Hivision Channel

Kerala news

കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

കൊല്ലം ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം പിടിപെട്ടത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ 3 കുട്ടികള്‍ക്കാണ് രോഗം പടര്‍ന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്.

മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്‌കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ഛര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുന്‍കരുതല്‍. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.

വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

വയനാട്ടിലെ ഷിഗല്ല വ്യാപനത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികള്‍ രോഗ ലക്ഷണങ്ങള്‍ കാട്ടിയ മാര്‍ ബസേലിയോസ് യുപി സ്‌കൂളിലെ കിണറിലെ ജലത്തിന്റെ പരിശോധനയില്‍ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. വയനാട്ടിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആവശ്യമെങ്കില്‍ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു.

ജില്ലയില്‍ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 14വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 44 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലും ഇതുവരെ 502 പേരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവില്‍ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാര്‍ഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.ചികിത്സയില്‍ ഉണ്ടായിരുന്ന 68 പേരില്‍ 30 പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തില്‍ വൃത്തിയില്ലാത്ത ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ ബാധ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മെഡിക്കല്‍ പ്രോട്ടോകോള്‍ നിശ്ചയിച്ച് നിപ ബാധിതന് ആവശ്യമായ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നല്‍കും. മെഡിക്കല്‍ കോളജില്‍ സ്റ്റോക്കുള്ള മരുന്ന് നല്‍കാനാകുമോയെന്ന് പരിരോധിക്കും.

സ്രവ സാമ്പിളുകള്‍ വിശദമായ പി.സി.ആര്‍ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ഫലം വന്നതിനു ശേഷം മാത്രമേ നിപ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോഡ് മാറ്റം; ഗതാഗത വകുപ്പിന് ഫയല്‍ കൈമാറി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോഡ് മാറ്റുന്നത് സംബന്ധിച്ച ഫയല്‍ ഗതാഗത വകുപ്പിന് കൈമാറി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. വെളള നിറം മാറ്റണം എന്ന യോഗ തീരുമാനമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഗതാഗത വകുപ്പാണ് നിയമ ഭേദഗതി വരുത്തി അന്തിമ തീരുമാനം എടുക്കേണ്ടത്. 2022ലെ വടക്കാഞ്ചേരി ബസ് അപകത്തില്‍ 9 പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ നിറം ഏകീകരിച്ചത്.

ടൂറിസ്റ്റ് ബസുകളുടെ നിറം ഏകീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം അന്നുമുതല്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി യോഗത്തില്‍ നിറം മാറ്റാമെന്ന് തീരുമാനമെടുത്തെങ്കിലും ഫയല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നില്ല. എസ് ടി എ യുടെ തീരുമാനം അടങ്ങുന്ന ഫയല്‍ ഇന്ന് സര്‍ക്കാരിന് കൈമാറി.

വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും സംബന്ധിച്ച് ശാസ്ത്രീയ തെളിവില്ലെന്നും അതിനാല്‍ നിറംമാറ്റം നടത്താം എന്നുമാണ് എസ് ടി എ തീരുമാനം. കോടതി ഇടപ്പെട്ട വിഷയത്തില്‍ എന്നാല്‍ നിയമ ഭേദഗതി വരുത്തേണ്ടത് സര്‍ക്കാരാണ്. എസ് ടി എ കളര്‍ മാറ്റാമെന്ന് തീരുമാനമെടുത്തെങ്കിലും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ്. ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം രണ്ട് ദിവസം 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മറ്റന്നാള്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. അതേസമയം ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത നിര്‍ദ്ദേശമുള്ളത്. മലപ്പുറം, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധനയില്‍ പുനരന്വേഷണം; പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കോടതി കസ്റ്റഡിയില്‍ നിന്ന് അനധികൃമായി പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്നവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. മെമ്മറി കാര്‍ഡ് പരിശോധനയിലെ എസ്ഐടി അന്വേഷണ ആവശ്യത്തിലാണ് പിന്മാറ്റം. നേരത്തെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി വിശദമായി കേള്‍ക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്നും വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചു. പുതിയ ഹര്‍ജിയാണ് മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയെങ്കിലും ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചിട്ടുണ്ട്.

വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു

വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷി സ്ഥലത്ത് വെച്ചാണ് തൊഴിലാളിയെ ആന ആക്രമിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സിപിഎം പ്രതിഷേധം നടത്തി.

ഷിഗെല്ല: വയനാട്ടില്‍ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍

വയനാട് കോളിയാടിയിലെ ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക. നേരത്തെ സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. സ്‌കൂളിലെ കുട്ടികളുടെ സമ്പര്‍ക്കം വഴി രോഗലക്ഷണങ്ങള്‍ കണ്ടവരുടെ എണ്ണം 18 ആയി. ഇവരുടെ സമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലാണ് ഷിഗെല്ലെ പടര്‍ന്നത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യുന്നുണ്ട്. സ്‌കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവില്‍ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും യാത്ര സൗജന്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍; പദ്ധതിയുടെ പേര് പ്രിയദര്‍ശിനി

ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര സൗകര്യം ഉറപ്പെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സൗജന്യയാത്രക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായുള്ള ഈ പദ്ധതി പ്രിയദര്‍ശിനി എന്ന പേരിലാവും അറിയപ്പെടുക. വരുമാനം, പ്രായം എന്നീ ഉപാധികള്‍ ഒന്നും ഇല്ലാതെ ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലായിരിക്കും സൗജന്യ യാത്ര നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയ്ക്ക് പ്രതിമാസ നഷ്ടം 65 മുതല്‍ 70 കോടി രൂപയാണ് വരുമാന നഷ്ടം വരിക. ഒരു വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ട്ടം വരുന്നത് 800 കോടിയോളം രൂപയായിരിക്കും. ഈ തുക സര്‍ക്കാര്‍ വഹിക്കും.നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന 1500 കോടിക്ക് പുറമെ ഈ നഷ്ട്ടം സംഭവിക്കുന്ന തുകയും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് നല്‍കും.

6 മാസത്തിനകം കെഎസ്ആര്‍ടിസി വരുമാനം കൂട്ടണം. ആ ഘട്ടത്തില്‍ പദ്ധതി കുറച്ചു കൂടി വ്യാപിപ്പിക്കും.സ്റ്റേറ്റ് അറ്റോര്‍ണിയായി അനുപ് ബി നായരെ നിയമിച്ചു.കെഎസ്ആര്‍ടിസിയുടെ നില കുറച്ചുകൂടി മെച്ചപ്പെടുത്തിയതിന് ശേഷമായിരിക്കും സൗജന്യ യാത്രയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുക. മലബാര്‍ ജില്ലകളിലെ ബസ് സര്‍വീസില്‍ 28% മാത്രമേ കെഎസ്ആര്‍ടിസി ഉള്ളു. ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട് കുറവുകള്‍ക്കനുസരിച്ച് അതെല്ലാം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറ

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ നീളും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം ബാധിക്കില്ല.

ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും. ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഷ്ടമുടിക്കായലിന്റെ കിഴക്കന്‍തീരങ്ങളിലും കായല്‍മുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വോര്‍ഫുകളിലും യന്ത്ര ബോട്ടുകള്‍ക്ക് ലാന്‍ഡിംഗ് സൗകര്യം നല്‍കരുതെന്നാണ് നിര്‍ദേശം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്ളോട് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടുപോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാലവര്‍ഷമമെത്തിയതോടെ മോശം കാലാവസ്ഥയും മുന്നറിയിപ്പും കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ട്രോളിങ് നിരോധനം കൂടി വരുന്നതോടെ വറുതിയിലാകും ജീവിതമെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികള്‍ പങ്കുവെയ്ക്കുന്നത്..

നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വലിയ ബോട്ടുകള്‍ ഒതുക്കി, ഹാര്‍ബര്‍ പൂട്ടും. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം ബാധിക്കില്ല.