Hivision Channel

Kerala news

പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായി കൂടോയലോചനകള്‍ നടത്തും. സര്‍ക്കാര്‍ തലത്തിലും മുന്നണിയിലും ചര്‍ച്ചകള്‍ നടത്തി മുഖ്യമന്ത്രി നിലപാട് അറിയിക്കും. ഒറ്റയ്ക്ക് നിലപാട് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി. പദ്ധതി പൂര്‍ണമായി തള്ളണോ അതോ ഉപാധികളോടെ അനുവദിക്കണോ എന്നതൊക്കെ ആലോചിച്ചു തീരുമാനിക്കും. പിഎംശ്രീയില്‍ വ്യത്യസ്തമായ വീക്ഷണങ്ങളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫില്‍ പദ്ധതിയോട് എതിര്‍പ്പ് തന്നെയാണ്. രഹസ്യമായി കറാറില്‍ ഒപ്പിട്ട് ഞങ്ങള്‍ തയ്യാറാണ് എന്ന് പറഞ്ഞത് കഴിഞ്ഞ സര്‍ക്കാരാണ് എല്‍ഡിഎഫ്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട 2000 കോടിയോളം രൂപ കിട്ടാനുണ്ട്. എസ്എസ്‌കെ ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണ്. അത് തടഞ്ഞു വച്ചിരിക്കുകയാണ്. പിഎംശ്രീയുടെ പേരില്‍ കേരളത്തിന്റെ ഫണ്ട് തടഞ്ഞുവെക്കരുതെന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും സ്വിച്ച് ഇട്ടതുപോലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന കാര്യമല്ല. കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ മാസങ്ങള്‍ എടുക്കണം. ദിവസാടിസ്ഥാനത്തില്‍ വാങ്ങുന്ന സംവിധാനം ഉണ്ടെങ്കിലും അവിടെയൊന്നും അവെയിലബിലിറ്റി ഇല്ല. അഖിലേന്ത്യാ തലത്തില്‍ തന്നെ ഉത്പാദനം കുറയുകയും ആവശ്യം കൂടുതയും ചെയ്യുമ്പോള്‍ വിതരണം കുറയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സോളാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളില്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാന്‍ സ്‌കീം ആരംഭിച്ചിട്ടുണ്ട്. കേരളം വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉത്പാദിപ്പിക്കുന്നത്. ആന്ധ്രയില്‍ അത് 86 ശതമാനമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയില്‍ സാധ്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. പ്രയാസം മനസ്സിലാക്കുന്നു. താനും സാധാരണക്കാരനായി ജീവിച്ച പൊതുപ്രവര്‍ത്തകനാണ്. പ്രയാസങ്ങള്‍ അറിയാം എന്നും മന്ത്രി പറഞ്ഞു. പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കും. അനുവദനീയമായ വിലയ്ക്ക് എവിടുന്ന് വേണമെങ്കിലും വൈദ്യുതി വാങ്ങാന്‍ വകുപ്പ് തയ്യാറാണ്. സാധ്യതകള്‍ തേടുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

പവര്‍കട്ടില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം, ഇന്ന് മുതല്‍ കറന്റ് പോകുന്ന സമയം നേരത്തെ അറിയാം

ലോഡ് ഷെഡിങ്ങില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിര്‍ദേശം. പവര്‍കട്ട് സമയം ഇന്ന് മുതല്‍ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന് നിലവില്‍ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നിരുന്നു. പവര്‍കട്ടിന് ഒന്നര മണിക്കൂര്‍ മുന്‍പ് സന്ദേശം ലഭിക്കും. ഇന്നലെ വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിന് മുകളില്‍ കുറവുണ്ടായി. അതേസമയം പ്രതിസന്ധി കുറക്കാനായി ജലവൈദ്യുതി ഉല്‍പാദനം കൂട്ടി.

