മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന പ്രിയദര്‍ശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയില്‍ വീണത്.
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരന്‍ മലപ്പുറം കോഡൂര്‍ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആര്‍ജവാണ് മരിച്ചത്. ഈ മാസം 12 നാണ് പനിയും വയറിളക്കത്തെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ കോഴിക്കോട് ജില്ലയില്‍ മാത്രമായി 2 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒന്‍പത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ 135 ഓളം ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ തന്നെ 68 ഓളം കേസുകള്‍ കോഴിക്കോട് ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മാസം 13 ഓളം ഷിഗെല്ല കേസുകളാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 4 മരണങ്ങളില്‍ 3 ഉം കോഴിക്കോട് ജില്ലയില്‍ നിന്നാണ്.
പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ ഇല്ലാത്ത സ്ഥലത്ത് സ്വകാര്യ ബസും പദ്ധതിയുടെ ഭാഗമാണ്. സ്വകാര്യ ബസുടമകള്‍ക്കും പ്രയോജനകരമാകുന്ന രീതിയിലുള്ള അന്തരീക്ഷം കൂടി ഈ സര്‍ക്കാര്‍ ഒരുക്കും. കേരളത്തിന്റെ പൊതു ഗതാഗത രംഗം ഏറ്റവും മികച്ചതാക്കണം എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ മേഖലയില്‍ എതെങ്കിലും തരത്തിലുള്ള നഷ്ട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഒരു മേഖലയും തളരരുത്. എല്ലാ മേഖലകളെയും താങ്ങി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസില്‍ യാത്ര തുടങ്ങുന്നത്. ഇത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്രയെന്ന് വി ഡി സതീശന്‍ പറഞ്ഞു.
പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക്. ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മാറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പേരാവൂര്‍:തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഇരിട്ടി 4യു ഫൗണ്ടേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ സ്‌കൂള്‍ മാനേജര്‍ മാത്യു തെക്കേമുറിയും, സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുള്ള പഠനോപകരനങ്ങള്‍ സിസ്റ്റര്‍.വി സി ആന്‍സിയും ഏറ്റു വാങ്ങി. ആര്‍ച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി ഉദ്ഘാടനംനിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ആഷ ബിജു അധ്യക്ഷത വഹിച്ചു.4യു മാനേജിങ് ട്രസ്റ്റി ജെയിംസ് എന്‍ പോള്‍, ട്രസ്റ്റി ജിസ്‌ന ജോസ്,സാന്ത്വനം സ്‌പോര്‍ട്‌സ് അക്കാദമി പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട് എന്നിവര്‍ സംസാരിച്ചു.100 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദര്‍ശിനിക്ക് തുടക്കമായി. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായി. സൗജന്യ യാത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ യാത്ര ചെയ്യാം. ഞങ്ങളുടെ സര്‍ക്കാരിന്റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാം. മിച്ചം കിട്ടുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചുവെന്നും ചിട്ടി ചേരാന്‍ ഉപദേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍. അതേസമയം ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സിപിഎം പങ്കെടുത്തില്ല. സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. സൗജന്യ യാത്ര ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓര്‍ഡിനറി സര്‍വീസ് ഉള്ളത് മലപ്പുറത്താണ്. ഓര്‍ഡിനറിയും ടിടിയും ഉള്‍പ്പെടെ ആകെ 87 ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള മലപ്പുറത്ത് സര്‍വീസുകള്‍ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം.
ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ വിദ്വേഷ കമന്റ് ഇട്ട സിപിഐഎം പ്രവര്‍ത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിന് എതിരെ കലാപത്തിന് പ്രേരിപ്പിക്കല്‍ വകുപ്പ് ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തത്. കെ പി സി സി അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസെടുത്തത്.
ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം’, വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ആര്‍എസ്എസ് പരിപാടിയില്‍ അതിഥികളായി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സംഘടിപ്പിച്ച സംഘപരിവാര്‍ പരിപാടിയിലാണ് കേരള വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി ആര്‍ പ്രസാദ്, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡി മാവൂത്ത് എന്നിവര്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം.
നിപ, ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഇന്നലെയും താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചു. നിപ പ്രതിരോധത്തിനായി സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് നില വ്യാപനമുണ്ടായപ്പോഴൊക്കെ ആരോഗ്യമന്ത്രിമാര്‍ ആ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസമായി. മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല. കണ്‍ട്രോള്‍ റൂം ജനപ്രതിനിധികള്‍ അകന്ന് നില്‍ക്കേണ്ട സ്ഥലമാണെന്ന തരത്തിലുള്ള പെരുമാറ്റമുണ്ടാകുന്നു. അവരുടെ കൂടി സഹകരണം രോഗപ്രതിരോധത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്. സിസ്റ്റത്തിന്റെ തലപ്പത്തു ഇരിക്കുന്ന ആളെ ഇത്തരമൊരു ഘട്ടത്തില്‍ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല. സിസ്റ്റത്തോടുള്ള നിസ്സഹകരണമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. നിയമ വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ക്ക് കൂട്ട് നിന്നില്ല എന്നുള്ളതാണ് ആരോഗ്യ മന്ത്രി തെറ്റായി കാണുന്നത്. സുതാര്യമായ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം ലക്ഷങ്ങള്‍ തസ്തികള്‍ക്ക് മറിയുന്ന സ്ഥിതി തിരികെ കൊണ്ട് വരാനാണ് നീക്കമെന്ന് തങ്ങള്‍ സംശയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും. യാത്രയ്ക്ക് നിരക്കില്ലെങ്കിലും യാത്രക്കാര്‍ നിര്‍ബന്ധമായും കണ്ടക്ടറില്‍ നിന്ന് ‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റേണ്ടതുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളില്‍ ‘പ്രിയദര്‍ശിനി’ പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകും. യാത്രക്കാര്‍ ബസില്‍ കയറിയ ശേഷം കണ്ടക്ടറോട് വിവരം അറിയിച്ച് പൂജ്യം രൂപ രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റ് വാങ്ങണം.
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്രക്കാരുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നതിനും പദ്ധതിയുടെ ഭാഗമായി സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട സബ്‌സിഡി കണക്കാക്കുന്നതിനുമാണ് പൂജ്യം രൂപ മൂല്യമുള്ള പ്രത്യേക ടിക്കറ്റുകള്‍ നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രിയദര്‍ശിനി പദ്ധതിയിലൂടെ പൊതുഗതാഗത രംഗത്ത് സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും സഞ്ചാര സൗകര്യം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പയ്യോളി തുറയൂര്‍ പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 13-ാം വാര്‍ഡിലെ 9 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയില്‍ നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമേ കോളറ ആശങ്കയും തുടരുകയാണ്.
കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗലക്ഷണം കാണിക്കുന്നവര്‍ ആശുപത്രി നിര്‍ദേശം അനുസരിച്ച് ചികിത്സ തേടുന്നതിനൊപ്പം വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പഴകിയ ഭക്ഷ്യ പദാര്‍ത്ഥങ്ങളും മോശം വെള്ളവും പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. പയ്യോളി അടക്കം രോഗം പുതുതായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ക്ലോറിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രോഗം ബാധിച്ച് തലക്കുളത്തൂര്‍ സ്വദേശിയായ നാലരവയസുകാരി മരിക്കുകയും ചെയ്തിരുന്നു.