സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഓഗസ്റ്റ് 22 മുതല്‍ 30 വരെ സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചു. എല്‍ പി, യു പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20 ന് കഴിയും. ഹയര്‍ സെക്കന്ററി ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 14നാണ് തുടങ്ങുക. പരീക്ഷകള്‍ക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകള്‍ പ്രവര്‍ത്തിക്കും. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും. ഓണ അവധിക്ക് ശേഷം ആഗസ്റ്റ് 31 ന് വിദ്യാലയങ്ങള്‍ തുറക്കും.
പൊതുപരീക്ഷ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്രം ബില്‍ പാസാക്കിയത്. ബില്ലിന്മേലുള്ള ചര്‍ച്ചയിലുടനീളം സഭയില്‍ ഭരണ-പ്രതിപക്ഷം കടുത്ത വാക്പോരാണ് നടത്തിയത്. നാളെ രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കെത്തും. പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും.
ബില്‍ പ്രകാരം, നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിവസേന വിചാരണ നടത്തി കേസ് തീര്‍പ്പാക്കണം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികള്‍ക്കെതിരായ അപ്പീലുകള്‍ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും, അപ്പീല്‍ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീര്‍പ്പാക്കുകയും വേണം.
സംഘടിത ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് കുറഞ്ഞ തടവുശിക്ഷ 5 വര്‍ഷത്തില്‍ നിന്ന് 7 വര്‍ഷമായി ഉയര്‍ത്തി.പരമാവധി പിഴ 1 കോടിയില്‍ നിന്ന് 10 കോടിയായി വര്‍ധിപ്പിക്കും. വ്യക്തികള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമായിരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്ക് കുറഞ്ഞ തടവുശിക്ഷ 3 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി ഉയര്‍ത്തും. പരമാവധി തടവുശിക്ഷ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി വര്‍ധിപ്പിക്കും. പരമാവധി പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തുന്നതാണ് ബില്ല്.
പരീക്ഷാ സേവനദാതാക്കള്‍ക്കും കടുത്ത നടപടി നേരിടേണ്ടി വരും. പരീക്ഷാ തട്ടിപ്പില്‍ പങ്കുള്ള സേവനദാതാക്കള്‍ക്ക് പരമാവധി പിഴ 1 കോടിയില്‍ നിന്ന് 5 കോടിയായി വര്‍ധിപ്പിക്കും.പൊതുപരീക്ഷകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുന്ന കാലാവധി 4 വര്‍ഷത്തില്‍ നിന്ന് 8 വര്‍ഷമായി ഉയര്‍ത്തും. കമ്പനിയുടെ ഡയറക്ടര്‍മാര്‍, മുതിര്‍ന്ന മാനേജര്‍മാര്‍, മറ്റ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുറ്റത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍, കുറഞ്ഞത് 5 വര്‍ഷം തടവും 5 കോടി വരെ പിഴയും നേരിടേണ്ടിവരും. പൊതുപരീക്ഷകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. സമയബന്ധിത വിചാരണയും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും സംഘടിത പരീക്ഷാ തട്ടിപ്പിനുമെതിരെ ശക്തമായ പ്രതിരോധം ബില്ലിലൂടെ നടപ്പാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു.
കോഴിക്കോട് വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്ന് അധ്യാപകര്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പിടിയിലായ കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടില്‍ 6 മാസത്തിനിടയില്‍ എത്തിയത് ലക്ഷങ്ങളാണ്. ചോദ്യം ചെയ്യലില്‍ ലഹരിയുടെ മൊത്തവിതരണക്കാരുടെ വിവരങ്ങള്‍ പറയാന്‍ പ്രതികള്‍ തയ്യാറായില്ല. ലഹരി വ്യാപാര ശൃംഖലയില്‍ മിഡില്‍ ഏജന്റ്മാരാണ് ഇവര്‍.
എല്ലാം നിഷ്മയ്ക്ക് അറിയാമെന്ന് കീര്‍ത്തന മൊഴി നല്കി. റേഞ്ച് ഡിഐജി കെ കാര്‍ത്തിക് ഇന്ന് വടകരയില്‍ അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കും. 10 ലക്ഷത്തിലേറെ പണം കഴിഞ്ഞ 6 മാസത്തിനകം മൂന്ന് പ്രതികളുടെയും അക്കൗണ്ടില്‍ നേരിട്ട് എത്തിയതായി പൊലീസ് കണ്ടെത്തി.
ലഹരി മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവര്‍ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. തുടക്കത്തില്‍ രണ്ടുപേര്‍ക്കും ഇവര്‍ വഴി എം.ഡി.എം.എ. ലഭിച്ചു. പിന്നീട് വില്‍പ്പനയിലെ കണ്ണികളായിമാറി. വന്‍ മാഫിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവര്‍ ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വില്‍പ്പനക്കാരെ തേടുന്നതും ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുന്നതും. രണ്ടുപേരും അധ്യാപികമാരായതിനാല്‍ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി. ഒരാള്‍കൂടി ഇവരുടെ സംഘത്തിലുള്ളതായി സൂചനയുണ്ട്.
പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്മക്കള് എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം’ എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വി ഡി സതീശന് നല്കിയ വിശദീകരണം.
