Hivision Channel

hivision

സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ ഇന്ന് മുതല്‍ വീട്ടിലെത്തി വിവരം ശേഖരിക്കും

കണ്ണൂര്‍:ദേശീയ സെന്‍സസ് 2027 ന്റെ
ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കും. ഈ കാലയളവില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ എത്തി വിവരശേഖരണം നടത്തും.

കണ്ണൂര്‍ ജില്ലയില്‍ ആകെ 4100 എന്യൂമറേറ്റര്‍മാര്‍ ആണുള്ളത്.
ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ 16 ചാര്‍ജുകളായി തിരിച്ചാണ് എന്യൂമറേറ്റര്‍മാറരെ വിന്യസിച്ചിട്ടുള്ളത്. തലശ്ശേരി താലൂക്കില്‍ ആണ് കൂടുതല്‍ എന്യൂമറേറ്റര്‍മാര്‍-818.

ഇതിനു പുറമേ ജില്ലയില്‍ 670 സൂപ്പര്‍വൈസര്‍മാരുമുണ്ട്. ആദ്യത്തെ മൂന്നു ദിവസം എന്യൂമറേറ്റര്‍മാരുടെ കൂടെ സൂപ്പര്‍വൈസര്‍മാരും ഫീല്‍ഡില്‍ ഉണ്ടാകും.

ആകെ 33 ചോദ്യങ്ങളാണ് വീടുകളിലെത്തുന്ന എന്യൂമറേറ്റര്‍ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങള്‍ നേരത്തെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് സെല്‍ഫ് എന്യൂമറേഷന്‍ നടത്താന്‍ ജൂണ്‍ 30 വരെ അവസരം നല്‍കിയിരുന്നു. സെല്‍ഫ് എന്യൂമറേഷന്‍ മുഖേന വിവരം നല്‍കിയവര്‍ക്ക് ലഭിച്ച, ഒ ല്‍ തുടങ്ങുന്ന 11 അക്ക എസ്.ഇ ഐഡി നമ്പര്‍ എന്യൂമറേറ്റര്‍ക്ക് നല്‍കിയാല്‍ എന്യൂമറേറ്റര്‍ക്ക് ഈ 33 ചോദ്യങ്ങള്‍ക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല. നല്‍കിയ ഉത്തരങ്ങള്‍ സ്ഥിരീകരിച്ചാല്‍ മാത്രം മതി. സെല്‍ഫ് എന്യൂമറേഷന്‍ മുഖേന നല്‍കിയ വിവരങ്ങളില്‍ തിരുത്ത് ഉണ്ടെങ്കില്‍ അത് എന്യൂമറേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി തിരുത്തുകയും ചെയ്യാം.

എച്ച്.എല്‍.ഒ ആപ്പ് ഉപയോഗിച്ചാണ് എന്യൂമറേറ്റര്‍മാര്‍ വിവരശേഖരം നടത്തുക. വീടുകളില്‍ എത്തുന്ന എന്യൂമറേറ്ററുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കി സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലയുടെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ ആയ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അഭ്യര്‍ത്ഥിച്ചു.

സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 44 അടി കുറവാണ് നിലവിലെ ജലനിരപ്പ്. മഴ ശക്തമായി പെയ്തില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. നിലവിലുള്ളത് സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രം. കഴിഞ്ഞ ഒരു മാസമായി നാലടി മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്.

342 മില്ലിമീറ്റര്‍ മഴയാണ് ജൂണില്‍ ഇടുക്കിയില്‍ ലഭിച്ചത്. കാര്യമായ മഴ ജൂണില്‍ ലഭിച്ചിട്ടില്ല. 20 ശതമാനത്തിന് താഴേക്ക് പോയാല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്പാദനം നിര്‍ത്തേണ്ടിവരും. നിലവില്‍ പ്രതിസന്ധിയില്ല. നാല് ദശലക്ഷം യുണിറ്റ് വൈദ്യുതി ഒരു ദിവസം ശരാശരി ഉല്പാദിപ്പിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 12 ദശലക്ഷം യുണിറ്റ് വരെ ഉല്പാദിപ്പിച്ചിരുന്നതാണ്. ജലനിരപ്പ് കുറഞ്ഞതോടെയാണ് ഉല്പാദനവും കുറഞ്ഞത്. ചെറുഡാമുകളിലും ജലനിരപ്പ് കുറവാണ്.

അതേസമയം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വിവിധ രേഖകളും വൈദ്യുതി ലഭ്യതയുടെ കണക്കും പരിശോധിച്ചാണ് അനുമതി നല്‍കിയത്.

വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ല്‍ പൂര്‍ത്തിയാകണമെന്നും ഇതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അദാനിയുടെ 49 ശതമാനം ഓഹരി MSC കമ്പനിയുടെ ഉപവിഭാഗമായ, ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് ആണ് അദാനി പോര്‍ട്‌സുമായി കൈകോര്‍ക്കുന്നത്. 27, 000 കോടി രൂപയുടെ പദ്ധതിയില്‍ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെയും ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ആഗോള ഷിപ്പിംഗ് കമ്പനിയായ MSC , വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വാങ്ങി.

ആകെ 2.85 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പദ്ധതിയില്‍ MSC യുടെ ഉപ കമ്പനിയായ TiL നിക്ഷേപിക്കുന്നത് 1.397 ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 13000 കോടി രൂപയാണ് MSC യുടെ നിക്ഷേപം. BOT കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി പോര്‍ട്‌സിന് 49% ഓഹരി വില്‍ക്കാന്‍ അനുവാദമുണ്ട് . ഈ വ്യവസ്ഥ പാലിച്ചാണ് 13000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി; അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമായി. അതിശക്തമായ മഴ തുടരും. ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. ഈമാസം നാലുവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ ന്യൂന മര്‍ദ പാത്തീ സ്വാധീനമാണ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ അതിശക്ത മഴയ്ക്ക് കാരണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴയാണ് കേരളത്തില്‍ ലഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എല്‍നിനോ പ്രതിഭാസമടക്കം മഴയെ സ്വാധീനിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുനന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടര്‍ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്നായിരുന്നു വാണിജ്യ എല്‍പിജി സിലിണ്ടര്‍ വര്‍ധിപ്പിച്ചിരുന്നത്. നേരത്തെ വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു.

ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ ലോകമെമ്പാടും കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായി. ആക്രമണങ്ങളെത്തുടര്‍ന്ന്, ത ഹോര്‍മുസ് കടലിടുക്കിലൂടെ അസംസ്‌കൃത എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകളുടെ നീക്കം ഇറാന്‍ തടഞ്ഞിരുന്നു. വിതരണത്തിലെ ഈ തടസമാണ് ലോകമെമ്പാടുമുള്ള പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വിലയില്‍ കുത്തനെ വര്‍ദ്ധനവിന് കാരണമായത്.

ഹോര്‍മുസ് കടലിടുക്കില്‍ നിന്നുള്ള വിതരണ തടസ്സത്തെത്തുടര്‍ന്ന്, ഇന്ത്യയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില നാല് തവണ വര്‍ദ്ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയും രണ്ട് തവണയായി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ഇന്ധന വിലയും കേന്ദ്രസര്‍ക്കാര്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ഡീസല്‍ വില്‍പ്പന നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചെങ്കിലും വിലവര്‍ധനവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല.

മുചക്രവാഹനം വിതരണം ചെയ്തു

ഇരിട്ടി:നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗ പരിമിതരായവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സഹായകരമായ യാത്ര സൗകര്യം ലഭ്യമാക്കുന്നതിനായി മുചക്രവാഹനം നല്‍ക്കുന്നതിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വിനോദ്കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സോയ അധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റ് ഓഫിസര്‍ ജിസ്മി അഗസ്റ്റിന്‍ പദ്ധതി വിശദീകരിച്ചു.സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.ധനിഷ, കെ.രാജന്‍, ആര്‍.കെ.ഷൈജു, വുമണ്‍ഫെസിലിറ്റേറ്റര്‍ ഷര്‍മ്യ.സി എന്നിവര്‍ സംസാരിച്ചു.

വര്‍ഗീയ അധിക്ഷേപം; അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബയുടെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.

മറ്റൊരാള്‍ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു കടവന്ത്ര പൊലീസ് എറണാകുളം എസ്പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലാണ് ഈ ലോഡ്ജുള്ളത്. 108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍. ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്ന് അറിയിച്ചു.

ജീവനക്കാര്‍ക്ക് ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി മുറി ബലമായി തുറക്കുകയായിരുന്നു. അപ്പോഴാണ് അകത്ത് സ്ത്രീയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രക്തത്തില്‍ കുളിച്ച നിലയിലാണ് യുവതിയുടെയും കുഞ്ഞിന്റെ മൃതദേഹങ്ങള്‍ കണ്ടത്. പ്രസവത്തെ തുടര്‍ന്നുള്ള മരണമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷം; സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോണ്‍

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷം. ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗൗരവം അറിയാമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നത് പോലെ അവര്‍ക്കും പരസ്യം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നത് പോലെ അവര്‍ക്കും പരസ്യം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സമരങ്ങളോട് ചിലര്‍ കാണിച്ചതുപോലെ അലര്‍ജി ഇല്ല. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകള്‍ക്ക് ടാക്‌സ് കുറച്ച് കൊടുത്തത് അവര്‍ക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെഎസ്ആര്‍ടിസി ഓര്‍ഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്‌നമെന്നും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തില്‍ വിഷയം പരിഹരിക്കാമെന്നും സി പി ജോണ്‍ അറിയിച്ചു.

നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്; ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ വെന്റിലേറ്ററില്‍ തുടരും

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവായത്. എന്നാല്‍, ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ യുവാവ് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ തുടരും. പ്രോട്ടോക്കോളിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.