Hivision Channel

Kerala news

ജനസേവന അദാലത്തിൽ വന്യജീവി ആക്രമണത്തിന് ഇരയായ 30 പേർക്ക് സഹായധനം അനുവദിച്ചു

-കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ ബന്ധുക്കൾക്ക് ആദ്യഗഡുവായി 5 ലക്ഷം വീതം നൽകി

ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത 30 പേരുടെ ബന്ധുക്കൾക്ക് വനം വന്യജീവി വകുപ്പിന്റെ ജനസേവന ജില്ലാതല അദാലത്തിൽ സഹായധനം അനുവദിച്ചു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണോത്തുംചാൽ വനം വകുപ്പ് ഓഫീസിൽ ടി.ഒ മോഹനൻ എംഎൽഎ നിർവഹിച്ചു.

കാട്ടുപന്നി ആക്രമണത്തിൽ മരണപ്പെട്ട
എൻ. പ്രദീപൻ, കെ. അജൽ എന്നിവരുടെ ഭാര്യമാർ ആദ്യ ഗഡു സഹായമായി 5 ലക്ഷം രൂപ വീതം എംഎൽഎയിൽ നിന്ന് സ്വീകരിച്ചു.

2025 മുതൽ ഈ വർഷം ഏപ്രിൽ വരെ ലഭിച്ച സഹായധന അപേക്ഷകളിൽ 30 കേസുകളിലാണ് തുക പാസായത്. ഇതിന്റെ ഉത്തരവ് അദാലത്തിൽ വിതരണം ചെയ്തു.

വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിച്ചു എത്രയും പെട്ടെന്ന് സഹായധനം ലഭിക്കുന്ന അദാലത്ത്
വളരെയധികം ആശ്വാസകരമാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. മരണപ്പെട്ട ആൾക്ക് പകരം ഒന്നുമാകില്ലെങ്കിലും സമയബന്ധിതമായി സഹായധനം വിതരണം ചെയ്യാൻ കഴിഞ്ഞാൽ കുടുംബക്കാർക്ക് വലിയ ആശ്വാസമാകും. ആ രീതിയിൽ സങ്കടമുള്ള ആളുടെ ഒപ്പം നിൽക്കുകയാണ് സംസ്ഥാന സർക്കാറെന്ന് ടി.ഒ മോഹനൻ എംഎൽഎ പറഞ്ഞു.

പരിപാടിയിൽ നോർത്തൺ സർക്കിൾ
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
ബി. എൻ അഞ്ജൻ കുമാർ അധ്യക്ഷത വഹിച്ചു.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിസിലി കണ്ണന്താനം, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പ്രഹ്ലാദൻ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പവിന കാരായി, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോൾ, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിശ്വനാഥൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസി ബെന്നി, ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജി, പ്രിൻസ്, കണ്ണൂർ ഡിഎഫ്ഒ കെ. സജി, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് ബോധവൽക്കരണ ക്ലാസുകൾ നടന്നു.

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിര്‍ബന്ധമല്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിര്‍ബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ/ ഡിപ്ലോമ/ മറ്റു ഭാഷ കോഴ്‌സുകള്‍ എടുത്തവര്‍ക്കും ഇനിമുതല്‍ ബിരുദ പഠനത്തിന് അവസരം. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവര്‍ക്ക് ഇനി ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്കും മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും പ്രവേശനം ലഭിക്കും.2027-28 അധ്യയന വര്‍ഷം മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

അതിതീവ്ര മഴ ;നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നുവെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതത് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ മാറിയെങ്കിലും കുട്ടനാട്ടില്‍ വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഗ്രാമീണ റോഡുകളും വെള്ളത്തിലായതോടെ ട്രാക്ടറുകളിലും ചെറുതോണികളിലും ആണ് ആളുകളുടെ യാത്ര. വെള്ളക്കെട്ടിനെ തുടര്‍ന്ന് എസി റോഡിലെ ഗതാഗതം ഭാഗികമായി നിലച്ചിരുന്നു.

ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ‘ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും’; കെ മുരളീധരന്‍

കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. അനാദരവാണ് മൃതദേഹത്തോട് കാണിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് കാര്യങ്ങള്‍ സംസാരിക്കും. ഇത്തരത്തില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ ജില്ലാഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ദൂരെ സ്ഥലത്തേക്കാണ് കൊണ്ടുപോകേണ്ടതെങ്കില്‍ എംബാം ചെയ്ത് കൊടുക്കണമെന്നാണ്. അതുപോലെ ഫ്രീസറുള്ള ആംബുലന്‍സില്‍ കൊണ്ടുപോകണമെന്നുമാണ് നിയമം. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് യാഥാര്‍ഥ്യമാണ്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായി വിളിച്ച് സംസാരിക്കും. ആശുപത്രിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. സാധാരണ ജില്ലാ കളക്ടറാണ് ഇതിന്റെ അറേഞ്ച്മെന്റ്സ് നടത്തേണ്ടത്. ജില്ലാ ഭരണകൂടമാണ് ആശുപത്രികള്‍ക്ക് നിര്‍ദേശം കൊടുക്കേണ്ടത്. അത്തരത്തില്‍ നിര്‍ദേശം ലഭിച്ചോ എന്നറിയില്ല. സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.

രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാന്‍ ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന ആവശ്യം തഹസില്‍ദാര്‍ അവഗണിച്ചെന്നാണ് ആരോപണം.
പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. അതിനുശേഷം കളക്ടറുടെ ഉത്തരവനുസരിച്ച് തഹസില്‍ദാരാണ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തത്. അനുവദിച്ച ആംബുലന്‍സില്‍ ഫ്രീസര്‍ ഇല്ലായിരുന്നു. ഇക്കാര്യം ഞങ്ങളുടെ പഞ്ചായത്ത് മെമ്പര്‍ സൂചിപ്പിച്ചിരുന്നു. അതിനെ കുറിച്ചൊന്നും പേടിക്കണ്ട. കൊണ്ടുപൊയ്‌ക്കൊള്ളു. ബാക്കി കാര്യങ്ങള്‍ താന്‍ ഏറ്റു എന്നാണ് പറഞ്ഞത്. ഫ്രീസര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ കാര്യങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാണ് പറഞ്ഞത്. വിവാദം ഒഴിവാക്കാനാണ് ആ സമയത്ത് ഒന്നും പറയാതിരുന്നത് കുടുംബം വ്യക്തമാക്കി.

ജില്ലയില്‍ രണ്ട് ക്യാമ്പുകളിലായി 35 പേര്‍

കണ്ണൂര്‍:ബുധനാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ചു കണ്ണൂര്‍ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 35 പേരാണുള്ളത്. ഇതില്‍ 19 സ്ത്രീകളും 9 പുരുഷന്മാരും 7 കുട്ടികളുമാണ്. തലശ്ശേരി താലൂക്കില്‍ തൃപ്പങ്ങോട്ടൂര്‍, കോളയാട് ഗ്രാമപഞ്ചായത്തുകളിലാണ് ക്യാമ്പുകള്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉടന്‍ നീക്കം ചെയ്യണം. സമയപരിധി നിലവിലെ 36 മണിക്കൂറില്‍ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കി. അതീവ ഗൗരവമുള്ള കേസുകളില്‍ ഉള്ളടക്കം രണ്ട് മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. നഗ്നദൃശ്യങ്ങള്‍, ഡീപ്‌ഫേക്ക് ഉള്ളടക്കം എന്നിവയില്‍ നടപടി രണ്ട് മണിക്കൂറിനകമുണ്ടാകണം. കൂടാതെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ, ടെക്സ്റ്റ് എന്നിവ വ്യക്തമായി ലേബല്‍ ചെയ്യുന്നതും നിര്‍ബന്ധമാക്കി

എഐ ഉപയോഗിച്ച് നിര്‍മിച്ച കണ്ടന്റുകള്‍ കൃത്യമായി എഐ ജനറേറ്റഡ് എന്ന് അടയാളപ്പെടുത്തമെന്നും ട്രേസബിള്‍ മെറ്റാഡാറ്റ ലഭ്യമാക്കണമെന്നുമാണ് നിര്‍ദേശം. നഗ്‌നത, മോര്‍ഫിങ്, ഫേക്ക് ചിത്രങ്ങള്‍ തുടങ്ങിയ പരാതികളില്‍ അതിവേഗം നടപടി വേണമെന്നത് പലരും ദീര്‍ഘമായി ഉന്നയിക്കുന്ന ആവശ്യമാണ്. അതീവ ഗൗരവമുള്ളതല്ലാത്ത മറ്റ് പരാതികളില്‍ 36 മണിക്കൂറുകള്‍ക്കകം തീര്‍പ്പുണ്ടാകണം. മുമ്പ് ഇത് 72 മണിക്കൂറുകളായിരുന്നു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുമുണ്ട്. നാളെ 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി മഴയെ സ്വാധീനിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റും മഴയുടെ ശക്തി വര്‍ധിപ്പിക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെ ഉച്ചവരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മഴയോടൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. അതീവ ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. സിപിഐഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്സൈസ്

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയെന്ന് വ്യക്തമാക്കി എക്സൈസ് കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.

കോട്ടയത്തും ആലപ്പുഴ എറണാകുളം അടക്കമുള്ള വിവിധ ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; ഗുരുതരാവസ്ഥയില്‍

സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.

വിഷപ്പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് രോഗികള്‍ ദിവസേന ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്.