Hivision Channel

hivision

ഓപ്പറേഷന്‍ തുഫാന്‍; സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന, പൂജപ്പുര,കണ്ണൂര്‍ ജയിലുകളില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തി

ഓപ്പറേഷന്‍ തുഫാന്‍, സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ അവസാനിച്ചു. പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍, തവനൂര്‍ ജയിലുകളില്‍ ആണ് പരിശോധന നടത്തിയത്. ജയിലുകളില്‍ എത്തുന്ന പ്രതികളില്‍ ചിലര്‍ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തല്‍.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈല്‍ ചാര്‍ജറും കണ്ടെത്തി. ആറാം ബ്ലോക്കില്‍ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കില്‍ നിന്ന് ബീഡികളും കണ്ടെത്തി. ജയില്‍ സൂപ്രണ്ട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇന്നലെ 58 കേസുകളിലായി 62 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. ആകെ 8835 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6675 ഗ്രാം എം.ഡി.എം.എ.യും 754 കി.ഗ്രാം കഞ്ചാവും 295.057 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 10 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 4 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 17.490 ഗ്രാം എം.ഡി.എം.എയും 10.335 കി.ഗ്രാം കഞ്ചാവും 218 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദന്‍ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദന്‍ ഉള്‍പ്പെടെ 35 പ്രതികളെ കോടതി വിട്ടയച്ചു. 23 മുതല്‍ 57 വരെ പ്രതികളെയാണ് വിട്ടയച്ചത്.

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തള്ളി. വനഭൂമിയിൽ അതിക്രമിച്ചു കയറിയ വകുപ്പ് തെളിക്കാനായില്ല. 40 പ്രതികൾ ഹാജരായി. നാല് പേർ ഹാജരായില്ല. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 23 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.

2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സമരനായിക സി കെ ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിൽ.

കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ്‌ കൽപ്പറ്റയിലേക്ക്‌ മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്സാക്ഷികൾ ആരുമില്ല. 2003 ഫെബ്രുവരി 19-ന് സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജോഗി കൊല്ലപ്പെട്ടതിൽ കൃത്യമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടായില്ലെന്ന വിമർശനങ്ങൾ ഇപ്പോഴുമുണ്ട്.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്രം

പിഎം ശ്രീ പദ്ധതിയില്‍ വീണ്ടും യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി. പിവി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനാണ് മറുപടി.

പിഎം ശ്രീ ധാരണാ പത്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു വാദം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്കായി ഇരുന്നൂറോളം സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനാണ് ആലോചന. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച നേതാക്കന്മാരാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയില്‍ തുടരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ കേരളം, തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. പ്രാഥമിക പ്രോട്ടൊക്കോള്‍ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെല്‍ട്ടറുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകള്‍ ഷെല്‍ട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോള്‍ -ഷെല്‍ട്ടര്‍ ലൈസന്‍സ് നല്‍കും. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ തയ്യാറാക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മീന്‍പിടുത്തത്തിന് വിലക്ക് തുടരും.

വയനാട് , കാസര്‍ഗോഡ്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതി ശക്ത മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലാണ് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലാണ് അവധി. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ല.

ഓണം: എക്സൈസിന്റെ തീവ്രയജ്ഞ പരിശോധനകൾ ആഗസ്ത് ഒന്ന് മുതൽ

ഓണത്തോടനുബന്ധിച്ച്  വ്യാജമദ്യത്തിന്റെയും അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസ് വകുപ്പിന്റെ തീവ്രയജ്ഞ പരിശോധനകൾ ആഗസ്ത് ഒന്നിന് രാവിലെ 6 മണി മുതൽ 31 ന് രാത്രി 12 മണി വരെ നടത്തും.

മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു എക്സൈസ് പ്രിവൻറിവ് ഓഫീസറുടെ നേതൃത്വത്തിൽ 24×7 പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസിൽ ആഗസ്ത് ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അതാത് സമയംതന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.

ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ആഗസ്ത് ഒന്ന് മുതൽ പ്രവർത്തനം തുടങ്ങും. ഇതിൽ ഒരു എക്സൈസ് ഇൻസ്പെക്ടർ, ഒരു പ്രിവൻറിവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ വാഹന സഹിതം ഉണ്ടായിരിക്കും. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തും.

മദ്യ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികൾ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.

ഡിവിഷനൽ കൺട്രോൾ റൂം, എക്സൈസ് ഡിവിഷൻ ഓഫീസ്, കണ്ണൂർ-04972 706698.

താലൂക്ക്തല കൺട്രോൾ റൂം എക്സൈസ് സർക്കിൾ ഓഫീസുകൾ:

1. കണ്ണൂർ-04972 749973,
2. തളിപ്പറമ്പ്- 04960 201020
3. കൂത്തുപറമ്പ്- 04902 362103,
4. ഇരിട്ടി- 04902 472205

അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ കണ്ണൂർ – 04972 749500

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ:  

സ്പെഷ്യൽ സ്ക്വാഡ്, കണ്ണൂർ- 04972 749500
കണ്ണൂർ – 04972 749973
തളിപ്പറമ്പ് – 04602 201020
കൂത്തുപറമ്പ്- 04902 362103
ഇരിട്ടി – 04902 472205.

എക്സൈസ് ഇൻസ്പെക്ടർ:  

കണ്ണൂർ – 04972 749971
പാപ്പിനിശ്ശേരി – 04972 789650
തളിപ്പറമ്പ് – 04602 203960
ആലക്കോട് – 04602 256797
ശ്രീകണ്ഠാപുരം – 04602 232697
പയ്യന്നൂർ – 04985 202340
തലശ്ശേരി – 04902 359808
കൂത്തുപറമ്പ് – 04902 365260
പിണറായി – 04902 383050
ന്യൂമാഹി ചെക്ക്‌പോസ്റ്റ് – 04902 335000
മട്ടന്നൂർ – 04902 473660
ഇരിട്ടി – 04902 494666
പേരാവൂർ – 04902 446800
കൂട്ടുപുഴ ചെക്ക്പോസ്റ്റ് – 04902 421441.

മുഖ്യമന്ത്രിക്ക് എതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ചു; വി ഡി സതീശന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി വി ഡി സതീശന് എതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച് സര്‍ക്കാര്‍. വി ഡി സതീശനു പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് മറ്റു ഏജന്‍സികള്‍ക്ക് വിടാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പ്രേരിതമായാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കാന്‍ വേണ്ടിയുള്ള ധനസമാഹരണം നടത്താന്‍ വിദേശയാത്ര നടത്തിയെന്നും ധനസമാഹരണം നടത്തിയെന്നതിലുമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണം നടത്തിയത്. വിഡി സതീശന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേസുകളില്‍നിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തര വിജിലന്‍സ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ ഭീകരരാത്രിയെ കണക്കാക്കുന്നത്.

. 298 പേരാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബാക്കി വന്ന മനുഷ്യരുടെ ഉള്ളിലെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോള്‍ ജീവന്‍ നഷ്ടമായവരുടെ ഓര്‍മ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഇന്ന് സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു.

മണ്ണും മലവെള്ളവും പാറക്കെട്ടുകളും മൂന്ന് ഗ്രാമങ്ങളെ മുഴുവന്‍ വിഴുങ്ങിയ ആ കറുത്ത രാത്രിക്ക് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങി മുണ്ടക്കൈയിലും ചൂരല്‍മലയിലും ആഞ്ഞടിച്ച ഉരുള്‍ കവര്‍ന്നെടുത്തത്, നൂറുകണക്കിന് ജീവനുകളും. മനുഷ്യരുടെ പ്രതീക്ഷകളുമാണ്. ആ മഹാദുരന്തത്തിനിപ്പുറം നിശ്ചലമാണ് പുഞ്ചിരിമട്ടവും മുണ്ടക്കൈയും. പഴയ ഗ്രാമങ്ങളെ അടയാളപ്പെടുത്തുന്നതൊന്നും ഇന്നിവിടെയില്ല. അവിശേഷിക്കുന്നത് ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞു പോയ വീടുകളും മാത്രമാണ്. ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും ജീവനും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദമായ ഓര്‍മ്മകള്‍ പേറുകയാണ് ഇന്നീ ദുരന്തഭൂമി. ചൂരല്‍മലയിലും നാട്ടുകാരില്ല. എന്നാല്‍, വിനോദ സഞ്ചാരികള്‍ എത്തുന്നതിനാല്‍ ചൂരല്‍മല അതിജീവനത്തിന്റെ പാതയിലാണ്.

