ചുങ്കക്കുന്ന്: ഗവ. യു.പി സ്‌കൂളില്‍ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന ശില്‍പശാലയുടെ സമാപനം വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രെയിനര്‍ പ്രദീപ് വൈ അധ്യക്ഷത വഹിച്ചു. കര്‍ഷക അവാര്‍ഡ് ജേതാവ് ഷാജി ആലനാലിനെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ വിജയന്‍ ,സി ആര്‍ സി കോഡിനേറ്റര്‍ അതുല്യ, സ്റ്റാഫ് സെക്രട്ടറി പി.ഡി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
പേരാവൂര്‍: കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫീസിലേക്ക് ഡെപ്യൂട്ടി ഡി.എം.ഒ. ആയി പോകുന്ന പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍,ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ വി പ്രേമന്‍,ഇന്ദിര ശ്രീധരന്‍,ബിഡിഒ ആര്‍ സജീവന്‍,വിഇഒ സല്‍മ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ നേട്ടമുണ്ടാക്കിയതിന്റെ പേരില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി ഹരിത വിദ്യാലയം റിയാല്‍റ്റി ഷോ മാറിയെന്നും ഷോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങള്‍ മികച്ച മാതൃക സൃഷ്ടിക്കുന്നു. പക്ഷെ ഈ യാഥാര്‍ത്ഥ്യം പലപ്പോഴും തമസ്‌ക്കരിക്കുകയാണ്. പശ്ചാത്തല സൗകര്യവും അധ്യായനവും മികച്ചതാക്കി. ഇതിന്റ തെളിവാണ് 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതുതായി വന്നത്. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കാരം നടപ്പാക്കും. പഠിച്ച അനുഭവം വച്ചു കൊണ്ട് ക്ലാസെടുത്താല്‍ മതിയാകില്ലെന്നും ന്യൂതന ആശയങ്ങള്‍ക്കൊപ്പം ചരിത്രബോധവും പകര്‍ന്ന് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാപ്പാ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടിയായി. ജയില്‍ ചട്ടമനുസരിച്ചാണ് കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റുന്നത്. കാപ്പ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്നാണ് ചട്ടം. ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് സംരക്ഷണം തേടി. എസ്‌കോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ജയില്‍ മാറ്റം നടപ്പാക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം മൃഗശാലയില്‍ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗ ബാധയുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികള്‍ നടന്നുവരുന്നുണ്ട്. നിലവില്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും ക്ഷയരോഗം ബാധിച്ചിട്ടില്ല. സന്ദര്‍ശകര്‍ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നതൊഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മരണനിരക്ക് കുറഞ്ഞുവെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.
പുള്ളിമാനുകള്‍ക്കും കൃഷ്ണ മൃഗങ്ങള്‍ക്കുമാണ് ക്ഷയരോഗ ബാധ കണ്ടെത്തിയത്. . മൃഗങ്ങളിലെ ക്ഷയരോഗ ബാധക്ക് ഫലപ്രദമായ മരുന്നോ വാക്‌സീനോ ലഭ്യമല്ല. ഓരോ മൃഗങ്ങളേയും എണ്ണം തിരിച്ച് പരിശോധിക്കുന്നത് പ്രായോഗികമല്ല.
ചത്ത മൃഗങ്ങളെ കത്തിച്ച് കളയുകയും കൂട്ടില്‍ നിന്നു പുറം തള്ളുന്ന മാലിന്യങ്ങള്‍ പ്രത്യേകം സംസ്‌കകരിക്കുകയുമാണ് ചെയ്യുന്നത്. അടുത്തിടപഴകുന്ന മനുഷ്യരിലേക്ക് രോഗ പകര്‍ച്ച ഉണ്ടായേക്കാമെങ്കിലും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരിചാരകരും ജോലിക്കാരും മൃഗങ്ങളോടിടപെടുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ് സംഘം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയെന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതി നിഷേധിച്ച് ആരോഗ്യ വകുപ്പ്. കത്രിക മെഡിക്കല്‍ കോളജിലേതല്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്കി. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിക്ക് സിസേറിയന്‍ നടന്നത്. ആശുപത്രിയിലെ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. ആ കാലഘട്ടത്തില്‍ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയിലെ സ്‌കാനിങില്‍ കത്രിക കണ്ടെത്തിയതും മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതായിരുന്നു അന്വേഷണ സംഘം.