സൗജന്യ മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിട്ടി:പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ചടിച്ചിക്കുണ്ടം ഉന്നതിയില്‍ DDUaky പദ്ധതിയുടെ ഭാഗമായി 18നും 35 നും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യ മൊബിലൈസേഷന്‍ കോഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് വി വി രാജീവ് അധ്യക്ഷത വഹിച്ചു .ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി രാമചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി തങ്കമണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് പി വി ,ശൈല, ബ്ലോക്ക് കോഡിനേറ്റര്‍ ശ്രീമിന പി,ആനിമേറ്റര്‍ അനുഷ സുനില്‍ ,എസ് ടി പ്രമോട്ടര്‍ സമൃത മോഹനന്‍,ഗ്രാമപഞ്ചായത്ത് അംഗം കെ കെ പ്രഭാകരന്‍ ,സിഡിഎസ് മെമ്പര്‍ ഷീബ ടിവി എന്നിവര്‍ സംസാരിച്ചു.ജില്ലാ മിഷന്‍ ഡി പി എം ജുബിന്‍ പി ക്ലാസെടുത്തു

സംസ്ഥാനത്ത് ഇന്നും വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ ഇന്ന് സംസ്ഥാനത്ത് വൈകുന്നേരം 6.45 മുതല്‍ രാത്രി 12.45 മണി വരെ ഉള്ള പീക് സമയങ്ങളില്‍ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

പി എസ് സി ക്രമക്കേട്: ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ച; വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച്

പി എസ് സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി എസ് സി നടപടിയെടുത്തില്ലെന്നും എസ്‌ഐടി കണ്ടെത്തി.

മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണല്‍ സെക്രട്ടറി ഹരി എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്‌ഐടിയുടെ ശുപാര്‍ശ. ഇതുസംബന്ധിച്ച് ഡിജിപി വഴി സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാര്‍ കത്ത് പി എസ് സിക്ക് കൈമാറും. പരീക്ഷയില്‍ 9 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഈ ഉദ്യോഗസ്ഥരുടെ വീഴചയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മൂല്യനിര്‍ണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥര്‍ ആയിരുന്നു. എന്നാല്‍, സാങ്കേതിക പിഴവ് മൂലമാണ് മൂല്യനിര്‍ണയം നടത്താതെ പോയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണ്.

പി എം ശ്രീയില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മുഖ്യമന്ത്രി

പി എം ശ്രീ വിഷയത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍. കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷനിലും കേന്ദ്ര ഇടപെടല്‍ തടയുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ റിസള്‍ട്ട് ആറുമാസത്തിനകം കാണാന്‍ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഓണക്കാലത്തെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ യോഗത്തില്‍ സര്‍ക്കാരിന് അഭിനന്ദനം ലഭിച്ചു. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം എത്രയും പെട്ടന്ന് ഉണ്ടാകുമെന്നും കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഈ ആഴ്ച കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികളുടെ ലിസ്റ്റ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ തീരുമാനമായി. നിയമവശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനം മതി എന്നാണ് നേതാക്കളുടെ അഭിപ്രായം. സങ്കീര്‍ണമായ വിഷയമാണ് ഇതെന്ന് സണ്ണി ജോസഫ് അറിയിച്ചു. ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് കയ്യാങ്കള്ളിയില്‍ അന്വേഷണ റിപ്പോര്‍ട്ട് KPCC പ്രസിഡന്റിന് കൈമാറി.

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്

കനത്ത ചൂടില്‍ ജനങ്ങളെ വലച്ച് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ രാത്രിയിലും കറന്റ് പോയത് പല തവണ. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുന്‍ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി.

വൈദ്യുതി നിയന്ത്രണം, മുന്നറിയിപ്പ് നല്‍കിയ ശേഷമെന്ന മന്ത്രി സണ്ണി ജോസഫിന്റെ വാഗ്ദാനം ഇന്നലെയും പാഴായി. ദൈനംദിന ജീവിതത്തിന്റെ ക്രമം താളം തെറ്റിയെന്ന് സാധാരണക്കാരുടെ വിലാപം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ വൈദ്യുതി മുടങ്ങുന്നത് ചിലയിടങ്ങളില്‍ മാത്രമാണെന്നാണ് മന്ത്രിയുടെ മറുപടി.

ഈ മാസം മുഴുവനും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ ആളുകള്‍ കുറച്ച് നിയന്ത്രണം വരുത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. നാളെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

മറ്റന്നാളും നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. പതിമൂന്നാം തീയതി മുതല്‍ വീണ്ടും മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ അടക്കം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുട, സണ്‍ ഗ്ലാസ്, അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കണം. നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണമെന്ന് മുന്നറിയിപ്പ്.

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ മാതാപിതാവിന്റെ നിര്‍ബന്ധിത സമ്മതവും ഇ-കെവൈസി ഉള്‍പ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നാണ് ആവശ്യം. ഓണ്‍ലൈന്‍ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബര്‍ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഐടി ചട്ടങ്ങളില്‍ ഭേദഗതിയോ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളോ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.