ഇരിട്ടി: ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 1500 സെമിനാര്‍ പരമ്പരയുടെ ഇരിട്ടി താലൂക്ക്തല ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ വിജയന്‍ നിര്‍വ്വഹിച്ചു. താലൂക്ക് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി രഞ്ചിത്ത്കമല്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എ ബഷീര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി.പി രാഘവന്‍ മാസ്റ്റര്‍, മനോജ് കുമാര്‍ പഴശ്ശി, എ.കെ രവീന്ദ്രന്‍, പ്രദീപന്‍ കണ്ണോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന്‍ സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗടത്തും. ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാസത്തില്‍ പത്ത് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ ഡോക്ടര്‍മാര്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നു. ഇത്തരത്തില്‍ അഞ്ച് കേസുകളുണ്ട്. ആശുപത്രികളില്‍ പൊലീസ് എയിഡ് പോസ്റ്റില്ലേ എന്നും ഇത്തരം സംഭവങ്ങള്‍ എങ്ങനെ നിയന്ത്രിക്കുമെന്നും കോടതി ചോദിച്ചു. ആക്രമിക്കരുതെന്ന് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡോക്ടര്‍, നഴ്സ്, സെക്യൂരിറ്റി മറ്റ് ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ ഉടന്‍ നടപടി വേണമെന്നും നടപടികള്‍ പെട്ടെന്നുണ്ടാകുമെന്ന് പ്രതികള്‍ക്ക് മനസ്സിലാകണമെന്നും കോടതി പറഞ്ഞു. സുരക്ഷയ്ക്ക് എന്തൊക്കെ നടപടി സ്വകീരിച്ചുവെന്നും എന്തൊക്കെ നടപടി സ്വീകരിക്കാന്‍ പറ്റുമെന്നും അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
തൊണ്ടിയില്‍: കൂവേലില്‍ ബില്‍ഡിംഗില്‍ വി.റ്റി വെജിറ്റബള്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. കൂവേലില്‍ തോമസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എസ്താപ്പന്‍, യുഎംസി പ്രസിഡണ്ട് ബിനോയ് കൂവേലില്‍, ജെയിംസ് കൂവേലില്‍, തോമസ് കൂവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍: കുറുവ യു.പി സ്‌കൂളിന് സമീപം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കൈവശം വച്ചതിന് തോട്ടട വെസ്റ്റ് സ്വദേശി ലിബ്സ ഹൗസില്‍ മുഹമ്മദ് ഫര്‍സീന്‍ എ.പി (25)നെ കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ സംശയാസ്പദമായ നിലയില്‍ കണ്ട ഇയാളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. പേഴ്‌സില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തത് .ബാംഗ്ലൂരില്‍ നിന്ന് ഇയാളുടെ സുഹൃത്ത് വഴിയാണ് മയക്ക്മരുന്ന് എത്തിക്കുന്നത്. ഫര്‍സീന്‍ മയക്കുമരുന്നിന് അടിമയാണ്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ദിനേശന്‍ പി.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത് കുമാര്‍, സജിത്ത്, നിഖില്‍, ഡ്രൈവര്‍ അജിത് എന്നിവരും ഉണ്ടായിരുന്നു.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഈ പരിധി ബാധകമാക്കണം. യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിയാണ് നിയമനത്തിന് പക്ഷേ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. പേഴ്‌സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്നും, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ മറ്റൊരാവശ്യം. കൊച്ചിയിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വി. ജി അരുണ്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറവ് വന്നതായാണ് കണക്കുകള്‍. എന്നാല്‍ പുതിയതായി രോഗം ബാധിക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എച്ച് ഐ വി പോസറ്റീവ് കേസുകളില്‍ വലിയ കുറവുണ്ടായതായാണ് ഐ സി എം ആറിന്റെയും നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റേയും കണക്കുകള്‍. 2011ല്‍ 2160 പേര്‍ക്കാണ് പുതിയതായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 2021ല്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 866 ആയി കുറഞ്ഞു. എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 81 ശതമാനം കുറവുണ്ടായി. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നതിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും യുവാക്കളാണ്. ലഹരി ഉപയോഗം വര്‍ദ്ധിച്ചതാണ് പ്രധാന കാരണം. എയ്ഡ്‌സ് രോഗികളുടെ ആയുര്‍ദൈര്‍ഘ്യത്തിലും വര്‍ധവുണ്ടായതായാണ് കണക്കുകള്‍. 2025ഓടെ സംസ്ഥാനത്ത് പുതിയ എച്ച് ഐ വി പോസറ്റീവ് കേസുകള്‍ ഇല്ലാതാക്കുകയെന്നതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
തൊണ്ടിയില്‍: പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലാ കായിക ശാസ്ത്ര പ്രതിഭകള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ബാബു കെ.വി, പ്രിന്‍സിപ്പാള്‍ കെ.വി സെബാസ്റ്റ്യന്‍, പ്രധാനാധ്യാപകന്‍ വി.വി തോമസ്, പി.ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, സ്‌കൂള്‍ ലീഡര്‍ ട്രീസ മരിയ, ജാന്‍സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
കൊട്ടിയൂര്‍: തണ്ണി മത്തന്‍ വിത്തിടല്‍ നടന്നു. ഷാജി കൊട്ടിയൂരിന്റെ കൃഷിയിടത്തില്‍ ആണ് തണ്ണിമത്തന്‍ വിത്തിടല്‍ നടന്നത്. കൊട്ടിയൂര്‍ കൃഷി ഓഫീസര്‍ വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ കൊട്ടിയൂര്‍ എസ്.എന്‍.ഡി.പി ശാഖ യോഗം പ്രസിഡണ്ട് തങ്കപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൃഷിയെപ്പറ്റി ഷാജി കൊട്ടിയൂര്‍ വിശദീകരണവും നല്‍കി.
ഏലപ്പീടിക: കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെയും, ജല്‍ ജീവന്‍ മിഷന്റെയും, ഏലപ്പിടിക അനുഗ്രഹ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് വായനശാല & ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ഏലപ്പീടിക അനുഗ്രഹവായനശാല ഹാളില്‍ വെച്ച് ജലഗുണനിലവാര പരിശീലന പരിപാടി നടത്തി. കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിമ്മി അബ്രാഹം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ സയന്റിസ്റ്റ് അമല്‍ ചന്ദ്രന്‍ പരിശിലനത്തിന് നേതൃത്വം നല്‍കി. മേഘ ചാക്കോ, രേഷ്മ സിജു എന്നിവര്‍ സംസാരിച്ചു.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ചാന്‍സറുടെ ആനുകൂല്യങ്ങളും ചിലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന വിധത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും.
14 സര്‍വകലാശാകളുടേയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിന്റെ കരടിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. നിയമവകുപ്പ് തയാറാക്കിയ ബില്ലില്‍ ഗവര്‍ണര്‍ക്കു പകരം അക്കാദമിക് രംഗത്തെ പ്രഗത്ഭരെ ചാന്‍സിലര്‍മാരാക്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഭരണഘടനാ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയോഗിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമ്മീഷന്‍ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്.
സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന നിലയിലാണ് നിയമം തയാറാക്കിയിരിക്കുന്നത്. ആര്‍ട്സ് ആന്റ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ ആയിരിക്കും ഉണ്ടാവുക. സാങ്കേതിക,ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സിലറും ആരോഗ്യ, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സിലര്‍മാരുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ബില്‍ നിയമമാകുമ്പോള്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുന്‍പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതുണ്ട്. ഇതൊഴിവാക്കാന്‍ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കും വിധമാണ് നിയമനിര്‍മാണം.