Hivision Channel

Kerala news

മന്ത്രി കെ മുരളീധരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമന്റ് ഇട്ടു; സിപിഐഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ വിദ്വേഷ കമന്റ് ഇട്ട സിപിഐഎം പ്രവര്‍ത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിന് എതിരെ കലാപത്തിന് പ്രേരിപ്പിക്കല്‍ വകുപ്പ് ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തത്. കെ പി സി സി അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസെടുത്തത്.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; മുഖ്യമന്ത്രി

ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം’, വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് പരിപാടിയില്‍ അതിഥികളായി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സംഘടിപ്പിച്ച സംഘപരിവാര്‍ പരിപാടിയിലാണ് കേരള വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി ആര്‍ പ്രസാദ്, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡി മാവൂത്ത് എന്നിവര്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം.

നിപ പ്രതിരോധത്തില്‍ മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല, ഏകോപനമില്ലായ്മ തുടരുന്നു; ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷ നേതാവ്

നിപ, ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഇന്നലെയും താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചു. നിപ പ്രതിരോധത്തിനായി സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് നില വ്യാപനമുണ്ടായപ്പോഴൊക്കെ ആരോഗ്യമന്ത്രിമാര്‍ ആ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസമായി. മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല. കണ്‍ട്രോള്‍ റൂം ജനപ്രതിനിധികള്‍ അകന്ന് നില്‍ക്കേണ്ട സ്ഥലമാണെന്ന തരത്തിലുള്ള പെരുമാറ്റമുണ്ടാകുന്നു. അവരുടെ കൂടി സഹകരണം രോഗപ്രതിരോധത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്. സിസ്റ്റത്തിന്റെ തലപ്പത്തു ഇരിക്കുന്ന ആളെ ഇത്തരമൊരു ഘട്ടത്തില്‍ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല. സിസ്റ്റത്തോടുള്ള നിസ്സഹകരണമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. നിയമ വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ക്ക് കൂട്ട് നിന്നില്ല എന്നുള്ളതാണ് ആരോഗ്യ മന്ത്രി തെറ്റായി കാണുന്നത്. സുതാര്യമായ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം ലക്ഷങ്ങള്‍ തസ്തികള്‍ക്ക് മറിയുന്ന സ്ഥിതി തിരികെ കൊണ്ട് വരാനാണ് നീക്കമെന്ന് തങ്ങള്‍ സംശയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശിനി ബസില്‍ കയറുന്ന സ്ത്രീകള്‍ ഒരു കാര്യം മറക്കരുത്, അല്ലെങ്കില്‍ 500 രൂപ പിഴ; സുപ്രധാന അറിയിപ്പുമായി കെഎസ്ആര്‍ടിസി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും. യാത്രയ്ക്ക് നിരക്കില്ലെങ്കിലും യാത്രക്കാര്‍ നിര്‍ബന്ധമായും കണ്ടക്ടറില്‍ നിന്ന് ‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റേണ്ടതുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളില്‍ ‘പ്രിയദര്‍ശിനി’ പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകും. യാത്രക്കാര്‍ ബസില്‍ കയറിയ ശേഷം കണ്ടക്ടറോട് വിവരം അറിയിച്ച് പൂജ്യം രൂപ രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റ് വാങ്ങണം.

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്രക്കാരുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നതിനും പദ്ധതിയുടെ ഭാഗമായി സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട സബ്‌സിഡി കണക്കാക്കുന്നതിനുമാണ് പൂജ്യം രൂപ മൂല്യമുള്ള പ്രത്യേക ടിക്കറ്റുകള്‍ നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രിയദര്‍ശിനി പദ്ധതിയിലൂടെ പൊതുഗതാഗത രംഗത്ത് സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും സഞ്ചാര സൗകര്യം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതി; പയ്യോളിയില്‍ ഒമ്പത് വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പയ്യോളി തുറയൂര്‍ പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 13-ാം വാര്‍ഡിലെ 9 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയില്‍ നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമേ കോളറ ആശങ്കയും തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗലക്ഷണം കാണിക്കുന്നവര്‍ ആശുപത്രി നിര്‍ദേശം അനുസരിച്ച് ചികിത്സ തേടുന്നതിനൊപ്പം വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പഴകിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളും മോശം വെള്ളവും പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. പയ്യോളി അടക്കം രോഗം പുതുതായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ക്ലോറിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രോഗം ബാധിച്ച് തലക്കുളത്തൂര്‍ സ്വദേശിയായ നാലരവയസുകാരി മരിക്കുകയും ചെയ്തിരുന്നു.

ഓര്‍ഡിനറി ബസില്‍ മാത്രം ഫ്രീ എന്നല്ല നേരത്തെ പറഞ്ഞത്, തട്ടിപ്പെന്ന് എം വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സിപിഎം വിട്ടുനില്‍ക്കും

സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനില്‍ക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസിയില്‍ ഓര്‍ഡിനറി ബസില്‍ മാത്രമല്ലല്ലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞതെന്നും, ഇപ്പോള്‍ അത് എങ്ങനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. മലബാറില്‍ ഓര്‍ഡിനറി ബസുകള്‍ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത് ഒന്നല്ല, ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും. സൗജന്യ യാത്ര ലഭ്യമാവുന്ന ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിക്കുന്നത് പൂര്‍ത്തിയായിട്ടുണ്ട്.

പ്രിയദര്‍ശിനി ബസ് യാത്രക്ക് ഇനി ഒരു ദിവസം മാത്രം ബാക്കി.സംസ്ഥാനത്ത് 3125 ബസ്സുകളിലാണ് സൗജന്യം ലഭിക്കുക. സൗജന്യ യാത്ര ഒരുക്കിയിരിക്കുന്ന ബസിന്റെ മുന്‍വശത്തും വാതിലുകള്‍ക്കും സമീപം പ്രിയദര്‍ശിനി എന്ന സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. സീറോ ടിക്കറ്റാണെങ്കിലും കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റില്‍ രേഖപ്പെടുത്തണമെന്നും സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ കയറിയാല്‍ സ്ത്രീകളോട് ഇക്കാര്യം മുന്‍കൂട്ടി പറയണമെന്നുമാണ് ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പ്രത്യേകം ടിക്കറ്റ് നല്‍കണമെന്നും അധിക ലാഗേജിന് ചാര്‍ജ് ഈടാക്കണമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയര്‍ മെഷീനില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ കാടുകുറ്റി വൈന്തലയില്‍ പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ആണ് അപകടം നടന്നത്. മേലൂര്‍ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ കാണാനില്ലെന്നത് സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ അറിയിക്കുകയും നടത്തിയ തിരച്ചില്‍ ക്ലാരിഫയറിനുള്ളില്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മാള ഫയര്‍ എന്‍ട്രന്‍സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കാല്‍തെറ്റി ക്ലാരിഫയര്‍ ഉള്ളിലേക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിലും വലിയ കുറവുണ്ടാകും. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മഴയിലും കുറവുണ്ടാവും.

അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൊമാലിയന്‍ തീരം, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പകര്‍ച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം

പകര്‍ച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം. പതിമൂന്ന് ദിവസത്തിനിടെ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്‍ഫ്ലുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികംപേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് പേരാണ് പനി ബാധിച്ച് ചികിത്സക്കായി മാത്രം ആശുപത്രിയില്‍ എത്തിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ അന്‍പത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് കൂടുതല്‍ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അതികൃതര്‍ വ്യക്തമാക്കി.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.