Hivision Channel

hivision

അതി ശക്തമഴ തുടരും: 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതി ശക്തമഴ തുടരും. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയില്‍ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. നാളെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളില്‍ വലഞ്ഞ് ജനം. ജനവാസമേഖലകളില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.റാന്നിയിലെ ജനവാസമേഖലകളില്‍ വീണ്ടും വെള്ളം കയറുകയാണ്. പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.

കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ഓറഞ്ച് അലര്‍ട്ട് ആയിരുന്നെങ്കിലും ശനിയാഴ്ച റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴയായിരുന്നു പലയിടത്തും. ഇന്നും സമാനമായ സാഹചര്യം. മുഴുവന്‍ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചതെങ്കിലും, അതിശക്തമായ മഴ. ഇന്ന് രാവിലെ പത്ത് മണിയ്ക്ക് ശേഷമാണ് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘316 ദുരിതാശ്വാസക്യാമ്പുകള്‍ നിലവിലുണ്ട്. 11018 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി. 30ന് തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 165 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ നല്‍കി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

രാത്രി വെള്ളം തുറന്നു വിടുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കടലാക്രമണ സാധ്യതയുള്ള സ്ഥലം പ്രത്യേകമായി ശ്രദ്ധിക്കാന്‍ നടപടി സ്വീകരിച്ചു. കടലാക്രമണം ശ്രദ്ധിക്കും. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം നല്‍കും. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം പ്രതിദിനം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കും. മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി വാങ്ങി വീട് വെക്കാന്‍ 10 ലക്ഷം ആയിരുന്നത് 12 ലക്ഷം ആക്കി. കൃഷി നാശത്തിന് വളരെ കുറഞ്ഞ തുക ആണ് കൊടുക്കുന്നതെന്നും ഇത് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എത്ര വര്‍ധിപ്പിക്കും എന്നത് മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനിക്കും. വലിയ ഡാമുകളില്‍ പ്രശ്നം ഇല്ല. ഉണ്ടായത് മിന്നല്‍ പ്രളയം പോലെയുള്ള അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാല്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

മ ാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ ഇന്ന് പരിഗണിച്ചത്. 5 ആം പ്രതി ശ്രീജിത്ത്, ഏഴാംപ്രതി അനില്‍കുമാര്‍, ഷഫീഖ്, കിരണ്‍, നിഷാദ്. ജീവന്‍ അടക്കം 11 പ്രതികളാണ് ജാമ്യ ഹര്‍ജിയുമായി കോടതിയിലെത്തിയിരുന്നത്. 65 ദിവസത്തിലധികമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഹര്‍ജിയിലുണ്ടായിരുന്നു. അതേ സമയം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഇ ഡി ഹൈക്കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആണെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതിയെ അറിയിച്ചത്. ഉപാധികളോടെയാണ് 9 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. അതേസമയം, നാളെ 10 ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണ്.

പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം

പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ്.

പോത്തുണ്ടി ഡാമിനടുത്ത് ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. നെന്മാറയില്‍ നിന്ന് ഏഴോളം ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് എത്തുകയാണ്. രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. ബസില്‍ കുടുങ്ങിയവരെ എല്ലാവരേയും പുറത്തെടുക്കാന്‍ സാധിച്ചതായി നാട്ടുകാരും പൊലീസും അറിയിച്ചു.

ബസ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുന്നതിന് മുമ്പ് ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. 80ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്.

അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബുധന്‍ ഒഴികെ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് പ്രവചനം. നാളെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഉണ്ടായത് അതിതീവ്ര മഴ; കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നു’; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതല്‍ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ അഖില്‍ ശ്രീവാസ്തവ പറഞ്ഞു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. പക്ഷെ നാളെയും അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36സെന്റിമീറ്ററാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

മഴ മുന്നറിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് ഗുരുതര പാളിച്ച ഉണ്ടായി എന്ന പ്രതിപക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു.

മഴക്കെടുതി: മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും

സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പില്‍ പറയുന്നു. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.

മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് 649 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിഹിതത്തിന് ഭരണാനുമതിയായി. 2026-27 സാമ്പത്തിക വര്‍ഷം 649 കോടി രൂപയാണ് അനുവദിച്ചത്. പി എം പോഷന്‍ പദ്ധതിയുടെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തിനാണ് ഭരണാനുമതി. ഇതോടെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമാകും.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം ഉപയോഗിച്ചാണ് നല്‍കിയിരുന്നത്. അതിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ ഭാഗമായി നേരത്തെ തന്നെ ബജറ്റില്‍ നീക്കിയിരിപ്പ് ഉണ്ടായിരുന്നു അത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൂടിയാണിപ്പോള്‍ വന്നിരിക്കുന്നത്. സ്‌കൂളുകളിലെ കരാര്‍ ജീവനക്കാര്‍ക്കടക്കം ശമ്പളം കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു അവ കൂടി വിഹിതം കിട്ടുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

ഫ്രൈഡ് റൈസും ബിരിയാണിയും മുട്ടയും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ അധ്യയന വര്‍ഷം മെനു പരിഷ്‌കരിച്ചത്.

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍.

കേസില്‍ ശരിരായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോര്‍ജ് എത്തിയപ്പോള്‍ പ്രതിഷേധിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ചുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരുക്കേറ്റു എന്നുമായിരുന്നു കേസ്. എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ഇത് വ്യാജ പരാതിയാണെന്നുമായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാട്. ഫെബ്രുവരി 25നാണ് കെഎസ്യു പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

എസ്ഐടി അന്വേഷിച്ച് കേസിന്റെ നിജസ്ഥിതി കണ്ടെത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത് എങ്കിലും കോടതി ഇടപെടലില്‍ അതൊഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യവും ഉണ്ടായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൂക്ഷ്മത പുലര്‍ത്താത്തതിന് സിപിഐഎം യോഗങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.