്‍ മുള്ളേരിക്കല്‍,നിഷ പ്രദീപന്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി വിജയന്‍,ബൈജു വര്‍ഗീസ്,വി പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ഒപ്പ് ശേഖരണവും

പേരാവൂര്‍: കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും ഒപ്പ് ശേഖരണവും നടത്തി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തൊഴിലാളികളുടെ സംഗമവും ഒപ്പ് ശേഖരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, വി ഗീത, വാര്‍ഡ് മെമ്പര്‍മാരായ എം ഷൈലജ ടീച്ചര്‍, സി യമുന, കെ.എ രജീഷ്, സുരേഷ് ചാലാറത്ത് എന്നിവര്‍ സംബന്ധിച്ചു.