Hivision Channel

hivision

കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രക്കിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. അഞ്ച പ്രതികള്‍ക്ക് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഗണ്‍മാന്‍ അനില്‍ കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് ഉത്തരവ്.

സംസ്ഥാനത്ത് നാളെ മുതല്‍ മഴയുടെ ശക്തി കുറയും

പെരുമഴയില്‍ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. നാളെ മുതല്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവില്‍ വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ മുതല്‍ എവിടെയും റെഡ്, ഓറഞ്ച് മുന്നറിയിപ്പുകള്‍ ഇല്ല. നാളെ (ജൂണ്‍ 10) വടക്കന്‍ ജില്ലകളില്‍ മാത്രമായി മഴ പരിമിതപ്പെടുമെന്നും എന്നാല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് മാത്രമായിരിക്കും നിലവിലുണ്ടാകുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. മറ്റ് ഒന്‍പത് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടായിരിക്കും.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

ഷിഗെല്ല ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ നിന്ന് മാത്രം ഇന്നലെ 2117 പേര്‍ പനിയ്ക്ക് ചികിത്സ തേടി. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.

മറ്റ് പകര്‍ച്ച വ്യാധി വ്യാപനവും ആശങ്കയാകുന്നുണ്ട്. 109 പേര്‍ക്ക് ഇന്നലെ ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കൊല്ലത്തും പത്തനംതിട്ടയിലുമായി ഇന്നലെ രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 11 പേര്‍ക്കാണ്. ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ലക്ഷണത്തോടെ 142 പേര്‍ ചികിത്സ തേടി. ഈ മാസം ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 342 പേര്‍ക്കാണ്. ഈ മാസം രണ്ട് മരണങ്ങളും ഡെങ്കിപ്പനി മൂലം സംഭവിച്ചിട്ടുണ്ട്. ആറുമാസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 2796 പേര്‍ക്കാണ്.15 പേര്‍ ഡെങ്കിപ്പനി മൂലം ഈ വര്‍ഷം മരിച്ചു. ആറു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത് 132 പേര്‍ക്കുമാണ്.

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം; നിരോധനം ജൂലൈ 31 വരെ

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാന്‍ വിലക്കുണ്ട്. രണ്ടുവള്ളങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പെയര്‍ ട്രോളിംഗും കര്‍ശനമായി നിരോധിച്ചു. ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകള്‍ക്ക് തീരത്ത് വിലക്കുണ്ട്. നിരോധനകാലത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ഇളവുണ്ട്. ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോയി ഇവര്‍ക്ക് മീന്‍ പിടിക്കാം. നിരോധനം ലംഘിക്കുന്നവര്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരും.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ മഴ കനത്തേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

താഴെപ്പറയുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയില്‍ വനിതകള്‍ക്ക് നല്‍കുക ഡമ്മി ടിക്കറ്റ്

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയില്‍ വനിതകള്‍ക്ക് നല്‍കുക ഡമ്മി ടിക്കറ്റ്. സ്റ്റാര്‍ട്ടിങ് പോയിന്റും എന്‍ഡിങ് പോയിന്റും മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ടിക്കറ്റുകളാകും വനിതകള്‍ക്ക് നല്‍കുക. 3200 ഓര്‍ഡിനറി സര്‍വീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചു.

ടിക്കറ്റിങില്‍ FEMALE /TRANSGENDER എന്നുള്ളതും ക്രമീകരിക്കും. 3200 ഓര്‍ഡിനറി സര്‍വീസുകളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യയാത്ര നടപ്പിലാക്കാന്‍ പോകുന്നത്. സൗജന്യ യാത്ര മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. സൗജന്യ യാത്ര നടപ്പിലാക്കുന്നത് വകുപ്പ് തലത്തിലെ രണ്ടു സര്‍വേകള്‍ക്ക് ശേഷമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളുടെ സൗജന്യ യാത്ര ഫലപ്രദമായി നടപ്പിലാക്കാന്‍ 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാനും ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

15-ാം തിയതി മുതല്‍ സൗജന്യയാത്ര നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഈ മാസം 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ അന്തിമ തിരുമാനമുണ്ടാകും. എപിഎല്‍, ബിപിഎല്‍, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൌജന്യം ലഭിക്കും. ട്രാന്‍സ് ജെന്‍ഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി സിപി ജോണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; വയനാട്ടില്‍ ഇന്ന് ഉന്നതതലയോഗം

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചത് 8 പേര്‍ക്കാണ്. ഈ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗം കണ്ടെത്തുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 93 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു മരണവും ഷിഗെല്ല മൂലമാണ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേര്‍ക്ക് ഷിഗല്ല സംശയമുണ്ട്. 6 മാസത്തിനുള്ളില്‍ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ മന്ത്രി ടി സിദ്ദിഖിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. വൈകിട്ട് ആരോഗ്യമന്ത്രി കെ മുരളീധരനും ജില്ലയിലെത്തും. നാലര വയസുള്ള ആണ്‍കുട്ടിയ്ക്കും അഞ്ച് വയസുള്ള പെണ്‍കുട്ടിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ അറുപത് പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ 339 വിദ്യാര്‍ഥികളുടെ വീടുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.

ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

പനി,വയറുവേദന, ഛര്‍ദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങള്‍. കുടലില്‍ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാര്‍ത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാല്‍ പിന്നീട് ഇതില്‍ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.

