പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാര്‍ ചുമതലയുളള ജില്ലകളിലായതിനാല്‍ തന്നെ ഓണ്‍ലൈനായാകും യോഗം നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപവും യോഗത്തിലുണ്ടാകും. സിലബസ്, സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ തുടങ്ങിയവ ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിനോട് ആശയവിനിമയം നടത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയാകും എന്നാണ് വിവരം. നേരത്തെ രണ്ടുതവണയാണ് ഉപസമിതി യോഗം ചേര്‍ന്നത്.
പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഉപസമിതി അധ്യക്ഷന്‍. പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഭക്തര്‍ക്ക് കൂടുതല്‍ സുഖമമായി ദര്‍ശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ചെയര്മാന് എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ചൊവ്വ, വ്യാഴം ദിനങ്ങളില്‍ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ ക്യൂ ദര്‍ശനം.
ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം. പദ്ധതി നടപ്പിലാകുന്നതിലൂടെ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തില്‍ മണിക്കൂറുകളോളം ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്ന പ്രതിസന്ധി ഇതിലൂടെ ഒഴിവാക്കാന്‍ ആകും എന്നാണ് കരുതുന്നത്.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം ക്ഷേത്രത്തില്‍ എത്തിയാല്‍ മതിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. പദ്ധതി വിജയം കാണുന്ന മുറയ്ക്ക് എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദര്‍ശനം സാധ്യമാക്കാനാണ് ഗുരൂവായൂര്‍ ദേവസ്വം ലക്ഷ്യമിടുന്നത്. ഓണം അടക്കം വരാനിരിക്കുന്ന ദിവസങ്ങളില്‍ ഭക്തര്‍ക്ക് വലിയ നിലയില്‍ പദ്ധതി ഉപകാരപ്രദമാകും എന്നാണ് കരുതുന്നതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു.
സെക്രട്ടറിയേറ്റിന് മുന്നിലെ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം.സമരസമിതി സെക്രട്ടറി എസ് വളര്‍മതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം . അഞ്ചു ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സര്‍ക്കാര്‍ സമരാവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല.
സംസ്ഥാനത്ത് അതി ശക്തമഴ തുടരും. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയില്‍ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. നാളെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളില്‍ വലഞ്ഞ് ജനം. ജനവാസമേഖലകളില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.റാന്നിയിലെ ജനവാസമേഖലകളില്‍ വീണ്ടും വെള്ളം കയറുകയാണ്. പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.
കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ഓറഞ്ച് അലര്‍ട്ട് ആയിരുന്നെങ്കിലും ശനിയാഴ്ച റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴയായിരുന്നു പലയിടത്തും. ഇന്നും സമാനമായ സാഹചര്യം. മുഴുവന്‍ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചതെങ്കിലും, അതിശക്തമായ മഴ. ഇന്ന് രാവിലെ പത്ത് മണിയ്ക്ക് ശേഷമാണ് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘316 ദുരിതാശ്വാസക്യാമ്പുകള്‍ നിലവിലുണ്ട്. 11018 പേര് ക്യാമ്പുകളില്‍ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി. 30ന് തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 165 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ നല്കി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.
രാത്രി വെള്ളം തുറന്നു വിടുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കടലാക്രമണ സാധ്യതയുള്ള സ്ഥലം പ്രത്യേകമായി ശ്രദ്ധിക്കാന്‍ നടപടി സ്വീകരിച്ചു. കടലാക്രമണം ശ്രദ്ധിക്കും. മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ക്കായി 10,000 രൂപ നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം നല്‍കും. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം പ്രതിദിനം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കും. മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി വാങ്ങി വീട് വെക്കാന്‍ 10 ലക്ഷം ആയിരുന്നത് 12 ലക്ഷം ആക്കി. കൃഷി നാശത്തിന് വളരെ കുറഞ്ഞ തുക ആണ് കൊടുക്കുന്നതെന്നും ഇത് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എത്ര വര്‍ധിപ്പിക്കും എന്നത് മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനിക്കും. വലിയ ഡാമുകളില്‍ പ്രശ്നം ഇല്ല. ഉണ്ടായത് മിന്നല്‍ പ്രളയം പോലെയുള്ള അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാല്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
മ ാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ നല്കിയ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ ഇന്ന് പരിഗണിച്ചത്. 5 ആം പ്രതി ശ്രീജിത്ത്, ഏഴാംപ്രതി അനില്‍കുമാര്‍, ഷഫീഖ്, കിരണ്‍, നിഷാദ്. ജീവന് അടക്കം 11 പ്രതികളാണ് ജാമ്യ ഹര്‍ജിയുമായി കോടതിയിലെത്തിയിരുന്നത്. 65 ദിവസത്തിലധികമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഹര്‍ജിയിലുണ്ടായിരുന്നു. അതേ സമയം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഇ ഡി ഹൈക്കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന് ആണെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഉപാധികളോടെയാണ് 9 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. അതേസമയം, നാളെ 10 ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണ്.
പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ്.
പോത്തുണ്ടി ഡാമിനടുത്ത് ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. നെന്മാറയില് നിന്ന് ഏഴോളം ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് എത്തുകയാണ്. രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. ബസില്‍ കുടുങ്ങിയവരെ എല്ലാവരേയും പുറത്തെടുക്കാന്‍ സാധിച്ചതായി നാട്ടുകാരും പൊലീസും അറിയിച്ചു.
ബസ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുന്നതിന് മുമ്പ് ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. 80ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബുധന്‍ ഒഴികെ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് പ്രവചനം. നാളെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതല്‍ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞന് അഖില്‍ ശ്രീവാസ്തവ പറഞ്ഞു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. പക്ഷെ നാളെയും അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36സെന്റിമീറ്ററാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
മഴ മുന്നറിപ്പ് നല്കുന്നതില് സര്‍ക്കാരിന് ഗുരുതര പാളിച്ച ഉണ്ടായി എന്ന പ്രതിപക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. മഴ മുന്നറിയിപ്പുകള്‍ നല്കുന്നതില് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു.