Hivision Channel

Kerala news

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്. പറവൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പറവൂര്‍ ടൗണ്‍ഹാളിലും വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തി.

രാവിലെ എട്ടുമണിക്ക് ശേഷമാണ് സലിംകുമാറിന്റെ ഭൗതികശരീരം, പറവൂര്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടുപോയത്. ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഭരണ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ ടൗണ്‍ഹാളിലെത്തി.

സിനിമാ-സാംസ്‌കാരിക മേഖലയിലെ സഹപ്രവര്‍ത്തകര്‍ പ്രിയ കലാകരന് യാത്രമൊഴി നല്‍കാനെത്തി. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് സലിം കുമാറിന് വിട നല്‍കാനെത്തിയത്.

പിന്നാലെ വീട്ടിലെ പൊതുദര്‍ശനത്തിനും നിരവധിപേര്‍ അവസാന നോക്കുകാണാനെത്തി. വൈകുന്നേരം മൂന്നരയോടെയായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയയപ്പ്. മകന്‍ ചന്തു ചിതയ്ക്ക് തീ പകര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മന്ത്രി പിസി വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എംഎല്‍മാരായ അന്‍വര്‍ സാദത്ത്, രമേശ് പിഷാരടി എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തി. മലയാളത്തിന്റെ സ്വന്തം സലിംകുമാര്‍ ഇനി നിറഞ്ഞൊരു ചിരിയോര്‍മ.

കാലവര്‍ഷം ശക്തമാകുന്നു,ഇന്നും നാളെയും 14 ജില്ലകളിലും മുന്നറിയിപ്പ്

ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴ തുടരാന്‍ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ ഇത്തവണ കൂടുതല്‍ കാലവര്‍ഷമഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്തുടനീളം കാലവര്‍ഷ മഴ ദുര്‍ബലമാകാനാണ് സാധ്യത. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം ഒന്‍പതു വരെ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. 50 കിലോമീറ്റര്‍ വരെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുന്നു.

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.

ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

പനി,വയറുവേദന, ഛര്‍ദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങള്‍. കുടലില്‍ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാര്‍ത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാല്‍ പിന്നീട് ഇതില്‍ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്താല്‍, ആസൂത്രണം ഉണ്ടായിട്ടില്ല; പ്രതികളുടെമൊഴി പുറത്ത്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ നല്‍കിയ മൊഴി പുറത്ത്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ആക്രമണമെന്നായിരുന്നു കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയത്. ആക്രമണത്തിന് ആസൂത്രണം ഉണ്ടായിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തിരിച്ചറിഞ്ഞത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥയും ബാങ്ക് ജീവനക്കാരിയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം പൊലീസ്. കേസിന്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറിയിരുന്നു.

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ശ്രമം നടത്തിയെങ്കിലും മുന്നണിയില്‍ നിന്ന് ഉള്‍പ്പെടെ വന്ന എതിര്‍പ്പുകള്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പിനെ വന്‍ പ്രതിരോധത്തിലാക്കുകയും അവര്‍ അതില്‍ നിന്ന് പിന്നോട്ടുപോകുകയുമായിരുന്നു. 2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു. വിദ്യാഭ്യാസനയം മാറ്റേണ്ടി വരുമെന്ന ആശങ്കകളായിരുന്നു അന്ന് പ്രധാനമായും ചര്‍ച്ചയായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുതിയ വിദ്യാഭ്യാസമന്ത്രിക്ക് മുന്‍പാകെ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയാന്‍ ഉറ്റുനോക്കുകയാണ് സംസ്ഥാനം. നിലവിലെ എസ്സിഇആര്‍ടി പുസ്തകം തന്നെ കുട്ടികളെ പഠിപ്പിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പി എം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട കരാറുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ട് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍. ഫണ്ടുകള്‍ നല്‍കുന്നതിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ഉപാധികള്‍ വെക്കാന്‍ പാടില്ല. അടിയന്തരമായി തീരുമാനം എടുക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി ദിനാഘോഷം

ഇരിട്ടി:എടക്കാനം ദേശീയ വായനശാല & ഗ്രന്ഥാലയത്തിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ എടക്കാനം എല്‍ പി സ്‌ക്കൂളിന്റെ സഹകരണത്തോടെ സ്‌ക്കൂള്‍ പരിസരത്ത് വെച്ച് നടത്തി.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ധനിഷ പി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജിതേഷ് അദ്ധ്യക്ഷത വഹിച ചടങ്ങില്‍ രജ്ഞിത്ത് മാസ്റ്റര്‍, വായനശാല സെക്രട്ടറി ശശിധരന്‍ ചാലില്‍, വായനശാല വൈസ് പ്രസിഡണ്ട് പ്രശാന്ത് കുമാര്‍ വി, വായനശാല എക്‌സികുട്ടീവ് അംഗം പ്രഭാകരന്‍ പി, ടി വി ഉമ ടീച്ചര്‍ , കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.കണ്ണവം കൈച്ചേരിയില്‍ വാടകയ്ക് താമസിക്കുന്ന ചെക്കിലാട്ട് കുന്നുമ്മല്‍ കെ.അജല്‍ ആണ് മരിച്ചത്.കൈച്ചേരിയില്‍ കഴിഞ്ഞ മാസം 31നാണ് അപകടം ഉണ്ടായത്

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ കണ്ണൂര്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.

മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴക്ക് സാധ്യത. ജൂണ്‍ എട്ട് വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ശക്തമായ മഴയാണ് ലഭിച്ചത്.

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

എസ്എഫ്ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ മകള്‍ വീണ ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കും. പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ കഴിഞ്ഞ തവണ ഇ ഡി റെയ്ഡ് നടത്തിയപ്പോള്‍ സിപിഐഎം ശക്തമായ പ്രതിഷേധവും ഇഡി വാഹനങ്ങള്‍ക്കെതിരെ ആക്രമണവും നടത്തിയിരുന്നു.

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്

കണ്ണൂർ: മസ്തിഷ്കമരണം സംഭവിച്ച അർജുന്റെ വൃക്കകളിലൊന്ന് സ്വീകർത്താവിലേക്ക് വിജയകരമായി മാറ്റിവെച്ചുകൊണ്ട് കണ്ണൂർ ആസ്റ്റർ മിംസ് വീണ്ടുമൊരു അതിസങ്കീർണ്ണ ജീവൻരക്ഷാ ദൗത്യം വിജയകരമായി പൂർത്തിയാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധികളോട് പോരാടുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് മസ്തിഷ്കമരണത്തെ തുടർന്ന് വിടപറഞ്ഞ 22-കാരൻ അർജുന്റെ വൃക്കയിലൂടെ പുതുജീവിതം ലഭിച്ചത്. ഒട്ടേറെ മെഡിക്കൽ വെല്ലുവിളികൾ നിറഞ്ഞ അഞ്ച് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം ദൗത്യം പൂർത്തിയാക്കിയത്. നിയമവശാൽ അവയവമാറ്റത്തിനായി സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ കെ-സോട്ടോയുടെ മൃതസഞ്ജീവനി ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്ത് അനുയോജ്യമായ വൃക്ക കാത്തിരിക്കുകയായിരുന്നു യുവാവ്.

തലച്ചോറിലുണ്ടായ ഗുരുതരമായ പരിക്കിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയ അർജുന്റെ വിയോഗത്തിനിടയിലും മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അർജുൻ ദാനം ചെയ്ത അവയവങ്ങളിൽ ഒരു വൃക്കയാണ് മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിന് ലഭിച്ചത്. അമ്മ മാത്രം തണലായുള്ള ഈ യുവാവിന് അർജുന്റെ കുടുംബത്തിന്റെ തീരുമാനം ജീവിതത്തിലേക്കുള്ള വലിയൊരു തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കണ്ണൂർ ആസ്റ്റർ മിംസിൽ വൃക്കതകരാറിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്.

ദാതാവിൽ നിന്ന് വൃക്ക പുറത്തെടുത്ത മെഡിക്കൽ സംഘം തന്നെയാണ് അവയവം സ്വീകർത്താവിലേക്ക് വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയും നിർവ്വഹിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ വൈകുന്നേരം 3 മണിയോടെയാണ് അവസാനിച്ചത്. യൂറോളജി വിഭാഗം സർജന്മാരായ ഡോ. അവിനാശ് ടി.എസ്,ഡോ. സത്യേന്ദ്രൻ നമ്പ്യാർ, ഡോ. ഗോവിന്ദ്. എസ്,, നെഫ്രോളജി വിഭാഗം ഡോക്ടർമാരായ ഡോ. ബിജോയ് ആന്റണി,ഡോ. സാരംഗ് വിജയൻ,, ഡോ. പ്രദീപ് വി.ആർ, അനസ്‌തേഷ്യ വിഭാഗം ഡോ. സുപ്രിയ രഞ്ജിത്, ഡോ. അനീഷ് ലക്ഷ്മണൻ, ഡോ. വന്ദന എന്നിവരടങ്ങുന്ന വിദഗ്ത മെഡിക്കൽ സംഘമാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാറ്റിവെച്ച വൃക്കയോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും പൂർണ്ണ ആരോഗ്യവാനായ രോഗി അടുത്ത ദിവസം തന്നെ ആശുപത്രി വിടുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.

ഏറെ സങ്കീർണ്ണവും വേഗതയേറിയതുമായ പ്രക്രിയകളുടെ ഏകോപനവും ആവശ്യമായ ഒരു ദൗത്യമായിരുന്നു ഇതെന്നും അതിനു കൂടെ നിന്ന എല്ലാവർക്കും നന്ദിയും രേഖപെടുത്തുന്നു. അതോടൊപ്പം ഉത്തരമലബാറിലെ ആദ്യ കഡാവറിക് ട്രാൻസ്പ്ലാന്റ് വിജയകരമാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ആസ്റ്റർ മിംസ് കണ്ണൂർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു. അർജുന്റെ കുടുംബത്തിന്റെ മാതൃകാപരമായ തീരുമാനവും ജീവകാരുണ്യ സംഘടനകളുടെ പിന്തുണയുമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.