Hivision Channel

latest news

ജില്ലാ കേരളോത്സവത്തിന്റെ വനിതാ ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് വിഭാഗത്തില്‍ കേളകം പഞ്ചായത്തിലെ മഹിമയ്ക്കും ബിന്റുവിനും രണ്ടാം സ്ഥാനം

മാടായി: എരിപുരത്ത് വെച്ച് നടന്ന ജില്ലാ കേരളോത്സവത്തിന്റെ വനിതാ ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് വിഭാഗത്തില്‍ പേരാവൂര്‍ ബ്ലോക്കിനെ പ്രതിനിധീകരിച്ച കേളകം ഗ്രാമപഞ്ചായത്തിലെ മഹിമയ്ക്കും ബിന്റുവിനും രണ്ടാം സ്ഥാനം. ഫൈനലില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനെ പരാജയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ കെ രത്‌നകുമാരി സമ്മാനവിതരണം നടത്തി.

പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു

പേരാവൂര്‍: നാളികേര വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പേരാവൂര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിഎഫ്പിസികെയും കേരഫെഡും സംയുക്തമായി കര്‍ഷകരില്‍ നിന്നും കുനിത്തലയിലുള്ള പേരാവൂര്‍ സ്വാശ്രയ കര്‍ഷക സമിതിയിലൂടെ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു. പച്ചത്തേങ്ങ സംഭരണോദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ കെ.വി ശരത്ത് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി യമുന അധ്യക്ഷത വഹിച്ചു. പേരാവൂര്‍ കൃഷി ഓഫീസര്‍ പി.ജെ വിനോദ് പദ്ധതി വിശദീകരണം നടത്തി. പി കെ ജ്യോതിഷ് കുമാര്‍,ദശാനനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സ്‌കൂളുകളില്‍ ഹൈബ്രിഡ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

ഇരിട്ടി: ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌കൂളുകളില്‍ ഹൈബ്രിഡ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.കുന്നോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അങ്ങാടിക്കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കരിക്കോട്ടക്കരി ഹൈസ്‌കൂള്‍, എടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ പദ്ധതിയില്‍ പങ്കാളികളായി. ഫെഡ് ഫാം ക്ലബ് പ്രസിഡന്റ് സിബി വാഴക്കാലാ, സെക്രട്ടറി സുരേഷ് ബാബു, ട്രഷറര്‍ ഷാജി, ജോളി അഗസ്റ്റിന്‍, ടി ഡി ജോസ്, ബാലു അമേയ, കുര്യന്‍ മൈലാടി, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എന്‍എസ്എസ് യൂണിറ്റുകളും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകളും ഈ പദ്ധതി ഏറ്റെടുത്തു.

കളര്‍ ബെല്‍റ്റ് എക്‌സാമിനേഷനില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തില്ലങ്കേരി: സ്‌പോര്‍ട്‌സ് കാരത്തെ അക്കാദമി ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യന്‍ ചീഫ് ഷിഹാന്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന കളര്‍ ബെല്‍റ്റ് എക്‌സാമിനേഷനില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പള്യം എല്‍.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമല ഉദ്ഘാടനം ചെയ്തു. പി.പി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഗീത, രമേശന്‍ മാസ്റ്റര്‍, അനുരാഗ് തുടങ്ങിയവര്‍ സംസാരിച്ചു.

സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ ജാഗ്രത സദസ്സ്

പേരാവൂര്‍: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാവൂര്‍ ഏരിയ തല പരിശീലന കളരി സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ ജാഗ്രത സദസ്സ് പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. മൈഥിലി രമണന്റെ അധ്യക്ഷതയില്‍ പ്രൊഫസര്‍ ഷീല ജോസഫ് ക്ലാസ്സ് എടുത്തു. ജിജി ജോയ്, നിഷ ബാലകൃഷ്ണന്‍, എം റിജി, തങ്കമ്മ സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.

വിഴിഞ്ഞം സമരപ്പന്തല്‍ ഇന്ന് രാത്രി പൊളിച്ചുനീക്കും

വിഴിഞ്ഞം സമരപ്പന്തല്‍ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തല്‍ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കുക. പന്തല്‍ പൊളിച്ച് നീക്കിയതിന് ശേഷം നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140 ദിവസം പിന്നിട്ട സമരം ഒത്തു തീര്‍പ്പായ സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഉടന്‍ പുനരരാരംഭിക്കും. സമരം തീര്‍പ്പായ സാഹചര്യത്തില്‍ അദാനി ആവശ്യപ്പെട്ട 200 കോടി രൂപ സമര സമിതിയില്‍ നിന്നും ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകും. പകരം നിര്‍മ്മാണം തീര്‍ക്കാന്‍ സമയ പരിധി സര്‍ക്കാരിന് നീട്ടി കൊടുക്കേണ്ടി വരും. കരാര്‍ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദാനിയില്‍ നിന്നും ആര്‍ബിട്രേഷന്‍ ഇനത്തില്‍ നഷ്ട പരിഹാരം ഈടാക്കാനുള്ള സര്‍ക്കാര്‍ ശ്രമവും ഉപേക്ഷിച്ചേക്കും.

അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. ഉത്തരവ് നിലനില്‍ക്കെ വീണ്ടും സംഘര്‍ഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാന്‍ ആകില്ലെന്നും ഹര്‍ജിക്കാര്‍ കോടതി അറിയിച്ചിരുന്നു.തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നിര്‍മ്മാണ പ്രദേശത്തിനകത്ത് കേന്ദ്ര സേനസുരക്ഷ ഒരുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39600 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4950 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4095 രൂപയാണ്.

ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തിയേക്കും; റിപ്പോ ഉയരും

പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ പരിധിയ്ക്ക് മുകളില്‍ തന്നെ തുടരുന്നതിനാല്‍ റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കും. ആര്‍ബിഐ അതിന്റെ പ്രധാന വായ്പാ നിരക്ക് 35 ബേസിസ് വരെ ഉയര്‍ത്തുമെന്നാണ് സൂചന. ഒക്ടോബറില്‍ രാജ്യത്തെ പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞെങ്കിലും ആര്‍ബിഐയുടെ ടോളറന്‍സ് ബാന്‍ഡിന്റെ മുകളില്‍ തന്നെയായിരുന്നു. 2 മുതല്‍ 6 ശതമാനം വരെയാണ് ആര്‍ബിഐയുടെ പരിധി. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മാസങ്ങളില്‍ കുറയുന്നുണ്ടെങ്കിലും ആഭ്യന്തര വിലയില്‍ ഇതുവരെ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് മാസങ്ങളില്‍ ആറിലും ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞു, മാര്‍ച്ചില്‍ 139 ഡോളറിലെത്തിയ ബാരലിന് നിലവില്‍ ഏകദേശം 83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള എണ്ണവില കുറവാണെങ്കിലും, 2022 മെയ് മുതല്‍ ഇന്ത്യയിലെ ചില്ലറ വിപണി വിലയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സെപ്തംബര്‍ 30-ലെ നയ പ്രസ്താവനയില്‍, ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി 2022/23 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 7 ശതമാനമായും ചില്ലറ പണപ്പെരുപ്പം 6.7 ശതമാനമായും പ്രവചിച്ചിരുന്നു.

മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള റോഡ്; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കേളകം: മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള റോഡ് നാലുവരിപാതയാക്കി നിര്‍മ്മിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് 5000ത്തോളം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും നല്‍കി. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ,കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂര്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ജില്‍സ് എം മേക്കല്‍, റെജി കന്നുകുഴി,എം.എം സണ്ണി, ജോസ് പള്ളിക്കാമഠം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

കേന്ദ്രാനുമതി ലഭിച്ചാല്‍ കെ-റെയിലുമായി മുന്നോട്ട്; ധനമന്ത്രി സഭയില്‍

കേന്ദ്ര അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍. കേരളത്തില്‍ വേഗം കൂടിയ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികള്‍ മുടക്കി മുന്നൊരുക്കങ്ങള്‍ നടത്തിയതെന്തിനാണെന്ന ചോദ്യം പ്രതിപക്ഷ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചു. സര്‍ക്കാര്‍ പരിമിതമായ ചിലവ് മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഇപ്പോള്‍ നിലവില്‍ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നും മന്ത്രി മറുപടി നല്‍കി. ഒരു പദ്ധതി വരുന്നതിന് മുമ്പ് പ്രാഥമികമായ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് മുന്‍മ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎന്‍ ബാലഗോപാല്‍ നല്‍കുന്ന വിശദീകരണം. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഗ്രാന്റ് വെട്ടിക്കുറച്ചു. ജിഎസ് ടി നഷ്ടപരിഹാരമില്ല. എല്ലാ രീതിയിലും കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കുകയാണ്. ഇതിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളം സാമ്പത്തികമായി തകര്‍ന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേരളത്തേക്കാള്‍ തകര്‍ന്ന നാലു സംസ്ഥാനങ്ങളുടെ പേര് പറഞ്ഞ് നമ്മള്‍ മെച്ചമാണെന്ന് വേണമെങ്കില്‍ പറയാമെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു. സംസ്ഥാനത്ത് ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമിതാണെന്നും രമേശ് ചെന്നിത്തലയും തുറന്നടിച്ചു. ഇതിന് മറുപടി നല്‍കിയ മന്ത്രി, സംസ്ഥാനത്തിന്റെ കരുത്ത് രാഷ്ട്രീയ അടിസ്ഥാനത്തില്‍ കുറച്ചു കാണരുതെന്ന് നിര്‍ദ്ദേശിച്ചു.