സംസ്ഥാനത്ത് ഭരണനിര്‍വഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവന നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. അസറ്റ് മാനേജ്മെന്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം, പ്ലാന്‍ സ്പേസ് 2.0, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റര്‍, 591 ഭരണനിര്‍വഹണ സ്ഥാപനങ്ങളില്‍ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള ഏകീകരിക്കല്‍, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി തുടങ്ങിയ കാര്യങ്ങളില്‍ പരിഷ്കാരം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സേവന നടപടികള്‍ ലളിതമാക്കുന്നതിലൂടെ ഭരണരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.’ഓണവിപണിയില്‍ വിലക്കയറ്റം ഉണ്ടാകില്ല. ഓഗസ്റ്റ് 10 മുതല്‍ സൗജന്യ ഓണക്കിറ്റ് നല്‍കും. മഞ്ഞ കാര്‍ഡുകള്‍ക്കാണ് സൗജന്യ കിറ്റ് ലഭ്യമാക്കുക.
അധ്യാപകര്‍ മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായത് ഞെട്ടിപ്പിക്കുന്നത്. ലഹരി നെറ്റ് വര്‍ക്കിന്റ ആഴമാണ് ഇത് വ്യക്തമാകുന്നത്. എം.ആര് അജിത് കുമാറിനെതിരായ നടപടി സമയമെടുത്ത് എല്ലാ വശങ്ങളും പരിശോധിച്ചാണ്. അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടി. കാറ്റ് സ്റ്റേ അനുവദിക്കാത്തത് സര്‍ക്കാര്‍ നടപടിക്രമം പാലിച്ചത് കൊണ്ട്
പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്മക്കള് എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം’ എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വി ഡി സതീശന് നല്കിയ വിശദീകരണം.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.
കാസര്‍ഗോഡ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂര്‍ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യശോദ. പനിയും ചുമയും ബാധിച്ചാണ് കാസര്‍ഗോഡുള്ള സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ എത്തുന്നത്. എന്നാല്‍ എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണം കണ്ടെത്തിയതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റ് ഏഴ് പേര്‍ക്കും ഇതേ ലക്ഷണങ്ങള്‍ കാണിച്ചതോടെ ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മേഖലയില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
നേരത്തെ അജാനൂര്‍ മേഖലയില്‍ ഷിഗെല്ല ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിക്കുന്നത്.കാസര്‍ഗോഡ് ജില്ലയില്‍ പൊതുവെ പനി ബാധിതറുടെ എണ്ണം കൂടുതലാണ് നിലവില്‍.
വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര ബി ആര്‍സിയിലെ അധ്യാപികയായ നീഷ്മ ആണ് അറസ്റ്റിലായത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. കേസില്‍ ഇതുവരെ 3 അധ്യാപികമാര്‍ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.
പവര്‍ എക്സേഞ്ചില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ പീക്ക് സമയത്ത് നിയന്ത്രണത്തിന് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നലെ 89 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പുറത്ത് നിന്ന് വാങ്ങിയത് 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അണക്കെട്ടുകളിലുള്ളത് 30 ശതമാനം വെള്ളം മാത്രമാണ്. വരും വര്‍ഷങ്ങളിലും വൈദ്യുതി ആവശ്യകതയും വിലയും ഉയരുന്നത് മുന്നില്‍ക്കണ്ടാണ് കെഎസ്ഇബി കൂടുതല്‍ വൈദ്യുതി വാങ്ങല്‍ കരാറുകളിലേക്ക് കടക്കുന്നത്. സോളാര്‍ എനര്‍ജി കോര്പ്പേറേഷന് വഴി 200 മെഗാവാട്ട് വാങ്ങാനുള്ള കരാറിനാണ് റഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയത്. യൂണിറ്റിന് 2.93 പൈസയാണ് വില. 25 വര്‍ഷത്തേയ്ക്കുള്ള കരാരില്‍ 2028 ഏപ്രില്‍ മുതല്‍ വൈദ്യുതി കിട്ടും. പീക്ക് സമയത്ത് നാല് മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഉള്‍പ്പെടുന്നതാണ് കരാര്‍. ജൂണ്‍ 30ന് മുമ്പ് പദ്ധതി നടപ്പായാല്‍ സംസ്ഥാനാന്തര ട്രാന്‍സമിഷന്‍ ചാര്‍ജില്‍ ഇളവ് കിട്ടും. പുലര്‍ച്ചെ രണ്ട് മണിക്ക് വരെ വൈദ്യുതി ഉപയോഗം ഉയരുന്ന സ്ഥിതിക്ക് സോളാര്‍ എനര്‍ജി കോര്പേറേഷന് വഴി കൂടുതല്‍ വൈദ്യുതിക്ക് ശ്രമിക്കണം. ബാറ്ററി എനര്‍ജി സ്റ്റോറേജ്, ഹൈബ്രിഡ് പവര്‍ പ്ലാന്റസ് എന്നിവയെ ആശ്രയിക്കണം. ഇപ്പോള്‍ യൂണിറ്റിന് ശരാശരി 9 രൂപയെന്ന ഉയര്‍ന്ന വിലയ്ക്കാണ് പീക്ക് അവര്‍ സമയത്തേയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇനിയുള്ള ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂന മര്‍ദ്ദം പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്ത് ദിഘക്ക് സമീപം കരയില്‍ പ്രവേശിച്ചു. നിലവില്‍ ന്യൂന മര്‍ദ്ദം വടക്കന്‍ ഒഡീഷ ഗംഗാതീര പശ്ചിമ ബംഗാളിന് മുകളില്‍ സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ വടക്കന്‍ ഒഡീഷ, തെക്കന്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 30ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും 31ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.