കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം രണ്ട് ദിവസം 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മറ്റന്നാള്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. അതേസമയം ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത നിര്‍ദ്ദേശമുള്ളത്. മലപ്പുറം, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കോടതി കസ്റ്റഡിയില്‍ നിന്ന് അനധികൃമായി പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്നവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. മെമ്മറി കാര്‍ഡ് പരിശോധനയിലെ എസ്ഐടി അന്വേഷണ ആവശ്യത്തിലാണ് പിന്മാറ്റം. നേരത്തെ ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യനും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജി വിശദമായി കേള്‍ക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്നും വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചു. പുതിയ ഹര്‍ജിയാണ് മറുപടി നല്കാന് സാവകാശം വേണമെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയെങ്കിലും ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചിട്ടുണ്ട്.
വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷി സ്ഥലത്ത് വെച്ചാണ് തൊഴിലാളിയെ ആന ആക്രമിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സിപിഎം പ്രതിഷേധം നടത്തി.
വയനാട് കോളിയാടിയിലെ ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക. നേരത്തെ സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. സ്കൂളിലെ കുട്ടികളുടെ സമ്പര്‍ക്കം വഴി രോഗലക്ഷണങ്ങള്‍ കണ്ടവരുടെ എണ്ണം 18 ആയി. ഇവരുടെ സമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും. കോളിയാടി മാര്‍ ബസേലിയോസ് സ്കൂളിലാണ് ഷിഗെല്ലെ പടര്‍ന്നത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേഷന് ചെയ്യുന്നുണ്ട്. സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവില്‍ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര സൗകര്യം ഉറപ്പെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സൗജന്യയാത്രക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായുള്ള ഈ പദ്ധതി പ്രിയദര്‍ശിനി എന്ന പേരിലാവും അറിയപ്പെടുക. വരുമാനം, പ്രായം എന്നീ ഉപാധികള്‍ ഒന്നും ഇല്ലാതെ ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലായിരിക്കും സൗജന്യ യാത്ര നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയ്ക്ക് പ്രതിമാസ നഷ്ടം 65 മുതല്‍ 70 കോടി രൂപയാണ് വരുമാന നഷ്ടം വരിക. ഒരു വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ട്ടം വരുന്നത് 800 കോടിയോളം രൂപയായിരിക്കും. ഈ തുക സര്‍ക്കാര്‍ വഹിക്കും.നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന 1500 കോടിക്ക് പുറമെ ഈ നഷ്ട്ടം സംഭവിക്കുന്ന തുകയും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് നല്‍കും.
6 മാസത്തിനകം കെഎസ്ആര്‍ടിസി വരുമാനം കൂട്ടണം. ആ ഘട്ടത്തില്‍ പദ്ധതി കുറച്ചു കൂടി വ്യാപിപ്പിക്കും.സ്റ്റേറ്റ് അറ്റോര്‍ണിയായി അനുപ് ബി നായരെ നിയമിച്ചു.കെഎസ്ആര്‍ടിസിയുടെ നില കുറച്ചുകൂടി മെച്ചപ്പെടുത്തിയതിന് ശേഷമായിരിക്കും സൗജന്യ യാത്രയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുക. മലബാര്‍ ജില്ലകളിലെ ബസ് സര്‍വീസില്‍ 28% മാത്രമേ കെഎസ്ആര്‍ടിസി ഉള്ളു. ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട് കുറവുകള്‍ക്കനുസരിച്ച് അതെല്ലാം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറ
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം ബാധിക്കില്ല.
ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും. ഇന്‍ബോര്‍ഡ് എഞ്ചിന് ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഷ്ടമുടിക്കായലിന്റെ കിഴക്കന്‍തീരങ്ങളിലും കായല്‍മുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വോര്‍ഫുകളിലും യന്ത്ര ബോട്ടുകള്‍ക്ക് ലാന്‍ഡിംഗ് സൗകര്യം നല്‍കരുതെന്നാണ് നിര്‍ദേശം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്ളോട് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടുപോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാലവര്‍ഷമമെത്തിയതോടെ മോശം കാലാവസ്ഥയും മുന്നറിയിപ്പും കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ട്രോളിങ് നിരോധനം കൂടി വരുന്നതോടെ വറുതിയിലാകും ജീവിതമെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികള്‍ പങ്കുവെയ്ക്കുന്നത്..
നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വലിയ ബോട്ടുകള്‍ ഒതുക്കി, ഹാര്‍ബര്‍ പൂട്ടും. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം ബാധിക്കില്ല.
പ്രശസ്ത സംവിധായകന് പി ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മകന് മനോജിന്റെ മരണം അദ്ദേഹത്തെ തളര്‍ത്തിയരുന്നു.
‘ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും പച്ചയായ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി.
തമിഴ് സിനിമയുടെ ഗതി മാറ്റിക്കുറിച്ച മാന്ത്രികനായിരുന്നു ഭാരതിരാജ. ഗ്രാമീണ ജീവിതത്തിന്റെ നന്മയും തനിമയും ക്രൂരതയും ഒരേപോലെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ഭാരതീരാജ, തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ ചുവരുകള്‍ക്കുള്ളില്‍ നിന്നും നാട്ടുമ്പുറങ്ങളിലെ പാടവരമ്പുകളിലേക്ക് ഇറക്കിക്കൊണ്ടുവന്നു.