രാജ്യത്ത് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു

രാജ്യത്ത് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയതിന് ശേഷമാണ് സാധാരണ ജനങ്ങള്‍ക്കുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും.

2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയിരിക്കുന്നത്. 14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും 700 രൂപയും, പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് ഞായറാഴ്ച വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 913 രൂപയായിരുന്നത് 942 രൂപയും കൊല്‍ക്കത്തയില്‍ 939 രൂപയായിരുന്ന സിലിണ്ടറിന് ഇനി 968 രൂപയുമാക്കിയിരുന്നു. മുംബൈയില്‍ 912 രൂപയായിരുന്നിടത്ത് 941 രൂപയായി മാറി.. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ വിലവര്‍ധന. ഇത്രയൊക്കെ വില വര്‍ധിപ്പിച്ചിട്ടും തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ വല്ലാത്ത പ്രയാസമാണെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. വാണിജ്യ സിലിണ്ടര്‍ വില കുത്തനെ കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കുതിച്ചുയരുകയാണ്.

ഓപ്പറേഷന്‍ തൂഫാന്‍ :മട്ടന്നൂരില്‍ പച്ചക്കറി വണ്ടിയില്‍ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങള്‍ പിടികൂടി.

മട്ടന്നൂര്‍ :മട്ടന്നൂരില്‍ പച്ചക്കറി വണ്ടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങള്‍ മട്ടന്നൂര്‍ പോലീസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ റൈഡിലാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ കടകളില്‍ വിതരണം ചെയ്യാനായി കൊണ്ട് വന്ന ലഹരി ഉത്പന്നങ്ങളാണ് മൊത്ത വ്യാപാരി വേങ്ങാട് സ്വദേശി ഷമീര്‍ (35)ല്‍ നിന്നും മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കര്‍ണാടകയില്‍ നിന്നും പച്ചക്കറി കൊണ്ട് വരുന്നതാണെന്ന വ്യാജേന പച്ചക്കറികള്‍ക്കിടയില്‍ വെച്ച് ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് കടത്തിയതിനു ശേഷം ഉയര്‍ന്ന വിലക്ക് കണ്ണൂര്‍ ജില്ലയിലെ വിവിധ കടകളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. രാത്രി സമയത്ത് പച്ചക്കറി വണ്ടികളില്‍ ലഹരി ഉത്പന്നങ്ങള്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്നു എന്ന വിവരത്തെ തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പച്ചക്കറികള്‍ക്കിടയില്‍ ചാക്കില്‍ കെട്ടി വെച്ച നിലയിലാണ് ലഹരി ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. നിധിന്‍രാജ് പി. ഐപിഎസ്-ന്റെ നിര്‍ദ്ദേശപ്രകാരം മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എ ബിനു, എസ്‌ഐ ഫൈറൂസ് മുഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍ മാരായ കെ രതീഷ്, ഷംസീര്‍ അഹമ്മദ്, റിജില്‍ എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ പോലീസ് പ്രത്യേക റെയ്ഡുകള്‍ സംഘടിപ്പിച്ചു വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

മാനഭംഗ കേസില്‍ ഒളിവില്‍ കഴിയവെ 10 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

തലശ്ശേരി: മാനഭംഗ കേസില്‍ കോടതിയില്‍ നിന്നും ജാമ്യം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസിന്റെ പിടിയിലായി.
കൊല്ലം ജില്ലയില്‍ ചെരിനാട് വെളിമണ്‍ സ്വദേശി പുത്തന്‍വീട് അഷ്‌റഫ് (47) ആണ് എറണാകുളത്ത് വച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

സെയിദാര്‍പള്ളി സ്വദേശിയായ യുവതിയെ കാണാതായ സംഭവത്തില്‍ 2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തലശ്ശേരി പോലീസ് യുവതിയെ കണ്ടെത്തി അന്വേഷണം നടത്തിവരവെ, കൊല്ലം സ്വദേശിയായ അഷ്‌റഫ് എന്നയാള്‍ എറണാകുളത്ത് കൊണ്ടുപോയി മാനഭംഗപ്പെടുത്തി എന്ന് പോലീസിന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ശേഷം ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയതോടെ കേസിന്റെ വിചാരണ നടപടികള്‍ തടസ്സപ്പെടുകയും കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുന്ന രീതിയായിരുന്നു ഇയാളുടേത്. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്തുകൊണ്ട് എറണാകുളത്ത് പെയിന്റ് പണിക്കാരനാണെന്ന വ്യാജേന മുങ്ങിനടക്കവെയാണ് അഷ്‌റഫിനെ പോലീസ് പിടികൂടുന്നത്. രണ്ടാഴ്ചയോളം ഇരു ജില്ലകളിലുമായി പ്രത്യേക അന്വേഷണസംഘം രഹസ്യാന്വേഷണം നടത്തി ഇന്നലെ രാത്രി എറണാകുളത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.

തലശ്ശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.ടി.പി സൈഫുദ്ദീന്‍, പ്രൊബേഷനറി എസ്.ഐ.മാരായ രഞ്ജിത്ത് പി.ആര്‍, ഗിരിലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിതീഷ് ആലക്കണ്ടി എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. തലശ്ശേരി എഎസ്പി എം. നന്ദഗോപന്‍ ഐ.പി.എസ്, ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, എസ്.ഐ അശ്വതി എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.