ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങള്‍ താണ്ടി, സമൃദ്ധിയുടെ സ്വര്‍ണപ്രഭയുമായി പൊന്നിന് ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്.
തോരാമഴയുടേയും വറുതിയുടേയും മാസമായ കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി. പഞ്ഞമാസമായ കര്‍ക്കടകത്തിലെ കഷ്ടതകള്‍ മറക്കാന്‍ തുടങ്ങുന്ന സമയം. മഴക്കോളുമാറി മാനം തെളിയുന്ന ദിവസങ്ങള്‍. മണ്ണില്‍ വിത്തെറിഞ്ഞവന്റെ മനസ്സില്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ വിരിയുന്ന കാലം. വര്‍ഷം കര്‍ഷകനായി ഒരു ദിനം. കൊയ്ത്തുല്‍സവത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊന്‍പുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുന്നു.
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
എസ്ഐമാര്‍ക്ക് ചുമതല നല്കുന്ന നടപടികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ് എച്ച് ഒ മാരുടെ മാറ്റത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈസ് ചാന്‍സലര്‍ക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടിയിലും മന്ത്രി പ്രതികരിച്ചു. കാലടി സര്‍വകലാശാലയില്‍ നടന്നത് പ്രാകൃത നടപടിയെന്ന് അദേഹം വിമര്‍ശിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി മിച്ചി മര്‍പ്പുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാക്കി സഹപാഠികള്‍. കോളേജിനു മുന്നില്‍ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിഷയത്തില്‍,സര്‍വകലാശാല തലത്തില്‍ അന്വേഷണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍ പറഞ്ഞു. അരുണാചല്‍പ്രദേശില്‍ നിന്ന് സ്കോളര്‍ഷിപ്പോടെ ഉന്നത ബിരുദം പൂര്‍ത്തിയാക്കാന്‍ എത്തിയതാണ് മിച്ചി മര്‍പ്പു എന്ന 21 കാരന്.
സ്വയംഭരണ അവകാശമുള്ള കോതമംഗലം മാര്‍ അത്തേനേഷ്യസ് എന്‍ജിനീയറിങ് കോളേജ് പഠനമികവ് ഉയര്‍ത്തുന്നതിന് കൈക്കൊണ്ട് കര്‍ശന നടപടികളാണ് മിച്ചി മര്‍പ്പുവിന്റെ ജീവന് അപഹരിക്കാന്‍ കാരണമായി എന്നാണ് സഹപാഠികളുടെ ആക്ഷേപം. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും ക്രെഡിറ്റ് മാര്‍ക്ക് പരിധി 18 എന്നായിരിക്കെ, എം എ എന്‍ജിനീയറിങ് കോളേജില്‍ മാത്രം അത് 22 ആണ്. അത് നേടാന്‍ കഴിയാത്തവര്‍ കോളേജില്‍നിന്ന് ഇയര്‍ ബാക്ക് ആകും, പഠനം മുടങ്ങും, ഹോസ്റ്റലില്‍ നിന്ന് പുറത്താകും. എന്നാല്‍ ഈ സംവിധാനങ്ങള്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. സ്വയം ഭരണാധികാരമുള്ള കോളേജുകള്‍ മാനുഷിക പരിഗണന കൂടി ഉണ്ടാകണമെന്ന് മന്ത്രി റോജി എം ജോണ്‍.
മിച്ചി മര്‍പ്പുവിന്റെ മരണത്തില്‍ സഹപാഠികളുടെ സമരം കനക്കുകയാണ്. കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. വിഷയത്തില്‍ ഒരുതരത്തിലുള്ള പ്രതികരണത്തിനും മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം. സമരത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തുണ്ട്. ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മിച്ചിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ഇന്ന് വൈകിട്ടോടെ കോതമംഗലത്ത് എത്തും. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ നാളെ ഉണ്ടാകും. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുംദിവസങ്ങളിലും സമരം ശക്തമാക്കാന്‍ ആണ് വിദ്യാര്‍ഥികളുടെ തീരുമാനം
ഇരിട്ടി:പടിയൂര്‍ ശ്രീനാരായണ എ.യു.പി സ്കൂളില്‍ സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു.പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഏ.കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി രാജിവ് ,വാര്‍ഡ് മെമ്പര്‍ കെ.വി. തങ്കമണി ,എ.എന്‍ കൃഷ്ണന് കുട്ടി ,ശശിധരന്,ദീക്ഷിത ദിലീപ് ,ഹെഡ്മിസ്ട്രസ് സിന്ധു,രശ്മി എന്നിവര്‍ സംസാരിച്ചു.
ഇരിട്ടി:ബെന്‍ഹില്‍ ഇംഗ്ലീഷ് സ്കൂളിലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ റിട്ട. ക്യാപ്റ്റന്‍ പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് തോമസ് പതാക ഉയര്‍ത്തി. ക്യാപ്റ്റന്‍ പ്രഭാകര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.സ്റ്റാഫ് സെക്രട്ടറി തോമസ് എംഎഫ്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ നേഹ മരിയ ജോണ്സണ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തിഗാനം, സ്കിറ്റ്, കലാപരിപാടികള്‍, മധുരപലഹാരവിതരണം എന്നിവ ഉണ്ടായിരുന്നു.
ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ എണ്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇരിട്ടി യൂണിയന് ഓഫീസിന് മുന്പില് യൂണിയന് സെക്രട്ടറി പി എന്‍ ബാബു ദേശീയ പതാക ഉയര്‍ത്തി.യൂണിയന് വൈസ് പ്രസിഡണ്ട് കെ കെ സോമന് ,എ എന്‍ സുകുമാരന്‍ മാസ്റ്റര്‍, പി പി കുഞ്ഞുഞ്ഞ്,ചന്ദ്രമതി ടീച്ചര്‍, എ എം കൃഷ്ണന്‍കുട്ടി,അനൂപ് പനക്കല്‍, കെ.എം സജിത എന്നിവര്‍ സംസാരിച്ചു
2047ല്‍ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വര്‍ഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്താന്‍ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങള്‍ കാണണം. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങള്‍ ഇതിനായി പ്രയത്നിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തി. വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുകയാണ്. ശക്തമായ ഇന്ത്യയെയാണ് ഇന്ന് ലോകം കാണുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ആരുടെയും ഔദാര്യമല്ല, അത് അവകാശമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തമുഖത്തുനിന്ന് അതിജീവിച്ചാണ് നമ്മള് കടന്നുവന്നത്. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല. സര്‍ക്കാര്‍ ആ കുടുംബങ്ങളെ ചേര്‍ത്തു നിര്‍ത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയും നമ്മള് അതിജീവിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ സമീപനങ്ങളെയാണ് സര്‍ക്കാര്‍ തേടുന്നതെന്ന് അദേ?ഹം കൂട്ടിച്ചേര്‍ത്തു. ജാതിയും മതവും ലിംഗവിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാന്‍ ആകണം. മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊര്‍ജ്ജവും. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
പട്ടിണി രോഗം തൊഴിലില്ലായ്മ എന്നിവ ഏതു ജനതയെയും പിന്നോട്ട് വലിക്കുന്ന മൂന്ന് കാര്യങ്ങള്‍. 79 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളത്തിലും നമ്മുടെ രാജ്യത്തും ഇവ ഇന്നും അവശേഷിക്കുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യം. രാജ്യവും ലോകവും കേരളവും ഇന്ന് പ്രത്യേകമായ ഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ യുവതയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്. സമീപകാല സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. തിരുത്തല്‍ ശക്തി ആകാനും ഭാവിയില്‍ തെളിമയോടെ രാജ്യത്തെ നയിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2026ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പൊലീസുദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്കാരം. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡല്‍ പ്രഖ്യാപിക്കുന്നതെന്നിരിക്കെ ഇന്നലെ വൈകിയാണ് പട്ടിക പ്രഖ്യാപിച്ചത്.
സംസ്ഥാന പൊലീസ് മേധാവിയുടേയും സംസ്ഥാനതല സ്ക്രീനിങ് സമിതിയുടേയും ശുപാര്‍ശ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. അസി. പൊലീസ് കമ്മീഷണര്‍, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍, അസി. സബ് ഇന്‍സ്പെക്ടര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍, വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ റാങ്കിലുള്ളവരാണ് പട്ടികയിലുള്ളത്.
ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. ദക്ഷിണ റെയില്‍വേയില്‍ നിന്ന് 54 ഓണം സ്പെഷ്യല്‍ സര്‍വീസുകളും മറ്റ് സോണുകള്‍ 58 സര്‍വീസുകളും നടത്തും. സ്പെഷ്യല്‍ ട്രെയിനുകള്‍ സെപ്റ്റംബര്‍ ആദ്യവാരം വരെ സര്‍വീസ് നടത്തും. കേരളത്തിലേക്ക് ചെന്നൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നാണ് സ്പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും റെയിവേ മന്ത്രാലയം അറിയിച്ചു.
അതേമയം, കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആര്‍ടിസി (കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്) ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കര്‍ണാടക ഗതാഗത മന്ത്രിയുടെ ഉത്തരവില്‍ വ്യക്തമാക്കിയത്. ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ബസുകള്‍ അനുവദിച്ചിരിക്കുന്നത്. കര്‍ണാടക ഗതാഗത മന്ത്രി ബി എസ് ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി നല്കിയ നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം. ട്രെയിനുകളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകുന്നത് മുന്‍നിര്‍ത്തിയായിരുന്നു എംപിയുടെ ഇടപെടല്‍. ആദ്യം പ്രഖ്യാപിച്ചിരുന്നത് 60 ബസുകളായിരുന്നു.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് എന്നീ പ്രധാന ജില്ലകളിലേക്കാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവര്‍ക്കായി ഈ മാസം 21 മുതല്‍ 25 വരെയാണ് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന്, ഇവിടങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരികെ പോകേണ്ടവര്‍ക്കായി 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലും മടക്ക സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.