തമിഴ്നാട്ടിലെ തേനിക്കടുത്തുള്ള അല്ലിനഗരത്തില്‍ പെരിയമായ തേവരുടെയും കറുത്തമ്മാളിന്റെയും മകനായാണ് 1941 ജൂലൈ 17-ന് ചിന്നസാമി എന്ന ഭാരതിരാജ ജനിച്ചത്. കുട്ടിക്കാലം മുതലേ നാടകങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നു. 1960-കളില്‍ സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. പ്രശസ്ത സംവിധായകന് പുട്ടണ്ണ കനഗലിന്റെ സഹായിയായി സിനിമാ പ്രവേശം. 1977-ല്‍ പുറത്തിറങ്ങിയ ‘പതിനാറു വയതിനിലേ’ എന്ന ആദ്യ ചിത്രം തന്നെ തമിഴ് സിനിമയിലെ വിപ്ലവമായിരുന്നു. കമല്‍ ഹാസന്, രജനീകാന്ത്, ശ്രീദേവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം റിയലിസ്റ്റിക് സിനിമകളുടെ പുതിയൊരു യുഗത്തിന് തുടക്കമിട്ടു.
ഭാരതിരാജയെ സംബന്ധിച്ചിടത്തോളം ഗ്രാമം വെറുമൊരു ലൊക്കേഷനായിരുന്നില്ല, മറിച്ച് സിനിമയിലെ ഒരു കഥാപാത്രം തന്നെയായിരുന്നു. ഇളയരാജയുടെ സംഗീതവും ഭാരതിരാജയുടെ ദൃശ്യങ്ങളും ചേര്‍ന്നപ്പോള്‍ പിറന്നത് കാലാതീതമായ ക്ലാസിക്കുകളാണ്.
ശിവാജി ഗണേശന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ മുതല്‍ മരിയാതൈ, സൈക്കോളജിക്കല്‍ ത്രില്ലറായ സിഗപ്പു റോജാക്കള്‍, പ്രണയത്തിന്റെ തീവ്രതയും ജാതിയുടെ വേലിക്കെട്ടുകളും മനോഹരമായി വരച്ചുകാട്ടിയ അലൈകള്‍ ഓയ് വതില്ലൈ, ജാതി വിവേചനത്തിനെതിരെയുള്ള ശക്തമായ പ്രഹരമായ വേദം പുതിത്, പെണ്‍ഭ്രൂണഹത്യ ചര്‍ച്ച ചെയ്ത കറുത്തമ്മ തുടങ്ങി എത്രയോ ക്ലാസിക് ചിത്രങ്ങളാണ് ഭാരതീരാജയിലൂടെ പിറന്നത്.
തമിഴിനു പുറമേ, തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ സംവിധാനം ചെയ്തു. 1978 മുതല്‍ നടനായും ഭാരതീരാജ വെള്ളിത്തിരയിലുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ മലയാള ചിത്രമായ തുടരും എന്ന ചിത്രത്തിലാണ് അവസാനം വേഷമിട്ടത്. കറുത്തമ്മയില്‍ മലേഷ്യ വാസുദേവനൊപ്പം എ ആര് റഹ്മാന്റെ സംഗീതത്തില്‍ കാട് പൊറ്റ കാട് എന്ന ഗാനവും ഭാരതീരാജ ആലപിച്ചു. ആറ് ദേശീയ പുരസ്കാരങ്ങളും ഒട്ടനവധി സംസ്ഥാന അവാര്‍ഡുകളും ഭാരതീരാജയെ തേടിയെത്തി. 2004-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 2013-ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നവകേരള യാത്രക്കിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് മുന്‍കൂര്‍ ജാമ്യം. അഞ്ച പ്രതികള്‍ക്ക് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഗണ്മാന് അനില്‍ കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമാണ് ഉത്തരവ്.
പെരുമഴയില്‍ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. നാളെ മുതല്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവില്‍ വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ മുതല്‍ എവിടെയും റെഡ്, ഓറഞ്ച് മുന്നറിയിപ്പുകള്‍ ഇല്ല. നാളെ (ജൂണ്‍ 10) വടക്കന്‍ ജില്ലകളില്‍ മാത്രമായി മഴ പരിമിതപ്പെടുമെന്നും എന്നാല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് മാത്രമായിരിക്കും നിലവിലുണ്ടാകുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. മറ്റ് ഒന്‍പത് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടായിരിക്കും.
ഷിഗെല്ല ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ നിന്ന് മാത്രം ഇന്നലെ 2117 പേര് പനിയ്ക്ക് ചികിത്സ തേടി. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.
മറ്റ് പകര്‍ച്ച വ്യാധി വ്യാപനവും ആശങ്കയാകുന്നുണ്ട്. 109 പേര്‍ക്ക് ഇന്നലെ ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കൊല്ലത്തും പത്തനംതിട്ടയിലുമായി ഇന്നലെ രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 11 പേര്‍ക്കാണ്. ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ലക്ഷണത്തോടെ 142 പേര് ചികിത്സ തേടി. ഈ മാസം ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 342 പേര്‍ക്കാണ്. ഈ മാസം രണ്ട് മരണങ്ങളും ഡെങ്കിപ്പനി മൂലം സംഭവിച്ചിട്ടുണ്ട്. ആറുമാസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 2796 പേര്‍ക്കാണ്.15 പേര് ഡെങ്കിപ്പനി മൂലം ഈ വര്‍ഷം മരിച്ചു. ആറു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് 132 പേര്‍ക്കുമാണ്.