വിദ്യാലയങ്ങള്‍ക്ക് ഓണാവധി ഓഗസ്റ്റ് 22 മുതല്‍ 30 വരെ

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഓഗസ്റ്റ് 22 മുതല്‍ 30 വരെ സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചു. എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20 ന് കഴിയും. ഹയര്‍ സെക്കന്ററി ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 14നാണ് തുടങ്ങുക. പരീക്ഷകള്‍ക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും. ഓണ അവധിക്ക് ശേഷം ആഗസ്റ്റ് 31 ന് വിദ്യാലയങ്ങള്‍ തുറക്കും.

പൊതുപരീക്ഷ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി

പൊതുപരീക്ഷ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്രം ബില്‍ പാസാക്കിയത്. ബില്ലിന്മേലുള്ള ചര്‍ച്ചയിലുടനീളം സഭയില്‍ ഭരണ-പ്രതിപക്ഷം കടുത്ത വാക്‌പോരാണ് നടത്തിയത്. നാളെ രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെത്തും. പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും.

ബില്‍ പ്രകാരം, നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. കുറ്റപത്രം സമര്‍പ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിവസേന വിചാരണ നടത്തി കേസ് തീര്‍പ്പാക്കണം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികള്‍ക്കെതിരായ അപ്പീലുകള്‍ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും, അപ്പീല്‍ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീര്‍പ്പാക്കുകയും വേണം.

സംഘടിത ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് കുറഞ്ഞ തടവുശിക്ഷ 5 വര്‍ഷത്തില്‍ നിന്ന് 7 വര്‍ഷമായി ഉയര്‍ത്തി.പരമാവധി പിഴ 1 കോടിയില്‍ നിന്ന് 10 കോടിയായി വര്‍ധിപ്പിക്കും. വ്യക്തികള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമായിരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്ക് കുറഞ്ഞ തടവുശിക്ഷ 3 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി ഉയര്‍ത്തും. പരമാവധി തടവുശിക്ഷ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി വര്‍ധിപ്പിക്കും. പരമാവധി പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ത്തുന്നതാണ് ബില്ല്.

പരീക്ഷാ സേവനദാതാക്കള്‍ക്കും കടുത്ത നടപടി നേരിടേണ്ടി വരും. പരീക്ഷാ തട്ടിപ്പില്‍ പങ്കുള്ള സേവനദാതാക്കള്‍ക്ക് പരമാവധി പിഴ 1 കോടിയില്‍ നിന്ന് 5 കോടിയായി വര്‍ധിപ്പിക്കും.പൊതുപരീക്ഷകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുന്ന കാലാവധി 4 വര്‍ഷത്തില്‍ നിന്ന് 8 വര്‍ഷമായി ഉയര്‍ത്തും. കമ്പനിയുടെ ഡയറക്ടര്‍മാര്‍, മുതിര്‍ന്ന മാനേജര്‍മാര്‍, മറ്റ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുറ്റത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍, കുറഞ്ഞത് 5 വര്‍ഷം തടവും 5 കോടി വരെ പിഴയും നേരിടേണ്ടിവരും. പൊതുപരീക്ഷകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. സമയബന്ധിത വിചാരണയും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും സംഘടിത പരീക്ഷാ തട്ടിപ്പിനുമെതിരെ ശക്തമായ പ്രതിരോധം ബില്ലിലൂടെ നടപ്പാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു.