Hivision Channel

Kerala news

യുവ ഡോക്ടര്‍ ഷഹ്നയുടെ മരണത്തില്‍ നടപടിയുമായി സര്‍ക്കാര്‍;ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തും പിജി വിദ്യാര്‍ത്ഥിയുമായ ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.

വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ പിജി ഡോക്ടറായ ഷഹ്ന ജീവനൊടുക്കിയത്. കേസില്‍ മെഡി. കോളേജ് പൊലീസ് ഡോക്ടര്‍ റുവൈസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍

കേളകം:നാടിനു മാതൃകയായി കൊളക്കാട് സാന്തോം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.കളഞ്ഞു കിട്ടിയ പണവും ,രേഖകളുടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ അന്വേഷിച്ച് കണ്ടുപിടിച്ചാണ് സാന്തോമിലെ വിദ്യാര്‍ത്ഥികള്‍ കൈമാറിയത്.ചെങ്ങോം സ്വദേശി തേട്ടത്തില്‍ ബെന്നി ജോസിന്റെ പേഴ്‌സാണ് എഡിവിന്‍ വര്‍ഗീസ്, മെല്‍ബിന്‍ രാജു എന്നിവര്‍ക്ക് കളഞ്ഞു കിട്ടിയത്. പേഴ്‌സ് ഇവര്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കുകയും പിന്നീട് ഉടമസ്ഥന് കൈമാറുകയും ചെയ്തു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാളും അധ്യാപകരും ചേര്‍ന്ന് കുട്ടികളെ അനുമോദിച്ചു.

നവകേരളസദസില്‍ പരാതികള്‍ 3 ലക്ഷം കവിഞ്ഞു; എല്ലാം സമയബന്ധിതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

നവകേരള സദസ് ജനാധിപത്യത്തിന്റെ മാത്രമല്ല; ഭരണനിര്‍വ്വഹണത്തിന്റെ കൂടി പുതിയ ഒരു മാതൃക ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വേദിയിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെവരെ 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേളകത്ത് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കേളകം:ഭാരതീയ തപാല്‍ വകുപ്പ് തലശേരി ഡിവിഷന്റെ നേതൃത്വത്തില്‍ കേളകം ഇ എം എസ് സ്മാരക വായനശാലയില്‍ ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍ എന്നിവ ചെയ്യുന്നു.ക്യാമ്പ് വെളളിയാഴ്ചയും തുടരും .ഡോക്യുമെന്റ്, അപ്‌ഡേഷന്‍ ചെയ്യാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡിലുള്ള അഡ്രസ്സ് പേര് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ വോട്ടര്‍ ഐഡി പാസ്‌പോര്‍ട്ട് റേഷന്‍ കാര്‍ഡ് മുതലായവ കൊണ്ടു വരേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സഹചാരി കാരുണ്യ സംഗമം സമാപിച്ചു

ഇരിട്ടി:എസ്.വൈ.എസ് – എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍ പുന്നാട് കാരുണ്യ സംഗമം സമാപിച്ചു. 3 ദിവസങ്ങളിലായി പുന്നാട് ടൗണ്‍ ടറഫിന് സമീപം നടന്ന പരിപാടിയുടെ സമാപനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി നാസര്‍ ഫൈസി പാവന്നൂര്‍ ഉദ്ഘാടനം ചെയ്തു.പി.വി.സി മായന്‍ ഹാജി അധ്യക്ഷനായി.കിടപ്പു രോഗികള്‍ക്കായി പെയിന്‍&പാലിയേറ്റീവ് ഹോം കെയര്‍, നിത്യ രോഗികള്‍ക്കുള്ള സൗജന്യ മെഡിസിന്‍ വിതരണം, മെഡിക്കല്‍സ്, ക്ലിനിക്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍, മാസാന്ത ഭക്ഷണക്കിറ്റ്, പഠന സഹായങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളാണ് സഹചാരി റിലീഫ് സെല്ലിന് കീഴില്‍ നടന്നു വരുന്നത്. പ്രമുഖ പണ്ഡിതന്‍ സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. ടി.എച്ച് ഷൗഖത്തലി മൗലവി, തറാല്‍ ഈസ, നെസ് മ റഫീഖ്, ഇസ്മായില്‍ ഹാജി തില്ലങ്കേരി, ഹാഫിള് സിനാന്‍ നിസാമി, മുസ്ഥഫ കൊതേരി, ശരീഫ് ഹാജി കീഴൂര്‍, ഡോ. മുഹമ്മദ് ഫസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

താമരശേരി ചുരത്തില്‍ കടുവയിറങ്ങി

താമരശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

താമരശേരി ചുരത്തില്‍ കടുവയെ കണ്ടെത്തുന്നത് അപൂര്‍വ സംഭവമായതിനാല്‍ തന്നെ യാത്രക്കാര്‍ക്കും സംഭവമറിഞ്ഞവര്‍ക്കും കൗതുകമായി. വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍ തന്നെ ഇവിടെനിന്നായിരിക്കാം ചുരം ഒമ്പതാം വളവിലേക്ക് കടുവയെത്തിയതെന്നാണ് നിഗമനം. അതേസമയം, കടുവയിറങ്ങിയതിനാല്‍ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രാത്രിയില്‍ ഉള്‍പ്പെട ചുരത്തിലൂടെ പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ കടുവ കാടുകയറിയെന്ന നിഗമനത്തിലാണ് അധികൃതര്‍.

ജഡ്ജിമാരുടെ സ്ഥാനപ്പേരുകളില്‍ മാറ്റം വരുന്നു

സംസ്ഥാന ജുഡീഷ്യല്‍ സര്‍വീസിലെ വിവിധ സര്‍വീസിലെ തസ്തികളുടെ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനുവേണ്ടി 1991ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.

മുന്‍സിഫ് മജിസ്‌ട്രേറ്റ്, സബ് ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്.മുന്‍സിഫ് മജിസ്‌ട്രേറ്റിന്റെ പേര് സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) എന്നും സബ് ജഡ്ജ്, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികളുടെ പേര് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) എന്നുമാണ് മാറ്റുന്നത്. ജുഡീഷ്യല്‍ തസ്തികകളുടെ പേര് പല സംസ്ഥാനങ്ങളിലും പല തരത്തിലായതിനാല്‍ ഇതില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാരുടെ തസ്തികളുടെ പേരുകളില്‍ സംസ്ഥാനത്ത് മാറ്റം വരുത്തുന്നത്.

ഡോ.ഷഹ്നയുടെ ആത്മഹത്യ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരത്തെ പിജി ഡോക്ടറായ ഷഹ്നയുടെ ആത്മഹത്യയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഡോ ഷഹ്നയുടെ മരണത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്.

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെതുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. ശുദ്ധികലശത്തിനുശേഷമാണ് നട തുറന്നത്. ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്നും രാവിലെ മുതല്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. നട തുറക്കാന്‍ വൈകിയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.