കെഎസ്ആര്‍ടിസിയില്‍ ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയന്‍ നേതാക്കള്‍ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികള്‍ എല്ലാം സംതൃപ്തരാണ്.
നിര്‍ബന്ധ വിആര്‍എസ് കെ എസ് ആര്‍ ടി സി യില്‍ ഉണ്ടാകില്ല. കെ എസ് ആര്‍ ടി സി യില്‍ സ്വകാര്യവത്കരണ നീക്കമില്ല. യൂണിയനുകള്‍ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്മെന്റിന് നടപ്പാക്കാന്‍ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.
കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയം ആണ്. ബള്‍ക്ക് പര്‍ച്ചേഴ്‌സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബര്‍ മുതല്‍ ഈ ആനുകൂല്യം എടുത്തു കളഞ്ഞു. ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു.ഇതുമൂലം 20 മുതല്‍ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു
കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന കായിക അധ്യാപക പരിശീലന കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍ സി ടി ഇ ഹൈക്കോടതിയെ അറിയിച്ചു. അംഗീകാരത്തിനായി സര്‍വ്വകലാശാല നല്‍കിയ അപേക്ഷ 2017 ല്‍ നിരസിച്ചതാണെന്നും അംഗീകാരമില്ലാതെ കോഴ്‌സുകള്‍ നടത്തുന്നത് നിയവിരുദ്ധമാണെന്ന് സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ടെന്നും എന്‍ സി ടി ഇ കോടതിയില്‍ പറഞ്ഞു. കോഴ്‌സിന് അംഗീകാരമില്ല എന്ന കാര്യം മറച്ചു വച്ചു സര്‍വകലാശാല വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്നും നഷ്ടപരിഹാരം വേണം എന്നും അവശ്യപ്പെട്ടു.
ഷാരുള്‍ ബാനു എന്ന വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം. കോഴ്‌സുകള്‍ക്ക് എന്‍ സി ടി ഇ അംഗീകാരം ഇല്ലാതെ കഴിഞ്ഞ 15 വര്‍ഷത്തില്‍ അധികമായി സര്‍വകലാശാല കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്‍ സി ടി ഇ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സര്‍വകലാശാലയ്ക്ക് കോഴ്‌സുകള്‍ നടത്താന്‍ അധികാരമുള്ളു എന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അംഗീകാരമില്ലാത്ത കോഴ്സ് ആയതിനാല്‍ ജോലിക്ക് ചേരുവാനോ ഉന്നതപഠനത്തിന് ചേരുവാനോ സാധിക്കുനില്ല എന്ന് കാണിച്ച് മുന്‍ വിദ്യാര്‍ത്ഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജികള്‍ അന്തിമ വാദത്തിനായി ഈ മാസം 14 ലേക്ക് മാറ്റി.
ജില്ലയില്‍ അന്തരീക്ഷ താപം കൂടുതല്‍ അനുഭവപ്പെട്ടതിനാല്‍ സൂര്യതാപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. നിര്‍ജ്ജലീകരണം തടയാന്‍ ഇടയ്ക്കിടക്ക് ശുദ്ധജലം കുടിക്കണം. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. സൂര്യാഘാതം ഏറ്റാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം.
സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ മുതല്‍ അബോധാവസ്ഥ വരെ ഉണ്ടാകാം. വെയിലേറ്റുള്ള ശരീര ശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനം, ഛര്‍ദ്ദി, അസാധാരണമായി വിയര്‍പ്പ്, കഠിന ദാഹം, മൂത്രത്തിന്റെ അളവ് വളരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍,
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരുടെ ശരീരഭാഗം ചുവന്ന് തടിച്ച് വേദനയും പൊള്ളലും ഉണ്ടായാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടായാല്‍ അവ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശീവലിവ് അനുഭവപ്പെടുകയും ചെയ്യും. ആവശ്യമായ പ്രതിരോധ നടപടികള്‍ പൊതുജനങ്ങള്‍ സ്വീകരിക്കണം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍.
പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
വേനല്‍ച്ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധിക്യതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള് രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മുതല്‍ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്‌കാര്‍ക്ക് സുമനസ്‌കര്‍ കുടിവെള്ളം നല്‍കി നിര്‍ജ്ജലീകരണം തടയുവാന്‍ സഹായിക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
ആരോഗ്യവകുപ്പിന്റെയും, കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.